Site iconSite icon Janayugom Online

‘വല’ യുടെ പോസ്റ്റർ പുറത്തിറക്കി; സ്റ്റീഫൻ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന ലുക്കിൽ ജഗതി ശ്രീകുമാർ

അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട്ടായി ജനലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാർ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷത്തിൽ എത്താനൊരുങ്ങുന്നു. 2012‑ൽ ഉണ്ടായ അപകടത്തെ തുടർന്ന് സിനിമകളിൽ സജീവമല്ലാത്ത അദ്ദേഹം ‘വല’ എന്ന സിനിമയിലെ ‘പ്രൊഫസർ അമ്പിളി’ എന്ന മുഴുനീള വേഷത്തിലൂടെയാണ് തിരിച്ചുവരവിനൊരുങ്ങുന്നത്. അദ്ദേഹത്തിന്റെ 73-ാം പിറന്നാള്‍ ദിനത്തിൽ സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ‘വല’ അണിയറപ്രവർത്തകര്‍.

വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് അദ്ദേഹം ചിത്രത്തിൽ എത്തുന്നതെന്ന് പോസ്റ്റർ സമർത്ഥിക്കുന്നു. പ്രൊഫസർ അമ്പിളി അഥവാ അങ്കിള്‍ ലൂണാർ എന്നാണ് ചിത്രത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. ‘ഗഗനചാരി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലൂടെ ശ്രദ്ധേയനായ യുവ സംവിധായകന്‍ അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമാണ് വല. ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം ഗഗനചാരിയിലെ അനാര്‍ക്കലി മരിക്കാര്‍, കെ ബി ഗണേശ്കുമാര്‍, ജോണ്‍ കൈപ്പള്ളില്‍, അർജുൻ നന്ദകുമാർ എന്നിവരും വലയില്‍ ഭാഗമാണ്. 

സുരേഷ് ഗോപിയുടെ മക്കളായ . ഗോകുല്‍ സുരേഷും മാധവ് സുരേഷും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. അണ്ടർഡോഗ്സ് എന്റർടെയ്ൻമെന്റ്സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ലെറ്റേഴ്‌സ് എന്റർടെയ്ൻമെന്റ്‌സാണ് . ടെയ്‌ലര്‍ ഡര്‍ഡനും അരുണ്‍ ചിന്തുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സുര്‍ജിത് എസ് പൈ, സംഗീതം ശങ്കര്‍ ശര്‍മ്മ, എഡിറ്റിംഗ് സിജെ അച്ചു, മേക്കപ്പ് ആര്‍ജി വയനാടന്‍, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോണ്‍, വിഎഫ്എക്സ് മേരാക്കി, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എഎസ് സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. ഫൈനല്‍ മിക്സ് വിഷ്ണു സുജാതന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ വിനീഷ് നകുലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, പിആർഒ ആതിര ദിൽജിത്ത്.

Exit mobile version