Site iconSite icon Janayugom Online

വന്ദേഭാരത് എക്സ്പ്രസില്‍ ചോര്‍ച്ച; എസി ഗ്രില്ലില്‍ നിന്നും വെള്ളം വീണതാണെന്ന് അധികൃതര്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്ച ഫ്ളാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്സ്പ്രസിലെ എക്സിക്യൂട്ടീവ് കോച്ചിന്റെ എ സി ഗ്രില്ലില്‍ ചോര്‍ച്ച. ആദ്യ സര്‍വീസിന് ശേഷം കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിലാണ് ചോര്‍ച്ച കണ്ടെത്തിയത്. തുടക്കത്തില്‍ പുലര്‍ച്ചെ പെയ്ത മഴയെ തുടര്‍ന്നാണ് രണ്ട് എക്സിക്യൂട്ടീവ് കോച്ചുകള്‍ ചോര്‍ന്നൊലിച്ചതെന്നാണ് വിവരം ലഭിച്ചതെങ്കിലും പിന്നീട് റെയില്‍വെ അധികൃതര്‍ നടത്തിയ പരിശോധനയില്‍ എക്സിക്യൂട്ടീവ് കോച്ചിന്റെ എ സി ഗ്രില്ലിലെ ചോര്‍ച്ചയാണ് കോച്ചുകളുടെ ഉള്‍ഭാഗം നനയാനുള്ള കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ട്രെയിനിനൊപ്പം യാത്ര ചെയ്യുന്ന ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നുള്ള വിദഗ്ധരും വിവിധ വിഭാഗം റെയില്‍വെ ജീവനക്കാരും ട്രെയിന്‍ പരിശോധിച്ച് പ്രശ്നം പരിഹരിച്ചു. ആദ്യ സര്‍വീസുകളില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും കുറച്ച് ദിവസം കൂടി പരിശോധനകള്‍ തുടരുമെന്നും റെയില്‍വെ അധികൃതര്‍ പറഞ്ഞു. 

ഉദ്ഘാടന യാത്ര കാസര്‍കോട് അവസാനിച്ച ശേഷം രാത്രി ട്രെയിന്‍ കണ്ണൂരിലെത്തിച്ചിരുന്നു. സുരക്ഷയും വെള്ളം നിറയ്ക്കേണ്ടതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് 11 മണിയോടെ ട്രെയിന്‍ കണ്ണൂരിലെത്തിച്ചത്. പരിശോധന പൂര്‍ത്തിയാക്കി 11.24ന് ട്രെയിന്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലേക്ക് തിരിച്ചു. ഇന്ന് ഉച്ചയോടെ യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് വന്ദേഭാരതിന്റെ ആദ്യ സര്‍വ്വീസ് ആരംഭിച്ചു. 

Eng­lish Summary;Vandebharat Express leak; Offi­cials said that water fell from the AC grill

You may also like this video

Exit mobile version