Site iconSite icon Janayugom Online

മേക്ക് ഇൻ ഇന്ത്യയല്ല; വന്ദേഭാരത് ട്രെയിന്‍ റഷ്യയില്‍ നിന്ന്

‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമാണെന്ന് കേന്ദ്ര സർക്കാർ കൊട്ടിഘോഷിക്കുന്ന വന്ദേഭാരത് തീവണ്ടി റഷ്യന്‍ കമ്പനിയില്‍ നിന്ന് വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ധാരണയായി. 120 വന്ദേഭാരത് ട്രെയിനുകളുടെ നിർമ്മാണം, വിതരണം, അറ്റകുറ്റപ്പണി എന്നിവക്കായി റഷ്യ കേന്ദ്രീകരിച്ചുള്ള ട്രാൻസ്മാഷ് ഹോൾഡിങ്ങിന്(ടിഎംഎച്ച്) കരാർ ലഭിച്ചതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസാണ് റിപ്പോർട്ട് ചെയ്തത്.

ജൂൺ ഒന്നിന് ഇന്ത്യൻ റെയിൽവേയും ടിഎംഎച്ചും ഇതിനായി കരാർ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമായിരിക്കും തുക വകയിരുത്തുക. അള്‍സ്റ്റോം, സ്റ്റ്ഡലര്‍, സീമെന്‍സ്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് എന്നീ സ്ഥാപനങ്ങളുടെ താല്പര്യപത്രം പിന്തളളിയാണ് റഷ്യന്‍ കമ്പനിയെ തെരഞ്ഞടുത്തത്.

ആകെ 350 കോടി ഡോളറിന്റെ കരാറാണ് വന്ദേഭാരതിനായി ഉണ്ടാകുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്രെയിനുകൾ നിർമ്മിച്ചുനൽകാൻ 180 കോടി ഡോളറാണ് ഇന്ത്യൻ റെയിൽവേ നൽകുക. 35 വർഷത്തെ അറ്റകുറ്റപ്പണിക്കായി 250 കോടി ഡോളറും നൽകും. കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനം ആയതായും ഒപ്പ് വയ്ക്കല്‍ നടപടി മാത്രമേ അവശേഷിക്കുന്നുള്ളുവെന്നും ട്രാന്‍സ്മാഷ് ഹോള്‍ഡിങ് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഒഫിസര്‍ ക്രില്‍ ലിപ പറഞ്ഞു.

ഇന്ത്യയിലെ കൺസ്ട്രക്ഷൻ എൻജിനിയറിങ് കമ്പനിയായ ആർവിഎൻഎല്ലുമായി ചേർന്നാണ് റഷ്യൻ കമ്പനി ടെണ്ടറിൽ പങ്കെടുത്തത്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിര്‍മ്മിക്കുന്ന 120 തീവണ്ടികള്‍ 2026–30 വര്‍ഷത്തോടെ തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പരീക്ഷണ മാതൃകകൾ 2025ഓടെ തയ്യാറാകും. വന്ദേഭാരതിന്റെ ആദ്യ ടെയിൻ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിർമ്മിച്ചത്. ന്യൂഡൽഹിക്കും വാരണാസിക്കുമിടയിൽ 2019ലായിരുന്നു 16 കോച്ചുകള്‍ ഉള്ള ട്രെയിനിന്റെ പരീക്ഷണ ഓട്ടം. റെയിൽവേ പറയുന്നതനുസരിച്ച്, 400 വന്ദേഭാരത് ട്രെയിനുകളാണ് നിർമ്മിക്കാനിരിക്കുന്നത്.

Eng­lish Sum­ma­ry: Van­deb­harat train from Russia
You may also like this video

Exit mobile version