ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ അധികം രേഖപ്പെടുത്താതെ പോയ വിപ്ലവ പോരാട്ടങ്ങളിൽ പ്രധാനപ്പെട്ടതാണ് തിരുനെൽവേലി കളക്ടറെ 1911ജൂൺ 11ന് വെടിവച്ച് കൊന്ന സംഭവം.
സ്വാതന്ത്ര്യ സമരത്തോട് പുച്ഛഭാവം പുലർത്തിയ ബ്രിട്ടീഷുകാരനായ റോബർട്ട് വില്യം ആഷേ എന്ന ഈ കളക്ടറെ തൂത്തുക്കുടി മണിയാച്ചി റയിവേ സ്റ്റേഷനിൽ വച്ചാണ് വഞ്ചിനാഥൻ എന്ന വിപ്ലവകാരി വെടിവച്ചത്. തൽക്ഷണം കളക്ടർ പിടഞ്ഞു വീണ് മരിച്ചു. ഒട്ടും താമസിക്കാതെ അതേ തോക്ക് ഉപയോഗിച്ച് വഞ്ചിനാഥനും സ്വയം വെടിവച്ച് രക്തസാക്ഷിയായി.
അന്ന് ഈ ധീരവിപ്ലവകാരിക്ക് 25 വയസായിരുന്നു. പുനലൂർ ഫോറസ്റ്റ് ഓഫീസിൽ ജീവനക്കാരനായിരുന്നു. തിരുവിതാംകൂറിൽപ്പെട്ട ചെങ്കോട്ടയിൽ രഘുനാഥ അയ്യരുടെയും രുഗ്മിണി അമ്മാളിന്റെയും മകനായി 1886ൽ ജനിച്ചു. പഠിത്തത്തിൽ മിടുക്കനായിരുന്നു. തിരുവനന്തപുരം മഹാരാജാസ് കോളജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ്) നിന്ന് ബിരുദാനന്തര ബിരുദം നേടി. സർക്കാർ സർവീസിൽ ജോലി നേടി. പഠിക്കുമ്പോൾ തന്നെ പൊന്നമ്മാളിനെ വിവാഹം കഴിച്ചു. ബംഗാളിൽ നിന്നും ഉയർന്ന് വന്ന ദേശീയ പ്രസ്ഥാനങ്ങളിലെ വിപ്ലവകാരികളിൽ നിന്നും ആവേശം ഉൾക്കൊണ്ടാണ് വഞ്ചിനാഥ അയ്യർ തീവ്ര ചിന്താഗതിക്കാരനായത്.