എലത്തൂരിൽ യുവതിയെ വർക്ക് ഷോപ്പിനുള്ളിൽ കൊലപ്പെടുത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട യുവതി കല്ലായിയിലുള്ള സൈക്യാട്രിക് കൗൺസിലർക്ക് വാട്സാപ്പ് സന്ദേശമയച്ചിരുന്നുവെന്ന് കണ്ടെത്തൽ. കൊല്ലപ്പെടുന്ന ദിവസം രാവിലെ 9.20ന് യുവതിയുടെ വാട്സാപ്പ് സന്ദേശം ലഭിച്ചിരുന്നുവെന്നും എന്നാൽ, മണിക്കൂറുകൾക്ക് ശേഷമാണ് മെസേജ് തുറന്നു നോക്കിയിരുന്നതെന്നും കൗൺസിലർ പറഞ്ഞു. 16 വയസുമുതൽ വൈശാഖൻ തന്നെ പീഡിപ്പിക്കുകയാണെന്നും എന്നാൽ, കഴിഞ്ഞ ഒരു മാസമായി താൻ ഇയാളിൽ നിന്ന് അകലാൻ ശ്രമിക്കുന്നുണ്ടെന്നും ഇതിന്റെ പേരിൽ വൈശാഖൻ തന്നെ കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്നും അങ്ങിനെ സംഭവിച്ചാൽ ഉത്തരവാദി വൈശാഖൻ തന്നെയാണെന്നുമാണ് വാട്സാപ്പ് സന്ദേശം. പരസ്പരം അടുപ്പത്തിലായിരുന്ന ഇരുവരും തമ്മിൽ അകൽച്ച തുടങ്ങിയതോടെ ഇവർ കല്ലായിയിലെ സൈക്യാട്രിക് കൗൺസിലറുടെ സഹായം തേടിയിരുന്നു. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി കൗൺസിലർക്ക് വാട്സാപ്പ് സന്ദേശമയച്ചത്. നേരത്തെ യുവതിയുടെ ഡയറി പരിശോധിച്ചപ്പോഴും വൈശാഖനിൽ നിന്ന് നേരിടുന്ന ലൈംഗികാതിക്രമം സംബന്ധിച്ച സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വൈശാഖന്റെ വർക്ക് ഷോപ്പിൽ വെച്ച് കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം ഭാര്യയുടെ സാന്നിദ്ധ്യത്തിൽ കാറിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യം കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ജ്യൂസിൽ ഉറക്ക ഗുളിക കലർത്തി നൽകിയ ശേഷം യുവതിയുടെ കഴുത്തിൽ കുരുക്കിടുകയും ഇതിനിടയിൽ യുവതി കയറി നിന്ന സ്റ്റൂൾ തട്ടിമാറ്റി കൊല നടത്തിയെന്നാണ് കേസ്. 29 വയസുളള യുവതി പ്രതിയുടെ ഭാര്യയുടെ ബന്ധു കൂടിയാണ്. കേസിൽ റിമാൻഡിലായിരുന്ന വൈശാഖൻ നിലവിൽ എലത്തൂർ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. കൊലപ്പെടുത്തിയത് താൻ തന്നെയെന്നും കുറ്റബോധം ഉണ്ടെന്നും കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ പ്രതി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിച്ച പ്രതി വൈശാഖനെ വീണ്ടും ചോദ്യം ചെയ്ത ശേഷമായിരുന്നു പൊലീസ് തെളിവെടുപ്പ് നടപടികളിലേക്ക് കടന്നത്.

