ഇന്ത്യൻ റെയിൽവേയുടെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത (ഹൗറ) റൂട്ടിൽ സർവീസ് ആരംഭിക്കുന്നു. പരീക്ഷണ ഓട്ടവും സർട്ടിഫിക്കേഷൻ നടപടികളും വിജയകരമായി പൂർത്തിയാക്കിയതായും ഉടൻ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 17നും 18നും ഇടയിൽ ട്രെയിൻ ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്നതാണ് വന്ദേ ഭാരത് സ്ലീപ്പറിന്റെ ലക്ഷ്യം.
3 എസി ക്ലാസിന് ഭക്ഷണമുൾപ്പെടെ ഏകദേശം 2,300 രൂപയാണ് നിരക്ക്. 2 എസിക്ക് 3,000 രൂപയും ഒന്നാം ക്ലാസ് എസിക്ക് 3,600 രൂപയും ഈടാക്കും. ഇതേ റൂട്ടിൽ വിമാന നിരക്ക് 6,000 രൂപ മുതൽ 10,000 രൂപ വരെയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 1,000 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള രാത്രികാല യാത്രകൾ സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ട്രെയിനിൽ ‘കവച്’ സുരക്ഷാ സംവിധാനം, അത്യാധുനിക സസ്പെൻഷൻ, ഓട്ടോമാറ്റിക് ഡോറുകൾ, സിസിടിവി തുടങ്ങിയ ആധുനിക സൗകര്യങ്ങളുണ്ട്.

