Site iconSite icon Janayugom Online

സര്‍വീസിന് ഒരുങ്ങുന്നതിന് മുന്നോടിയായി വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്റെ നിരക്കുകള്‍ പ്രഖ്യാപിച്ചു

സര്‍വീസിന് ഒരുങ്ങുന്നതിന് മുന്നോടിയായി വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഗുവാഹത്തി-ഹൗറ റൂട്ടിലാണ് ആദ്യ ട്രെയിന്‍ ഓടുക.കേരളത്തിന് മൂന്നു റൂട്ടുകളാണ് വന്ദേ സ്ലീപ്പറിനായി പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 960 രൂപയാണ് വന്ദേ സ്ലീപ്പറിലെ(തേർഡ് എസി) കുറഞ്ഞ നിരക്ക്‌. മിനിമം ടിക്കറ്റ് നിരക്കിൽ 400 കിലോമീറ്റർ വരെ സഞ്ചരിക്കാം. ആർഎസി, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് നൽകില്ല. കൺഫേം ടിക്കറ്റ് മാത്രമേ അനുവദിക്കൂ. 

അതേസമയം, വനിതകൾ,ഭിന്നശേഷിക്കാർ,മുതിർന്ന പൗരന്മാർ എന്നിവർക്കായി പ്രത്യേകം ക്വാട്ട വന്ദേ സ്ലീപ്പറിലും നൽകുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.400 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് തേഡ് എസിക്ക് 960 രൂപയാണ് നിരക്ക്. പിന്നീട് ഒരു കിലോമീറ്ററിന് 2.40 രൂപ നിരക്കിലായിരിക്കും കൂടുക. സെക്കന്റ് എസിക്ക് 1240 രൂപയാണ് മിനിമം നിരക്ക്. 400 കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും ഇതിൽ 3.10 രൂപ വീതമായിരിക്കും കൂടുക. ഫസ്റ്റ് എസിക്ക് മിനിമം ചാർജ് 1520 രൂപയാണ്. മിനിമം നിരക്കിൽ അനുവദിച്ചിട്ടുള്ള കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററും 3.80 രൂപ വീതമായിരിക്കും കൂടുക. ഈ നിരക്കിന് പുറമെയായിരിക്കും ജിഎസ്ടി. 

മംഗളൂരു-തിരുവനന്തപുരം (കോട്ടയം വഴി)-631 കിലോമീറ്ററാണ് ദൂരം. ഈ റൂട്ടിൽ ട്രെയിൻ വന്നാൽ വന്ദേ സ്ലീപ്പർ തേർഡ് എസിക്ക് 1514.40 രൂപയും സെക്കന്റ് എസിക്ക് 1956.10 രൂപയും ഫസ്റ്റ് എസിക്ക് 2397.80 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്. 922 കിലോമീറ്റർ ദൂരുമാണ് തിരുവനന്തപുരം-ചെന്നൈ (പാലക്കാട് വഴി) വരെയുള്ളത്. ഈ റൂട്ടിൽ വന്ദേ സ്ലീപ്പർ ട്രെനിന്റെ തേർഡ് എസിയിൽ 2212.80 രൂപയും സെക്കന്റ് എസിയിൽ 2858.20 രൂപയും ഫസ്റ്റ് എസിക്ക് 3503.60 രൂപയും ടിക്കറ്റ് നിരക്ക് വരും.കേരളത്തിൽ മൂന്ന് പ്രധാന റൂട്ടുകളിലേക്കാണ് വന്ദേ സ്ലീപ്പർ പരിഗണിക്കുന്നത്. തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം-മംഗളൂരു എന്നിവയാണിവ.

തിരുവനന്തപുരത്തുനിന്ന് ചെന്നൈ, ബെംഗളൂരു റൂട്ടുകൾക്കാണ് മുൻഗണന. നിലവിൽ ഓടുന്ന രണ്ട് വന്ദേഭാരത് എക്സ്പ്രസുകളുടെ വരുമാനം തിരുവനന്തപുരം-മംഗളൂരു റൂട്ടിന് അനുകൂലഘടകമാണ്. അതേസമയം, തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ 844 കിമീ ദൂരമാണുള്ളത്. ഈ പാതയിൽ വന്ദേ സ്ലീപ്പർ ട്രെയിനിലെ തേർഡ് എസിയിൽ 2025.60 രൂപയും സെക്കന്റ് എസിയിൽ 2616.40 രൂപയും ഫസ്റ്റ് എസിയിൽ 3207.20 രൂപയുമായിരിക്കും നിരക്ക്. ഈ പണത്തിന് പുറമെ, ജിഎസ്ടിയും അടയ്ക്കണം. രാജധാനി എക്‌സ്പ്രസ് പോലെയുള്ള പ്രീമിയം ട്രെയിനിനെക്കാൾ ഉയർന്ന നിരക്കാണ് വന്ദേ ഭാരതിന്റെ സ്ലീപ്പർ ട്രെയിനിൽ ഇടാക്കുകയെന്നാണ് റിപ്പോർട്ട്. 

എന്നാൽ, രാജധാനി ഉൾപ്പെടെയുള്ള ട്രെയിനുകൾ 90 കിലോമീറ്റർ വരെ വേഗത്തിൽ പായുമ്പോൾ വന്ദേ ഭാരത് സ്ലീപ്പറിന് 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. അതേസമയം, സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇപ്പോൾ 130 കിലോമീറ്റർ വേഗത്തിൽ മാത്രമേ ഓടുകയുള്ളൂവെന്നാണ് വിവരം. മികച്ച ബെർത്തുകൾ, ഓട്ടോമാറ്റിക് ഡോറുകൾ, മികച്ച സസ്‌പെൻഷൻ, കുറഞ്ഞ ശബ്ദം, സുരക്ഷ സംവിധാനങ്ങൾ തുടങ്ങിയവയാണ് വന്ദേ സ്ലീപ്പറിന്റെ മേന്മയായി പറയുന്നത്.

Exit mobile version