ഡോ. വന്ദന കൊലക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി സന്ദീപിന് കാര്യമായ മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണം. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ നടത്തിയ പരിശോധനയിലാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പ്രതിയെ മാനസികാരോഗ്യ ചികിത്സയ്‌ക്ക് വിധേയനാക്കേണ്ടി വരില്ല. ജയിലിൽ എല്ലാ ആഴ്‌ചയിലുമുള്ള പതിവ് പരിശോധനയിലാണ് സന്ദീപിനെ മാനസികാരോഗ്യ വിദഗ്‌ധൻ സന്ദർശിച്ചത്. മറ്റ് പരിശോധനകൾ ആവശ്യമില്ല എന്ന നിർദേശമാണ് ഡോക്ടർ ജയിലധികൃതർക്ക് നൽകിയിരിക്കുന്നത്.
അതേസമയം ഡോ. വന്ദനയെ അല്ല താൻ ലക്ഷ്യമിട്ടതെന്നും മറ്റൊരു പുരുഷ ഡോക്ടറെയാണെന്നും ഇയാൾ ജയിലധികൃതരോട് പറഞ്ഞു. വീടിനടുത്തുള്ളവരുമായി ചില പ്രശ്‌നങ്ങളുണ്ടായി. ഇവർ തന്നെ കൊലപ്പെടുത്തുമെന്ന് ഭയപ്പെട്ടാണ് പൊലീസിനെ വിളിച്ചത്. പൊലീസ് എത്തി തന്നെ ആശുപത്രിയിൽ എത്തിച്ചു. അവിടെ കൂടിനിന്ന ചിലർ തനിക്കിഷ്ടമല്ലാത്ത രീതിയിൽ പെരുമാറി. അവിടെയുണ്ടായിരുന്ന പുരുഷ ഡോക്ടറെ കുത്തിപ്പരിക്കേൽപ്പിക്കാൻ വേണ്ടിയാണ് കത്രികയെടുത്തത്. അവിടെ നിന്നവരെയെല്ലാം ആക്രമിക്കുകയായിരുന്നു. ഡോ. വന്ദന അതിനിടെ വന്നുപെട്ടതാണെന്നും പ്രതി ജയിലധികൃതരോട് പറഞ്ഞു.
വന്ദനയെ കൊന്നത് ഓർമയില്ലെന്നായിരുന്നു റിമാൻഡ് ചെയ്‌ത ദിവസം സന്ദീപ് ജയിലധികൃതരോട് പറഞ്ഞത്. പ്രതി സ്ഥിരം മദ്യപാനിയല്ല എന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നതായി സന്ദീപ് ജയിലധികൃതരോട് പറഞ്ഞു.
english summary; vandana murder;Doctor says that Sandeep has no mental health problem
you may also like this video;