Site iconSite icon Janayugom Online

വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി സ്മാരക പുരസ്കാരം ആനിരാജയ്ക്ക്

സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനത്തിന്റെ പോരാളിയുമായിരുന്ന വടക്കില്ലം ഗോവിന്ദൻ നമ്പൂതിരിയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് ഈ വര്‍ഷം ആനി രാജ അര്‍ഹയായതായി ജൂറി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊതുരംഗത്ത് ശ്രദ്ധേയ സംഭാവന നല്‍കിയ വ്യക്തിയെന്ന നിലയിലാണ് സി പി ഐ ദേശീയ എക്സിക്യൂട്ടീവംഗമായ ആനിരാജയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. 25000 രൂപയും പ്രശസ്ത ശിൽപി കെ കെ ആർ വെങ്ങര രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നവംബർ രണ്ടാം വാരത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.

വേദപണ്ഡിതനായ ശങ്കരൻ നമ്പൂതിരിയുടെയും ദേവകി അന്തർജ്ജനത്തിന്റെയും മകനായി 1915 ൽ പുറച്ചേരിയിൽ ജനിച്ച വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി കോൺഗ്രസ്സിലൂടെ പൊതുപ്രവർത്തനം ആരംഭിച്ചു. തുടർന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി. 1964 ൽ പാർട്ടി പിളർപ്പിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉറച്ചു നിന്നു. അധികാരത്തിന്റെ ഭാഗമാകാതെ ആശയപ്രചരണരംഗത്ത് പ്രവർത്തിച്ചു. കൃഷിക്കാരൻ വാരികയുടെയും തുടർന്ന് നവയുഗം വാരികയുടെയും സംസ്ഥാന ഓർഗനൈസറായും പ്രവർത്തിച്ചു. ആശയരംഗത്തെ പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. പാർട്ടിയുടെ ചലിക്കുന്ന യന്ത്രം എന്നാണ് കേരളീയൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. നവയുഗം നമ്പൂതിരി എന്ന പേരിലാണ് വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി അറിയപ്പെട്ടിരുന്നത്. 1994 ൽ ഒക്ടോബർ 15നാണ് അദ്ദേഹം അന്തരിച്ചത്. വാർത്താ സമ്മേളനത്തിൽ ജൂറി അംഗം വി ആയിഷ ബീവി, മാധവൻ പുറച്ചേരി, വി ഇ പരമേശ്വരൻ നമ്പൂതിരി പങ്കെടുത്തു.

Eng­lish Sum­ma­ry: Vadakil­lam Govin­dan Nam­boothiri Memo­r­i­al Award to annie raja
You may also like this video

Exit mobile version