അവധിക്കാല ക്ലാസുകൾ വേണ്ടെന്ന സർക്കാർ ഉത്തരവിനുളള സ്റ്റേ നീട്ടാതെ ഹൈക്കോടതി. കുട്ടികൾ അവധിക്കാലം ആസ്വദിക്കട്ടെ എന്നായിരുന്നു ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. അവധിക്കാലത്ത് ക്ലാസുകൾ വേണ്ടെന്ന പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ചോദ്യം ചെയ്ത് സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. വിഷയം ഡിവിഷൻ ബെഞ്ചിന് റഫർ ചെയ്തു.
അവധിക്കാല ക്ലാസുകൾ വേണ്ടെന്ന സർക്കാർ ഉത്തരവ് നേരത്തെ ജസ്റ്റിസ് എ ബദറുദിന്റെ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. സംസ്ഥാനത്തെ വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച് മേയ് നാലിനാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കിയത്. സിബിഎസ്ഇ അടക്കം എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും നിരോധനം ബാധകമാക്കിക്കൊണ്ടായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. വേനലവധിക്ക് കുട്ടികളെ പഠനത്തിനും ഇതര ക്യാമ്പുകൾക്കും നിർബന്ധിക്കരുത്.
സ്കൂളുകൾ മാർച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തിൽ അടയ്ക്കണം. ജൂൺ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ തുറക്കുകയും വേണം. കുട്ടികളെ അവധിക്കാലത്ത് നിർബന്ധിച്ച് ക്ലാസുകളിലിരുത്തുന്നത് മാനസിക സമ്മർദത്തിന് കാരണമാകുമെന്നും വേനൽ ചൂട് മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
English Summary;Vacation classes: High Court does not extend stay
You may also like this video
