Site iconSite icon Janayugom Online

വാരാണസി വോട്ടര്‍പട്ടികയും വിവാദത്തില്‍; 50 കുട്ടികളുടെ പിതാവായി അവിവാഹിതനായ സന്ന്യാസി

പ്രതിപക്ഷത്തിന്റെ വോട്ട് മോഷണ ആരോപണം രാജ്യത്ത് വിവാദമായിരിക്കെ പ്രധനമന്ത്രി മോഡിയുടെ മണ്ഡലത്തിലെ വോട്ടര്‍പട്ടികയും ചര്‍ച്ചയാവുന്നു. വാരാണാസിയിലെ രാംജങ്കി ക്ഷേത്രത്തിന്റെ സ്ഥാപകനായ സ്വാമി രാംകമൽ ദാസിനെ മറ്റ് 50 വോട്ടർമാരുടെ പിതാവായി വോട്ടർ പട്ടികയിൽ പരാമർശിക്കുന്നതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. വാരണാസിയിലെ 50 കുട്ടികളുടെ പിതാവായി അവിവാഹിതനായ സന്ന്യാസിയെ കാണിക്കുന്ന വോട്ടർ പട്ടികയില്‍, മൂത്തയാൾക്ക് 72 ഉം ഇളയയാൾക്ക് 28 ഉം വയസ്സുള്ളതായി പറയുന്നു. സ്വാമി രാംകമൽ ദാസാണ് വോട്ടർ പട്ടികയിൽ മറ്റ് 50 വോട്ടർമാരുടെ പിതാവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇളയ മകൻ രാഘവേന്ദ്രയ്ക്ക് 28 വയസ്സുണ്ടെന്നും മൂത്ത മകൻ ബൻവാരി ദാസിന് 72 വയസ്സുണ്ടെന്നും പറയപ്പെടുന്നു. ഇത് തെറ്റ് എന്ന് വിളിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ അതിനെ അവഗണിക്കുമോ അതോ വഞ്ചനയാണെന്ന് അംഗീകരിക്കുമോയെന്ന് കോൺഗ്രസില്‍ എക്സിലൂടെ ചോദ്യമുന്നയിച്ചു. 

വിഷയം വിവാദമായതോടെ വാരാണസിയിലെ സന്ന്യാസി സമൂഹം ഹിന്ദുമതത്തിലെ സന്ന്യാസിമാർ പിന്തുടരുന്ന പാരമ്പര്യങ്ങളെ കോണ്‍ഗ്രസ് അവഹേളിക്കുന്നതായി ആരോപിച്ച് രംഗത്തെത്തി. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ന്യാസിമാർ പിന്തുടരുന്ന പാരമ്പര്യങ്ങളെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചതായും രാഹുലിനും പാർട്ടിക്കുമെതിരെ കോടതിയെ സമീപിക്കുമെന്നും സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി പറഞ്ഞു.

നാടന്‍പാട്ട് ഗായിക നേഹ സിന്‍ഹ റാത്തോറിനെതിരെയും രാഷ്ട്രീയ ജനതാദള്‍ ലീഡര്‍ കാഞ്ചന്‍ യാദവിനെതിരെയും ചില എഴുത്തുകാര്‍ക്കെതിരെയു സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രചരണം നടത്തുന്നതിനിടെ നിയമ നടപടി സ്വീകരിക്കും, സനാതന ധർമ്മത്തിൽ ഒരു സന്ന്യാസിയാൽ അദ്ദേഹത്തിന്റെ ശിഷ്യര്‍, അവർ അദ്ദേഹത്തിന്റെ കുട്ടികളല്ലെങ്കിലും അവരുടെ ഗുരുവിനെ പിതാവായി പരാമർശിക്കും. ശിഷ്യന്മാർക്ക് അങ്ങനെ പരാമർശിക്കാം. അതിന്റെ അടിസ്ഥാനത്തിലാണ് രാം കമല്‍ദാസിന്റെ ശിഷ്യരുടെ പേരില്‍ അദ്ദേഹം പിതാവായി ആധാർ കാർഡുകളും വോട്ടർ ഐഡികളും നിർമ്മിക്കുന്നത്. അതുകൊണ്ടാണ് ചില കുട്ടികൾക്ക് 70 വയസ്സ് പ്രായമുണ്ടാകുന്നത്, പക്ഷേ അവരുടെ ഗുരുവിന് 50 വയസ്സ് മാത്രമേ പ്രായമുണ്ടാകൂ, അദ്ദേഹം പറഞ്ഞു, തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Exit mobile version