വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടില്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.10ന് പുറപ്പെട്ട ട്രെയിന്‍ 12.20നാണ് കണ്ണൂരിലെത്തിയത്. 7.10 മണിക്കൂറാണ് വന്ദേ ഭാരത് ഓടിയെത്താന്‍ എടുത്ത സമയം.
കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് ട്രെയിന്‍ നിര്‍ത്തിയത്. 50 മിനിറ്റ് എടുത്താണ് കൊല്ലത്ത് ആറ് മണിക്ക് ട്രെയിന്‍ എത്തിയത്. രണ്ടേകാല്‍ മണിക്കൂര്‍ സമയമെടുത്ത് 7.25ന് കോട്ടയത്തും മൂന്നേകാല്‍ മണിക്കൂറില്‍ എറണാകുളത്തുമെത്തി.
9.37ന് തൃശൂര്‍ സ്റ്റേഷനിലെത്തി. നാല് മണിക്കൂര്‍ 20 മിനിറ്റാണ് തൃശൂരിലെത്താന്‍ വേണ്ടിവന്നത്. തിരൂരില്‍ 10.46നും കോഴിക്കോട് 11.20നും ട്രെയിനെത്തി. ആറ് മണിക്കൂറിലധികമാണ് കോഴിക്കോട്ടേക്ക് എത്താന്‍ വേണ്ടിവന്നത്.
അതേസമയം, ജനശതാബ്ദിക്ക് കോട്ടയത്തേക്ക് എത്തിച്ചേരാന്‍ വേണ്ടിവരുന്ന സമയം 2.45 മണിക്കൂറാണ്. എറണാകുളത്ത് 4.10 മിനിറ്റും കോഴിക്കോട്ട് 7.50 മിനിറ്റുമെടുത്താണ് ജനശതാബ്ദി എത്തിച്ചേരുന്നത്. തിരുവനന്തപുരം-കൊല്ലം യാത്രയ്ക്ക് വന്ദേ ഭാരത് എക്സ്പ്രസ് എടുത്ത സമയത്തിന് സമാനമായി നാല് ട്രെയിനുകള്‍ നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്.
വന്ദേ ഭാരതിന്റെ പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി മറ്റ് പല ട്രെയിനുകളും വൈകി. ജനശതാബ്ദിയും വേണാടും ഉള്‍പ്പെടെയുള്ളവയാണ് വഴിയില്‍ പിടിച്ചിട്ടത്. മറ്റ് തീവണ്ടികള്‍ സ്റ്റേഷനുകളില്‍ പിടിച്ചിട്ടും വൈകിപ്പിച്ചും സര്‍വീസ് നടത്താന്‍ സൗകര്യമൊരുക്കുന്നതോടെ, വന്ദേ ഭാരത് ടൈം ടേബിള്‍ പ്രകാരം ഓടിത്തുടങ്ങുമ്പോള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാകുമെന്ന ആശങ്കയുമുണ്ട്. അതിനിടെ, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മെട്രോമാന്‍ ഇ ശ്രീധരന്‍ വന്ദേ ഭാരത് എക്സ്പ്രസിനെക്കുറിച്ച് പറഞ്ഞ അഭിപ്രായവും ബിജെപിയുടെ പ്രചാരണങ്ങള്‍ക്ക് തിരിച്ചടിയായി. വന്ദേ ഭാരതിന്റെ വേഗത കേരളത്തില്‍ പ്രായോഗികമാകില്ലെന്നാണ്, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇ ശ്രീധരന്‍ തുറന്നടിച്ചത്.
160 കിലോമീറ്റർ വേഗതയിൽ പോകാൻ ശേഷിയുള്ളതാണ് വന്ദേ ഭാരത്. കേരളത്തിൽ നിലവിലുള്ള ട്രാക്കുകൾ വച്ച് ശരാശരി 90 കിലോമീറ്റർ വേഗതയേ ലഭിക്കുകയുള്ളൂവെന്നും ഇതിലൂടെ വന്ദേ ഭാരത് വിഡ്ഢിത്തമാണെന്നും ശ്രീധരൻ പറഞ്ഞു. നിലവിൽ ട്രാക്കുകളിൽ പരമാവധി 100 കിലോമീറ്റർ വേഗതയാണ് പറയുന്നത്. എന്നാൽ 90 മാത്രമേ ലഭിക്കുകയുള്ളൂയെന്നാണ് ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടത്.
English Summary: Vande Bharat completes test run
You may also like this video: