Site iconSite icon Janayugom Online

‘വരാഹരൂപം’ ഗാനത്തിന് തിയേറ്ററിലും ഒടിടിയിലും പ്രദർശിപ്പിക്കുന്നതിന് താത്കാലിക വിലക്ക്

കാന്താര സിനിമയിലെ ‘വരാഹരൂപം’ എന്ന ഗാനം തിയ്യറ്ററിലോ ഒടിടിയിലോ ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലോ പ്രദർശിപ്പിക്കുന്നത് തടഞ്ഞ് കോഴിക്കോട് ജില്ലാ കോടതിയുടെ ഇടക്കാല ഉത്തരവ്. പകർപ്പവകാശ നിയമത്തിന്റെ പ്രഥമദൃഷ്ട്യായുള്ള ലംഘനം ചൂണ്ടിക്കാട്ടിയാണ് ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജി കെ ഇ സാലിഹ് ഉത്തരവ് പുറപ്പെടുവിച്ചത്. ഗാനം പ്രദർശിപ്പിക്കുകയാണെങ്കിൽ ‘നവരസം’ ട്രാക്കിന്റെ പകർപ്പവകാശം കൈവശമുള്ള മാതൃഭൂമി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി ലിമിറ്റഡിനും തൈക്കുടം ബ്രിഡ്ജിനും അതിന്റെ അംഗീകാരം നൽകണമെന്നും ഉത്തരവിൽ പറയുന്നു. മാതൃഭൂമി മ്യൂസിക്കിനായി തൈക്കുടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ നവരസം (2015) ഗാനത്തിന്റെ പേരിലുള്ള വാണിജ്യതർക്കമാണ് കോടതിയിലെത്തിയത്. നവരസം ഗാനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് വരാഹരൂപത്തിന്റെ സംഗീതസംവിധായകൻ സമ്മതിച്ചതായി കോടതി ചൂണ്ടിക്കാട്ടി. 

‘വരാഹരൂപ’ത്തിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ‘നവരസ’ത്തിലെ ട്രാക്കുകൾ പകർത്തി ‘വരാഹരൂപം’ പകർപ്പവകാശ നിയമങ്ങൾ ലംഘിച്ചുവെന്നായിരുന്നു ഹർജിയിലെ വാദം. കഴിഞ്ഞ വർഷം സെപ്തംബർ 30 ന് കാന്താര റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് നിയമ നടപടി ആരംഭിച്ചത്. കഴിഞ്ഞയാഴ്ച കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കേസ് ഡയറി പരിശോധിച്ച ശേഷം 1957 ലെ പകർപ്പവകാശ നിയമം സെക്ഷൻ 64 പ്രകാരം പാട്ടുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. സംഗീത സംവിധായകൻ പകർപ്പവകാശം ലംഘിച്ചിട്ടുണ്ടോ എന്നറിയാൻ ഡിജിറ്റൽ ഓഡിയോ വർക്ക് സ്റ്റേഷൻ പരിശോധിച്ച് അസൽ പകർപ്പും പ്ലേറ്റുകളും തർക്കത്തിന് ആധാരമായതെല്ലാം പിടിച്ചെടുക്കണമെന്നും ഈ മാസം അഞ്ചിന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ് സൂരജ് അന്വേഷണോദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നു. അന്വേഷണം ശരിയായ ദിശയിൽ പുരോഗമിക്കുന്നില്ലെന്ന പരാതിയിലാണ് കോടതി നിർദേശമുണ്ടായത്. കേസിന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് മേയ് നാലിനകം കോടതിയിൽ സമർപ്പിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിർദേശിച്ചു.

Eng­lish Summary;‘Varaharupam’ song tem­porar­i­ly banned from the­atri­cal and OTT screenings
You may also like this video

Exit mobile version