ദക്ഷിണാഫ്രിക്കയ്ക്കെതിരായ അണ്ടര്‍ 19 യൂത്ത് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. അവസാന മത്സരത്തില്‍ 233 റണ്‍സിന്റെ ആധികാരിക ജയമാണ് ഇന്ത്യന്‍ യുവനിര സ്വന്തമാക്കിയത്. ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയുടെയും മലയാളി താരം ആരോൺ ജോർജിന്റെയും വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 393 റൺസ് അടിച്ചുകൂട്ടി. ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ വൈഭവും ആരോണ്‍ ജോര്‍ജും തകർപ്പൻ തുടക്കമാണ് നൽകിയത്. നേരിട്ട ആദ്യ പന്ത് മുതൽ തകര്‍ത്തടിച്ച വൈഭവ് വെറും 24 പന്തിൽ അർധസെഞ്ചുറിയും 63 പന്തിൽ സെഞ്ചുറിയും തികച്ചു. 74 പന്തിൽ 127 റൺസെടുത്ത (9 ഫോർ, 10 സിക്സ്) വൈഭവ് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. വൈഭവിന് മികച്ച പിന്തുണ നൽകിയ മലയാളി താരം ആരോൺ ജോർജ് 106 പന്തിൽ 118 റൺസ് നേടി. 32 പന്തിൽ അര്‍ധസെഞ്ചുറിയും 85 പന്തിൽ സെഞ്ചുറിയും കടന്ന ആരോണ്‍ 16 ബൗണ്ടറികൾ അടിച്ചുകൂട്ടി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 227 റൺസിന്റെ റെക്കോഡ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ആരോൺ ജോർജിന് പുറമെ മറ്റൊരു മലയാളി താരം മുഹമ്മദ് ഇനാനും ബാറ്റിങ്ങിൽ തിളങ്ങി. വാലറ്റത്ത് 19 പന്തിൽ 28 റൺസുമായി ഇനാൻ പുറത്താകാതെ നിന്നു. ഹെനിൽ പട്ടേൽ 19 റൺസെടുത്തു. മറ്റ് താരങ്ങളായ വേദാന്ത് ത്രിവേദി (34), അഭിഗ്യാൻ കണ്ഡു (21) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 35 ഓവറില്‍ ഓള്‍ഔട്ടായി. ബാറ്റിങ് പോലെ ബൗളിങ്ങിലും ഇന്ത്യ തീപാറിച്ചപ്പോള്‍ മുന്‍നിരയില്‍ ആദ്യ നാല് ബാറ്റര്‍മാരും രണ്ടക്കം കാണാതെയാണ് പുറത്തായത്. 49 പന്തില്‍ 41 റണ്‍സെടുത്ത പോള്‍ ജെയിംസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഡാനിയല്‍ ബോസ്‌മാന്‍ (40), കോര്‍ണി ബോത്ത (36) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കിഷന്‍ കുമാര്‍ സിങ് മൂന്നും മൊഹമ്മദ് ഇനാന്‍ രണ്ട് വിക്കറ്റുമായും തിളങ്ങി.
വൈഭവ്,ആരോണ്‍ പൂരം; അണ്ടര്‍ 19 യൂത്ത് ഏകദിനത്തില്‍ പരമ്പര തൂത്തുവാരി ഇന്ത്യ

