Site icon Janayugom Online

വള്ളികുന്നം അമൃത ഹയർ സെക്കൻഡറി 
സ്കൂളിന് സംസ്ഥാന കർഷക അവാർഡ്

സ്ഥാപനാധിഷ്ഠിത ജൈവപച്ചക്കറിക്കൃഷി നടത്തി ജീവശാസ്ത്രപാഠങ്ങൾ കുട്ടികൾക്ക് നേരിൽ കണ്ടും അനുഭവിച്ചറിഞ്ഞും പഠിക്കാൻ അവസരമൊരുക്കിയ വള്ളികുന്നം അമൃത ഹയർ സെക്കൻഡറി സ്കൂളിന് സംസ്ഥാന കർഷക അവാർഡ്. പച്ചക്കറിക്കൃഷി നടത്തുന്ന സംസ്ഥാനത്തെ മികച്ച വിദ്യാഭ്യാസസ്ഥാപനത്തിനുള്ള മൂന്നാംസ്ഥാനമാണു ലഭിച്ചത്. 25,000 രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് അവാർഡ്.

സ്കൂളിനു സമീപം ഒരേക്കർ പുരയിടം പാട്ടത്തിനെടുത്ത് അധ്യാപകനായ ആർ രഘുനാഥിന്റെ നേതൃത്വത്തിലാണ് കൃഷിനടത്തുന്നത്. തക്കാളി, വെണ്ട, പാവൽ, പടവലം, വഴുതന, പച്ചമുളക്, ചീര, ചതുരപ്പയർ, നിത്യവഴുതന, കോവൽ, വാളരിപ്പയർ, ബീൻസ്, അമരപ്പയർ, കറിവേപ്പ്, ഓമ, പാഷൻഫ്രൂട്ട്, വാഴ തുടങ്ങിയവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണത്തിനാണ് പച്ചക്കറികൾ ഉപയോഗിക്കുന്നത്. പൂർണമായും ജൈവവളങ്ങളും ജൈവകീടനാശിനികളും ഉപയോഗിച്ചാണ് കൃഷി.

സസ്യങ്ങളുമായി ബന്ധപ്പെട്ട പരാഗണം, വിവിധ കൃഷികളെ ബാധിക്കുന്ന രോഗങ്ങൾ തുടങ്ങിയ ജീവശാസ്ത്രപാഠഭാഗങ്ങൾ അധ്യാപകർ വിദ്യാർഥികളെ കൃഷിസ്ഥലത്തെത്തിച്ച് നേരിൽ കാണിച്ച് ബോധ്യപ്പെടുത്തിയാണ് പഠിപ്പിച്ചിരുന്നത്. കൃഷിപരിപാലനം നടത്തുന്നതും സ്കൂളിലെ കുട്ടികൾ തന്നെയാണ്. കാർഷികപ്രവർത്തനങ്ങൾ രജിസ്റ്ററിൽ യഥാസമയം രേഖപ്പെടുത്തുന്നതും കുട്ടികളാണ്. എല്ലാവർഷവും കൃഷിയിറക്കും വിളവെടുപ്പും ഉത്സവമായാണ് ഇവിടെ ആഘോഷിക്കുന്നത്.

Eng­lish Sum­ma­ry: Val­likun­nam Amri­ta High­er Sec­ondary School State Farmer Award

Exit mobile version