Site iconSite icon Janayugom Online

വന്ദേ മാതരം: ഭിന്നിപ്പിന്റെ സംഘ് അജണ്ട വീണ്ടും

രാജ്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ആഘോഷ അവസരങ്ങളെയെല്ലാം ഭിന്നതയും വെറുപ്പും ഉല്പാദിപ്പിക്കാനും തങ്ങളുടെ വർഗീയ അജണ്ട മുന്നോട്ടു കൊണ്ടുപോകാനും വേണ്ടി ഉപയോഗിക്കുക എന്നത് സംഘ്പരിവാറും മോഡി സർക്കാരും നയമായിത്തന്നെ മാറ്റിയെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ 70-ാം വാർഷികം, 75-ാം വാർഷികം, ഭരണഘടനാ നിർമ്മാണ സഭ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷികം തുടങ്ങിയ അവസരങ്ങളെയെല്ലാം ഇത്തരത്തിൽ ദുരുപയോഗിച്ച് അവയുടെ ശോഭ കെടുത്തുകയാണ് മോഡി സർക്കാർ ചെയ്തത്. ഇന്ത്യയുടെ ദേശീയ ഗീതമായി അംഗീകരിച്ച് ആദരപൂർവം പാടിവരുന്ന വന്ദേ മാതരം എന്ന ഗീതത്തെ മുൻനിർത്തി മനഃപൂർവം വിവാദം സൃഷ്ടിക്കാൻ പ്രധാനമന്ത്രി തന്നെ നേതൃത്വം നൽകി വരുന്നത്, സംഘ്പരിവാറിന്റെ വിധ്വംസക അജണ്ടയുടെ ഒടുവിലത്തെ ഉദാഹരണമാണ്. രാജ്യത്ത് ഐക്യവും സമഭാവനയും പുലർന്നുകാണാനല്ല സംഘ്പരിവാർ ആഗ്രഹിക്കുന്നതെന്ന കാര്യം ഇതിലൂടെ ഒരിക്കൽക്കൂടി വ്യക്തമാകുകയാണ്. വന്ദേ മാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കാനെന്ന പേരിൽ വിശ്വകവി രവീന്ദ്രനാഥ ടാഗോർ മുതൽ ജവഹർലാൽ നെഹ്രു വരെ നേതാക്കളെയും ദേശീയ പ്രസ്ഥാനത്തെയും അപമാനിക്കുകയാണ് മോഡിയും കൂട്ടരും ചെയ്യുന്നത്. നവംബർ ഏഴിന് ഡൽഹിയിൽ നടന്ന ചടങ്ങിൽ ഇത്തരം അധിക്ഷേപങ്ങൾക്ക് മോഡി തുടക്കം കുറിച്ചു. “അതുകൊണ്ടരിശം തീരാഞ്ഞ്” ഇപ്പോൾ പാർലമെന്റിൽ വിശേഷാൽ ചർച്ച സംഘടിപ്പിച്ച് അതിനെ ശണ്ഠ കൂടാനുള്ള വേദിയാക്കി മാറ്റുന്നു. ആദ്യം വന്ദേ മാതരത്തെ വെട്ടിമുറിച്ചു, പിന്നെ രാജ്യത്തെ വെട്ടിമുറിച്ചു എന്നാണ് മോഡി അന്നു പറഞ്ഞത്. അതുതന്നെ ലോക്‌സഭയിലും ആവർത്തിച്ചു. 

ബംഗാളി സാഹിത്യത്തിന്റെ പിതാമഹനായി പരിഗണിക്കപ്പെടുന്ന ബങ്കിം ചന്ദ്ര ചാറ്റർജി 1875ൽ എഴുതിയ ഗാനമാണ് വന്ദേ മാതരം. തുടർന്ന് 1882ൽ എഴുതിയ ആനന്ദമഠം എന്ന നോവലിൽ ഈ ഗാനം ഉൾക്കൊള്ളിക്കുകയും അത് പ്രശസ്തമാകുകയും ഗാനത്തിന്റെ തുടക്കത്തിലെ വന്ദേ മാതരം എന്ന വാക്കുകൾ ഒരു ദേശീയ മുദ്രാവാക്യവും സമരകാഹളവുമായി ഏറെ വൈകാതെ മാറുകയും ചെയ്തു.
ഈ വിഷയത്തെപ്പറ്റി കൂടുതൽ പറയുന്നതിനു മുമ്പ്, 19ാം നൂറ്റാണ്ടിലെ ചരിത്ര പശ്ചാത്തലത്തിലേക്കൊന്നു കണ്ണോടിക്കേണ്ടത് അത്യാവശ്യമാണ്. 1857ലാണ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽനിന്ന് ബ്രിട്ടീഷ് രാജ്ഞി നേരിട്ട് ഇന്ത്യയുടെ ഭരണം ഏറ്റെടുക്കുന്നതും വൈസ്രോയി ഭരണം ആരംഭിക്കുന്നതും. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം അക്കാലത്ത് കൽക്കത്തയാണ്. 1911ൽ മാത്രമാണ് ഡൽഹിയിലേക്കു മാറുന്നത്. പടിഞ്ഞാറൻ ചിന്തകളുടെ സ്വാധീനം കൽക്കത്തയിൽ അന്ന് വളരെ ശക്തമാണ്. ഈശ്വർ ചന്ദ്ര വിദ്യാസാഗർ മുൻകൈയെടുത്ത് ബംഗാളി ലിപി പരിഷ്കരിച്ച് ആധുനികവൽക്കരിച്ചു. ബംഗാളി സാഹിത്യം തഴച്ചു പുഷ്പിക്കുന്ന കാലം.
ഭാരതീയ നവോത്ഥാനത്തിനു തുടക്കമിട്ട “രാജാ” റാം മോഹൻ റായ് ആണ് ആധുനിക ബംഗാളിന്റെ നവോത്ഥാനത്തിനും തുടക്കമിട്ടത്. അദ്ദേഹമാണ് ബ്രഹ്മസമാജം എന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിനു രൂപം കൊടുത്തത്. ഏതെങ്കിലും ഒരു മതത്തെ പ്രമാണമായി ബ്രഹ്മസമാജക്കാർ അംഗീകരിച്ചിരുന്നില്ല. വിഗ്രഹാരാധനയെ അവർ എതിർത്തു.
അക്കാലത്ത് ഗുജറാത്തിൽ രൂപം കൊണ്ട മറ്റൊരു പ്രസ്ഥാനമായിരുന്നു സ്വാമി ദയാനന്ദ സരസ്വതിയുടെ ആര്യസമാജം. ഇവരും സ്ത്രീവിദ്യാഭ്യാസത്തിനും വിധവകളുടെ പുനർവിവാഹത്തിനും വേണ്ടിയും ബാലവിവാഹത്തിന് എതിരായും നിലകൊണ്ടു. വിഗ്രഹാരാധനയെ എതിർത്തു. പക്ഷേ ഇവർ വേദങ്ങളെ അടിസ്ഥാന പ്രമാണമായി അംഗീകരിച്ചു പ്രവർത്തിക്കുകയും ആര്യ മതത്തെ സർവശ്രേഷ്ഠമായി കണക്കാക്കുകയും ചെയ്തു. മറ്റു മതങ്ങളിലുള്ളവരെ ഹിന്ദു മതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നത് (ഇന്നത്തെ സംഘ്പരിവാറിന്റെ ഘർ വാപ്സി) അവരുടെ ഒരു പ്രധാന അജൻഡ ആയിരുന്നു.
ബ്രഹ്മസമാജത്തിന്റെ സ്വാധീനം ഈശ്വര ചന്ദ്ര വിദ്യാസാഗർ, ബങ്കിം ചന്ദ്ര ചാറ്റർജി, വിവേകാനന്ദൻ, ടാഗോർ തുടങ്ങി ബംഗാളിലെ അക്കാലത്തെ മിക്ക പ്രമുഖ വ്യക്തികളിലും ഉണ്ടായിരുന്നു. എന്നാൽ ഇവരോരോരുത്തരിലും ഈ സ്വാധീനത്തിന് ഏറ്റക്കുറച്ചിലും ഉണ്ടായിരുന്നു. 

ആനന്ദമഠം നോവലിലെ കഥ, ഹിന്ദു സന്ന്യാസിമാർ മുഹമ്മദീയർക്കു നേരെ നടത്തിയ യുദ്ധമാണ്. ഈ ലഹള ബ്രിട്ടിഷുകാർ ഇടപെട്ട് അമർച്ച ചെയ്യുന്നു. അവരുടെ മേൽക്കോയ്മ ഉറപ്പിക്കുന്നു. നോവലിലെ സന്ന്യാസി കലാപകാരികൾ ബ്രിട്ടീഷുകാർ ഭരിച്ചോട്ടെ എന്ന നിലപാടാണ് എടുക്കുന്നത്. കലാപകാരികളായ സന്ന്യാസിമാർ അവരുടെ രാജ്യത്തിന്റെ പ്രതീകമായി കാണുന്ന ദേവീരൂപമാണ് ഗാനത്തിൽ നമുക്കെല്ലാം പരിചയമുള്ള ആദ്യ ഭാഗത്തു വർണിക്കപ്പെടുന്ന അമ്മ. എന്നാൽ പിന്നീടുള്ള ചരണങ്ങളിൽ ഈ അമ്മ ദുർഗയായും ലക്ഷ്മിയായും സരസ്വതിയായും മാറുന്നതു കാണാം. പ്രകടമായും മതാത്മകമായ ഈ ഭാഗങ്ങൾ ഒഴിവാക്കി ആദ്യഭാഗം മാത്രം ദേശീയ ഗീതമായി പാടാമെന്നു നിർദേശിച്ചത് ടാഗോറാണ്. ഗാന്ധിജിയും നെഹ്രുവും മറ്റു കോൺഗ്രസ് നേതാക്കളും ഇത് അംഗീകരിച്ചു.
വന്ദേ മാതരം/വന്ദേ മാതരം/ സുജലാം സുഫലാം/ മലയജ ശീതളാം/ സസ്യ ശ്യാമളാം/ മാതരം/ വന്ദേ മാതരം/ ശുഭ്ര ജ്യോത്സ്ന/ പുളകിതയാമിണീം/ ഫുല്ല കുസുമിത/ ദ്രുമതല ശോഭിണിം/ സുഹാസിനിം/ സുമദുര ഭാഷിണീം/ സുഖദാം വരദാം/ മാതരം/ വന്ദേ മാതരം.
ഇത്രയും ഭാഗമാണ് പാടി വരുന്നത്. ഇതിനു സംഗീതം നല്കിയതാകട്ടെ, ടാഗോറും. 1896ൽ നടന്ന കൽക്കട്ട കോൺഗ്രസ് സമ്മേളനത്തിൽ അദ്ദേഹം ഈ ഗാനം മുഴുവനായും ആലപിച്ചു. വന്ദേ മാതരം എന്ന മുദ്രാവാക്യം രാജ്യമെമ്പാടും സ്വാതന്ത്ര്യ സമര സേനാനികൾ ഏറ്റെടുത്തു. 1937ൽ കോൺഗ്രസ് ഇന്ത്യയുടെ ദേശീയ ഗീതമായി വന്ദേ മാതരത്തെ അംഗീകരിക്കുന്ന ഘട്ടത്തിൽ നടന്ന ചർച്ചകളുടെ സന്ദർഭത്തിലാണ്, മുമ്പ് പറഞ്ഞ പോലെ ആദ്യഭാഗം മാത്രം സ്വീകരിച്ചാൽ മതി എന്നു നിശ്ചയിച്ചത്. ഇത് ഏറ്റവും ശരിയായ തീരുമാനമായിരുന്നു. പല മതക്കാർ അധിവസിക്കുന്ന രാജ്യത്തിന്റെ ദേശീയഗീതത്തിന്
ത്വം ഹി ദുർഗ ദശപ്രഹരണ ധാരിണി/ കമല, കമലാദളവിഹാരിണി/ വാണി, വിദ്യാദായിനി/ നമാമി ത്വം/ നമാമി കമലം അമലം അതുലാം എന്ന വരികൾ അനുയോജ്യമല്ല എന്നു മനസിലാക്കി തന്നെയാണ് ഇത്തരം വരികൾ ഉപേക്ഷിച്ചത്. ഇപ്പോൾ പാടപ്പെടുന്ന വരികൾ തന്നെയാണ് 1950ൽ രാജ്യം റിപ്പബ്ലിക്ക് ആയ സമയത്ത് ദേശീയ ഗീതമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. ഈ വരികൾ തന്നെയാണ് സാഹിത്യപരമായി ഏറ്റവും മികച്ചവ എന്ന യാഥാർത്ഥ്യവും വിസ്മരിക്കാവുന്നതല്ല.
സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ഒരു പങ്കുമില്ലാത്ത ആർഎസ്എസ്, 2002 വരെ ദേശീയ പതാക ഉയർത്താൻ പോലും കൂട്ടാക്കിയിരുന്നില്ല. അങ്ങനെയുള്ള ഒരു പ്രസ്ഥാനത്തിന് രാജ്യത്തുള്ളവരെ ദേശാഭിമാനം പഠിപ്പിക്കാൻ അവകാശമില്ല. വന്ദേ മാതരം ഗാനത്തിന്റെയോ മുദ്രാവാക്യത്തിന്റെയോ പൈതൃകം ആർഎസ്എസിന് ഇല്ല. രാജ്യസഭയിൽ ഈ വിഷയത്തിൽ ചർച്ച നടക്കുമ്പോൾ മല്ലികാർജുൻ ഖാർഗെ ഉന്നയിച്ച ചോദ്യങ്ങൾ ബിജെപിയുടെ മുഖത്തടിച്ചപോലെ ആയിരുന്നു. വന്ദേ ഭാരതം പാടിയതിന്റെ പേരിലും വന്ദേ മാതരം എന്ന മുദ്രാവാക്യം മുഴക്കിയതിന്റെ പേരിലും ഒരുപാട് സ്വാതന്ത്ര്യ സമര പോരാളികൾക്ക് അറസ്റ്റും മർദനവും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അതിൽ എത്ര ആർഎസ്എസുകാർ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം ചോദിച്ചത്.
ആനന്ദമഠം നോവൽ ഇന്നത്തെ സമൂഹത്തിന് ഒരു മികച്ച വായനയോ സന്ദേശമോ നൽകുന്ന കൃതിയല്ല. അക്കാലത്ത് വന്ദേ മാതരം എന്ന ഗാനവും വന്ദേ മാതരം എന്ന മുദ്രാവാക്യവും ദേശീയവാദികൾക്ക് ആവേശമായി മാറി എന്നതു വാസ്തവമാണ്. അതേസമയം മുസ്ലിം വിരുദ്ധത കാരണം ഏറെ വിമർശിക്കപ്പെട്ട നോവൽ കൂടിയാണത്. ബങ്കിം ചാറ്റര്‍ജി നോവൽ എഴുതിയത് സവർണ ഹിന്ദു വായനക്കാരെ മനസിൽ കണ്ടാണ് എന്നു വിലയിരുത്താവുന്നതാണ്. അക്കാലത്ത് അക്ഷരാഭ്യാസവും സാഹിത്യ വ്യാപനവും സാർവത്രികമായിരുന്നില്ലല്ലോ. ഭാരത മാതാ എന്ന ആശയവും ഈ നോവലിലെ ഒരു ഭാഗത്തുനിന്നാണ് ഉടലെടുത്തത്. അതേ സമയം, നോവലിൽ അവതരിപ്പിക്കുന്ന ചിത്രം ബംഗമാതാവിന്റെ ആണെന്നുള്ള വാദം പ്രബലമാണ്. വന്ദേ മാതരത്തിന്റെ ചരണങ്ങളിലൊന്നിൽ ഏഴു കോടി കണ്ഠങ്ങളിൽ നിന്നുയരുന്ന (അമ്മയെ സ്തുതിക്കുന്ന) കളകളനിനാദം എന്ന പ്രയോഗമുണ്ട്. 14 കോടി കയ്യുകളെ കുറിച്ചും തുടർന്നു പറയുന്നു. ഇതിൽനിന്ന്, ഇന്ത്യയല്ല ബംഗാളാണ് പാട്ടിലെയും നോവലിലെയും മാതൃഭൂമി എന്നു വ്യക്തമാണ്. ബംഗ്ലാദേശും അസമും ഒഡിഷയുടെയും ഝാര്‍ഖണ്ഡിന്റെയും ഭാഗങ്ങളും ഉൾപ്പെട്ട ബംഗാളിന്റെ ജനസംഖ്യ അന്ന് ഏതാണ്ട് ഏഴു കോടി ആയിരുന്നു. ഇപ്പോൾ സപ്തകോടി എന്ന ഭാഗവും ദ്വിസപ്ത കോടി എന്ന വാക്കുകളും നീക്കി കോടി കോടി എന്നാണ് സംഘ് അനുഭാവികൾ പാടുന്നത്.
നവംബർ ഏഴിന് ഇന്ത്യ സർക്കാർ നടത്തിയ ഔ­ദ്യോഗിക പരിപാടിയിൽ, ദേശീയ ഗീതത്തിന്റെ ഭാഗമല്ലാത്ത വരികൾ മനഃപൂർവം ആലപിച്ചു എന്നതുതന്നെ നിയമവാഴ്ചയോടും ഭരണഘടനയോടും ഉള്ള അ­നാദരവായിട്ടേ കണക്കാക്കാൻ കഴിയൂ. മതേതരത്വം, മതസ്വാതന്ത്ര്യം, എല്ലാ വിഭാഗം ജനങ്ങളെയും ഐക്യത്തോടെ ചേർത്തുനിർത്തുന്ന സമഭാവന, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങളോടുള്ള സംഘ്പരിവാറിന്റെ ജന്മനാലുള്ള എതിർപ്പാണ് ഇതിലൂടെ വീണ്ടും പ്രകടമായത്. ഇന്ത്യൻ ദേശീയതയെ വെറും ഹിന്ദുത്വ ദേശീയതയായി ചുരുക്കി കാണുന്ന സവർക്കറിന്റെ സങ്കുചിത നാശോന്മുഖ പ്രത്യയശാസ്ത്രമാണ് അവരെ ഇന്നും നയിക്കുന്നത് എന്നതും ഈ പ്രത്യയശാസ്ത്രത്തിന്റെ ഉടമകൾ ഇന്ത്യ എന്ന ബഹുസ്വര രാഷ്ട്രം ഭരിക്കാൻ യോഗ്യരല്ല എന്നതും സംശയലേശമെന്യേ ഒരിക്കൽക്കൂടി വെളിവായിരിക്കുന്നു. 

Exit mobile version