Site iconSite icon Janayugom Online

വന്ദേഭാരത്‌ കേവലം ഒരു ട്രെയിനാണ്

ഏതാണ്ട് പത്തു ദിവസത്തിലേറെയായി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും പൊതുസമൂഹത്തില്‍ ഒരു വിഭാഗവും ചര്‍ച്ച ചെയ്യുന്നത് വന്ദേഭാരത്‌ എന്ന ട്രെയിനിനെ കുറിച്ചാണ്. നാളെ ഇതിന്റെ ഫ്ലാഗ് ഓഫിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ എത്തുന്നുവെന്നതും വാര്‍ത്തകളില്‍ നിറയുകയാണ്. പ്രധാനമന്ത്രിയെത്തി തുടക്കം കുറിക്കുന്ന എന്തോ വികസനപദ്ധതിയാണിതെന്ന് പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചരണമാണ് മോഡിഭക്തരും അവരുടെ പിന്നാലെ പായുന്ന വലതുമാധ്യമങ്ങളും നടത്തുന്നത്. അതിന്റെയാെക്കെ നിഴലില്‍ മാത്രം ഇപ്പോള്‍ നിലനില്‍ക്കുന്ന കേരളത്തിലെ പ്രതിപക്ഷം കുറച്ചുകൂടി കടന്ന്, വന്ദേഭാരത് വന്നല്ലോ ഇനി കേരളം മുന്നോട്ടുവച്ച കെ റെയില്‍ വേണ്ട എന്ന നിലപാടും എടുത്തു. കെ റെയില്‍ എന്നത് ഒരു വികസന പദ്ധതിയും വന്ദേഭാരത് നിലവിലുള്ള പാളത്തിലൂടെ ഓടുന്ന ടിക്കറ്റ് നിരക്ക് കൂടിയ കേവലം ഒരു ട്രെയിനും ആണെന്ന തിരിച്ചറിവ് കേരളസമൂഹത്തിനുണ്ട്. പുതിയ പദ്ധതിയെന്ന നിലയില്‍ അതിന്റെ നിര്‍മ്മിതിയുണ്ടാക്കാവുന്ന പാരിസ്ഥിതിക ആശങ്കകളാണ് കെ റെയിലിനുണ്ടായിരിക്കുന്ന താല്‍ക്കാലിക എതിര്‍പ്പ്. അത് ചര്‍ച്ചകളിലൂടെയും പദ്ധതിയുടെ പരിശോധനയിലൂടെയും പരിഹരിക്കപ്പെടേണ്ടതുമാണ്. വന്ദേഭാരത് എന്ന ഒരു ആഡംബര തീവണ്ടി കേരളത്തിലെ പൊതുസമൂഹത്തിന് എന്ത് ഗുണമാണുണ്ടാക്കുക എന്ന് അതിന്റെ പരീക്ഷണ ഓട്ടം തന്നെ തെളിയിച്ചിട്ടുണ്ട്. സാധാരണക്കാര്‍ യാത്രചെയ്യുന്ന നിരവധി തീവണ്ടികള്‍ പിടിച്ചിട്ടാണ് വന്ദേഭാരത് 7.10 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കണ്ണൂരെത്തിയത്.

റെയില്‍വേയുടെ അവസാന റിപ്പോര്‍ട്ട് അനുസരിച്ച് കാസര്‍കോട്ടേക്ക് എട്ട് മണിക്കൂറാണെടുക്കുക. മണിക്കൂറില്‍ 160 കിലോമീറ്റര്‍ സ്പീഡില്‍ ഓടാന്‍ കഴിയുന്ന ട്രെയിന്‍ എന്ന നിലയിലാണ് വന്ദേഭാരതിനെ കേന്ദ്രം കേരളത്തിലും അവതരിപ്പിക്കുന്നത്. സംസ്ഥാനത്തെ റെയില്‍പ്പാതകളിൽ ഒരിക്കലും ഇത്‌ സാധ്യമാകില്ലെന്ന്‌ റെയിൽവേയുടെ സാങ്കേതികവിദഗ്‌ധർ തന്നെ പറയുന്നു. ഭോപാല്‍— ഡല്‍ഹി റൂട്ടിലൊഴികെ രാജ്യത്ത് ഒരിടത്തും മണിക്കൂറിൽ 110 കിലോമീറ്ററിലധികം വേഗത്തിൽ ട്രെയിനുകള്‍ ഓടുന്നില്ല. പാളങ്ങളുടെ ഗുണനിലവാരം, വളവുകൾ, കയറ്റിറക്കങ്ങൾ, ഉയർന്ന അളവിലുള്ള ട്രെയിൻ ഗതാഗതം തുടങ്ങിയവയാണ്‌ ട്രെയിനുകൾ വേഗത്തിലോടിക്കാൻ തടസം. കേരളത്തില്‍ ഇപ്പോള്‍ത്തന്നെ പാളങ്ങളുടെ ശേഷി 106 ശതമാനം ഉപയോഗപ്പെടുന്നുവെന്നാണ് കണക്ക്. പാലക്കാട്‌-ഷൊർണൂർ‑മംഗലാപുരം പാതയിലാണ്‌ ട്രെയിനുകൾക്ക്‌ ഏറ്റവും കൂടുതൽ വേഗം കൈവരിക്കാനാകുന്നത്‌. 110 കിലോമീറ്റർ വരെ വേഗത്തിൽ ഇവിടെ സഞ്ചരിക്കാം. എന്നാൽ, ഗതാഗതം കൂടുതലായതിനാൽ സൂപ്പർഫാസ്റ്റുകള്‍ പോലും മിക്കപ്പോഴും 90 കിലോമീറ്റർ വേഗതയിലേ ഓടുന്നുള്ളൂ. ഷൊർണൂർ‑എറണാകുളം പാതയിൽ 90 കിലോമീറ്ററും എറണാകുളം-കായംകുളം 80 കിലോമീറ്ററുമാണ്‌ പരമാവധി വേഗം. വന്ദേഭാരതിന്റെ വേഗത കേരളത്തില്‍ പ്രായോഗികമാകില്ലെന്ന് ബിജെപി സഹയാത്രികനായ മെട്രോമാന്‍ ഇ ശ്രീധരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: വന്ദേഭാരത് കേരളത്തിലെത്തുമ്പോള്‍


കേരളത്തിൽ നിലവിലുള്ള ട്രാക്കുകൾ വച്ച് പരമാവധി 90 കിലോമീറ്റർ വേഗതയേ ലഭിക്കുകയുള്ളൂവെന്നാണ് ശ്രീധരൻ പറഞ്ഞത്. കേരളത്തിലെ റെയില്‍വേ വികസനത്തോട് കണ്ണടയ്ക്കുന്ന മോഡി സര്‍ക്കാര്‍ വന്ദേഭാരതിലൂടെ സാധാരണക്കാരുടെ കണ്ണില്‍ പൊടിയിടാമെന്നാണ് വ്യാമോഹിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള അതിവേഗ തീവണ്ടി, കേരളത്തിനുള്ള സമ്മാനം എന്നൊക്കെയാണ് പ്രചരണം. നിലവിലുള്ള ട്രെയിനുകളുടെ മൂന്ന് മുതല്‍ നാല് മടങ്ങ് വരെയാണ് ടിക്കറ്റ് നിരക്ക് എന്നതിരിക്കട്ടെ, വേഗതയില്‍ വലിയ വ്യത്യാസമില്ല എന്ന വെെരുധ്യവും നിലനില്‍ക്കുന്നു. പ്രതീക്ഷിച്ച വേഗതയില്‍ ട്രെയിനുകള്‍ ഓടാന്‍ കേരളത്തിലെ പാളങ്ങള്‍ വികസിപ്പിക്കാന്‍ ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും എടുക്കും. രണ്ടു ഘട്ടമായി ട്രാക്കുകള്‍ പരിഷ്കരിച്ച് വളവുകള്‍ നിവര്‍ത്തി വന്ദേഭാരതിന്റെ വേഗത കൂട്ടാന്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ പ്രസ്താവിച്ചത്. അതിന് മൂന്നരവര്‍ഷമെങ്കിലും എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റെയിൽവേ വികസത്തിൽ ഏറ്റവും പിറകിലാണ് കേരളം. മാറിമാറി വന്ന കേന്ദ്രസര്‍ക്കാരുകളുടെ അവഗണനയാണിതിന് കാരണം. മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാലക്കാട് കോച്ച് ഫാക്ടറി മോഡി സര്‍ക്കാര്‍ അട്ടിമറിച്ചു. ചേർത്തല വാഗൺ ഫാക്ടറി വാഗ്ദാനത്തിൽ ഒതുക്കി. ഇതുവരെയും ഇരട്ടപ്പാത പൂർത്തിയാക്കിയിട്ടില്ല. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ചരക്ക് ഗതാഗതം വളരെ പ്രധാനമായതുകാെണ്ട് ഗുഡ്സ് വാഗണുകള്‍ക്ക് പ്രത്യേക ട്രാക്ക് വേണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. റെയിൽവേയിൽ ഏറ്റവുമധികം യാത്രക്കാരുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ വരുമാനം ദക്ഷിണ റെയിൽവേയുടെ മാെത്തം കണക്കിലാണ് വരിക. കേരളത്തിന് ഒരു റെയിൽവേ സോൺ വേണമെന്ന ആവശ്യവും അവഗണനയുടെ പാളത്തിലാണ്. കേരളത്തിന് വേണ്ടത് റെയില്‍വേയുടെ സമഗ്രവികസനമാണ്. ഒരു പ്രത്യേക വണ്ടികൊണ്ട് യഥാര്‍ത്ഥ ആവശ്യത്തെ ഇല്ലാതാക്കാനാകില്ല.

Exit mobile version