Site iconSite icon Janayugom Online

വനാമി ചെമ്മീനുകളുടെ വരവ് കുറഞ്ഞു; സംസ്കരണ മേഖല പ്രതിസന്ധിയിൽ

prawnsprawns

വനാമി ചെമ്മീനുകളുടെ വരവ് കുറഞ്ഞതോടെ മത്സ്യ സംസ്കരണ-കയറ്റുമതി മേഖല പ്രതിസന്ധിയിൽ. ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് വനാമി ചെമ്മീൻ കൂടുതലായി എത്തിയിരുന്നത്. അവിടത്തെ പാടങ്ങളിൽ ചെമ്മീൻകൃഷി ചെയ്യുന്നത് ഇടക്കാലത്തു നിർത്തിയതാണ് വരവു കുറയാൻ കാരണം.
കടലിൽനിന്നു ലഭിക്കുന്ന പൂവാലൻ, കരിക്കാടി ചെമ്മീനുകളാണ് നിലവിൽ പീലിങ് ഷെഡുകളിൽ പൊളിക്കുന്നത്. അത് നാമമാത്രമാണ്. സംസ്ഥാനത്ത് വനാമി കൃഷി സംരംഭങ്ങൾ കുറഞ്ഞതും തിരിച്ചടിയായി. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും ഉയർന്ന പ്രാരംഭ മുതൽമുടക്ക് ആവശ്യമാണെന്നതും കർഷകരുടെ അവബോധക്കുറവും ഇതിനുള്ള കാരണങ്ങളായെന്നാണ് ഈ രംഗത്തുള്ളവർ വ്യക്തമാക്കുന്നത്. 

രോഗാണുവിമുക്ത വിത്ത് വിത്തുൽപ്പാദനകേന്ദ്രങ്ങളില്ലാത്തതും സ്ഥിതി പ്രതികൂലമാക്കി. കയറ്റുമതിയിലൂടെ രാജ്യത്തിനു കോടിക്കണക്കിനു രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന മത്സ്യ സംസ്കരണ-കയറ്റുമതി കോവിഡിന് ശേഷം നിലനിൽപ്പിനായി പൊരുതുകയാണ്. കടൽ മത്സ്യങ്ങളുടെ ലഭ്യതകുറവും തൊഴിലില്ലായ്മയും കൂടി. തെറ്റായ കേന്ദ്രനയങ്ങളും കയറ്റുമതി രംഗത്തെ കിടമത്സരങ്ങളും തകർച്ചക്ക് കൂടുതൽ ആക്കം കൂട്ടി. കോടികളുടെ വരുമാനം നേടിത്തന്നിരുന്ന മേഖലക്ക് ഇന്ന് നഷ്ടങ്ങളുടെ കണക്കുകളാണ് പറയാനുള്ളത്. 

പീലിങ് മേഖലയുടെ ഈറ്റില്ലവും കൊച്ചിയുടെ ഉപഗ്രഹ നഗരവുമായ അരൂരിൽ പലസ്ഥാപനങ്ങളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അനുബന്ധ മേഖലകളായ ഐസ് പ്ലാന്റുകൾ, കർട്ടൻ കമ്പനികൾ, പോളിത്തീൻ കവർ നിർമ്മാണ ശാലകൾ എന്നിവിടങ്ങളിലും തൊഴിലില്ലാത്ത അവസ്ഥയാണ്. ആലപ്പുഴയിൽ 600 പീലിങ് ഷെഡുകളും 40 കയറ്റുമതി സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. അതിൽ 80 ശതമാനവും അരൂരിലാണ്. ജലകൃഷിമേഖലയിലേക്ക് അടുത്തകാലത്ത് കടന്നുവന്ന വനാമി ചെമ്മീന്റെ സ്വദേശം മെക്സിക്കോമുതൽ പെറുവരെയുള്ള കിഴക്കൻ ശാന്തസമുദ്ര പ്രദേശങ്ങളാണ്. ചൈനയാണ് വനാമി കൃഷിയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യം. തായ്‌ലാൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം, ബ്രസീൽ, ഇക്വഡോർ, മെക്സിക്കോ, വെനസ്വേല, മലേഷ്യ, തായ്‌വാൻ, പെറു, കംബോഡിയ, പനാമ, യുഎസ്എ എന്നിവയാണ് മറ്റ് പ്രധാന രാജ്യങ്ങൾ. 

Eng­lish Sum­ma­ry: Vana­mi prawns arrivals have declined; The pro­cess­ing sec­tor is in crisis

You may also like this video

Exit mobile version