Site iconSite icon Janayugom Online

സിബിഐ, ഇഡി മേധാവികളുടെ കാലാവധി അഞ്ച് വർഷമാക്കി കേന്ദ്രം

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മേധാവികളുടെ കാലാവധി അഞ്ചു വർഷമായി ഉയർത്തി കേന്ദ്ര സർക്കാർ. നേരത്തെ കേന്ദ്ര അന്വേഷണ ഏജൻസി മേധാവികളുടെ സേവന കാലപരിധി രണ്ട് വർഷമായിരുന്നു. കാലാവധി ഉയർത്തുവാൻ കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ രണ്ടുവർഷ കാലാവധി തീരുന്നമുറയ്ക്ക്, ഓരോ വർഷവും സേവന കാലാവധി നീട്ടി നൽകാം. 

ഇഡി ഡയറക്ടറായ എസ് കെ മിശ്ര വിരമിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെയാണ് കേന്ദ്രത്തിന്റെ ഈ നടപടിയെന്നത് ശ്രദ്ധേയമാണ്. എസ് കെ മിശ്രയുടെ സേവനസമയം നീട്ടുന്നതുമായി ബന്ധപ്പെട്ട കേസിൽ, അപൂർവവും അസാധാരണവുമായ സന്ദർഭങ്ങളിൽ മാത്രമെ ഇത്തരത്തിൽ ചെയ്യാവൂ എന്ന് അടുത്തിടെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബുധനാഴ്ചയാണ് മിശ്രയുടെ രണ്ടുവർഷത്തെ സേവനം അവസാനിക്കുക. 

ഓർഡിനൻസ് വന്നതോടെ ഇഡി ഡയറക്ടർ എസ് കെ മിശ്ര, സിബിഐ ഡയറക്ടർ സുബോധ് കുമാർ ജയ്സ്വാൾ എന്നിവർക്കു കൂടുതൽ കാലം പദവിയിൽ തുടരാനായേക്കും. കേന്ദ്ര നടപടിക്കെതിരെ വലിയ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. ഞെട്ടിപ്പിക്കുന്നതും വഞ്ചനാപരവുമായ തീരുമാനമാണിതെന്നാണ് ഓർഡിനൻസിനെക്കുറിച്ച് അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്. കേന്ദ്ര ഏജൻസികളുടെ സ്വാതന്ത്ര്യം വീണ്ടും തകിടംമറിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു. 

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാർ പ്രതിപക്ഷ പാർട്ടികളെയും അവരുടെ സർക്കാരുകളെയും ലക്ഷ്യമിടുകയാണെന്നു നേരത്തെതന്നെ നേതാക്കൾ വിമർശനമുന്നയിച്ചിരുന്നു. എസ് കെ മിശ്ര അധികാരത്തിലിരുന്നപ്പോഴാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള ഇഡിയുടെ വേട്ടയാടൽ കൂടുതൽ നടന്നതെന്നതും ശ്രദ്ധേയമാണ്. 

Eng­lish Sum­ma­ry : Valid­i­ty for CBI and ED Chiefs extend­ed to 5 year

You may also like this video :

Exit mobile version