Site iconSite icon Janayugom Online

വണ്ടല്ലൂർ മൃഗശാലയിൽ സിംഹത്തെ കാണാനില്ല; ഡ്രോണുകള്‍ ഉപയോഗിച്ച് തിരച്ചില്‍ തുടരുന്നു

വണ്ടല്ലൂര്‍ മൃഗശാലയില്‍ സിംഹത്തെ കാണാനില്ല. സഫാരി മേഖലയിലേക്ക് തുറന്നുവിട്ട ആറു വയസുള്ള സിംഹത്തിനെയാണ് കാണാതായത്. മൃഗശാലയുടെ വിവിധ ഭാഗങ്ങളില്‍ ഡ്രോണുകളും തെര്‍മല്‍ ഇമേജിങ് ക്യാമറകളും ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സഫാരി മേഖലയിലേക്ക് തുറന്നുവിട്ട ആറു വയസുള്ള സിംഹത്തിനായി കഴിഞ്ഞ നാല് ദിവസങ്ങളായി തിരച്ചില്‍ നടത്തുകയാണ്.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ ദൂരെയുള്ള അരിജ്ഞര്‍ അണ്ണാ മൃഗശാലയിലാണ് സംഭവം. സിംഹത്തെ കാണാതായതിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളിലുള്ളവര്‍ പരിഭ്രാന്തരാണ്.ബെംഗളൂരുവിലെ ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വണ്ടല്ലൂരിലേക്ക് എത്തിച്ച ഷേരു എന്ന സിംഹത്തെ വ്യാഴാഴ്ച്ച ആദ്യമായാണ് സഫാരി പാര്‍ക്കില്‍ തുറന്നുവിട്ടത്. രാത്രി ഭക്ഷണം കഴിക്കാനുള്ള സമയമാകുമ്പോഴേക്കും സിംഹം കൂട്ടിലെത്തും എന്നായിരുന്നു മൃഗശാല അധികൃതരുടെ കണക്ക് കൂട്ടലെങ്കിലും സിംഹം തിരികെ കൂട്ടിലേക്ക് തിരികെ വന്നില്ല. തുടര്‍ന്ന് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. മൃഗശാലയ്ക്കുള്ളിലെ 20 ഹെക്ടര്‍ വരുന്ന സ്വാഭാവിക വനഭൂമിയിലാണ് സഫാരി.നേരത്തെ സഫാരിക്കായി ഉപയോഗിച്ചിരുന്ന സിംഹത്തിന് പ്രായമായപ്പോളാണ് ഷേരുവിനെ തുറന്നുവിട്ടത്. പുതിയ സ്ഥലത്തെ പരിചയക്കുറവുമൂലം ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമാണെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. 15 അടി ഉയരമുള്ള ഇരുമ്പ് കമ്പിവേലി കൊണ്ട് ചുറ്റപ്പെട്ട സംരക്ഷണമുള്ളതിനാല്‍ സുരക്ഷിതമാണെന്നും സിംഹത്തിന് പുറത്തേക്ക് കടക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ലെന്നും അധികൃതര്‍ പറയുന്നു.

Exit mobile version