ഒഴുകുകയും പരക്കുകയും ചെയ്യുന്ന ജലരാശിയാണ് കാലം. പര്‍വതങ്ങളെയും സാമ്രാജ്യങ്ങളെയും കടപുഴക്കുന്നതും കാലമാണ്. സഞ്ചാരവേഗത്തിനിടയിലും കാല്‌പനികമായ ചില സ്വപ്‌നങ്ങളെ കാലം കാത്തുവയ്‌ക്കുന്നു. ഭൂതകാലത്തിന്റെ ഉന്‍മാദരാത്രികളെ സ്വപ്‌നം കാണുന്നവര്‍ക്കുള്ള പാഥേയമാണത്. കരളില്‍ ഹരിതഗന്ധം നിറച്ച് ഓര്‍മയില്‍ സംഗീതമാകുന്ന വെയില്‍നനവുകളായി ഈ സ്വപ്‌നം എല്ലാക്കാലത്തും കൂടെയുണ്ടാകും. കണ്‍നിറവിന്റെ നൂറുപൂക്കളങ്ങള്‍ തീര്‍ത്ത് കനിവിന്റെ നവവസന്തമായി ഈ സ്വപ്‌നങ്ങള്‍ കഥയായും കവിതയായും അനുവാചകരെ കാത്തുനില്‍ക്കും. ലോകസാഹിത്യത്തില്‍ മനുഷ്യരാശിയുടെ ആത്മാന്വേഷണത്തിന്റെ കഥ പറയുന്ന ചില സ്വപ്‌നകാവ്യങ്ങള്‍ പിറവിയെടുത്തിട്ടുണ്ട്. പക്ഷേ അത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമാണ് സംഭവിച്ചിട്ടുള്ളത്. അത്തരമൊരു അപൂര്‍വമായ പിറവിയാണ് ടി എസ് എലിയറ്റിന്റെ വേസ്റ്റ്‌ലാന്റ്.
ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിരണ്ട് ലോകസാഹിത്യചരിത്രത്തില്‍ കടുംനിറത്തില്‍ അടയാളപ്പെട്ടൊരു വര്‍ഷമാണ്. ടി എസ് എലിയറ്റിന്റെ വേസ്റ്റ് ലാന്റ് പിറന്ന വര്‍ഷമാണത്. ചിത്തരോഗത്തിന്റെ നിഴല്‍ പതിഞ്ഞ കവിചിന്തയില്‍ നിന്നാണ് ലോകസാഹിത്യത്തിന്റെ ഉത്തുംഗതയിലേക്ക് പറന്നണഞ്ഞ വേസ്റ്റ്‌ലാന്റ് പിറവികൊണ്ടത്. യുദ്ധാനന്തരലോകത്തിന്റെ വിഹ്വലനിമിഷങ്ങളെ മിഴിവാര്‍ന്ന ചിത്രങ്ങളായി പകര്‍ത്തിവയ്‌ക്കുകയാണ് എലിയട്ട് വേസ്റ്റ് ലാന്റില്‍. ഓരോ വായനയിലും കാവ്യത്തിന്റെ അര്‍ഥതലങ്ങള്‍ പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന പ്രത്യേകതയാണ് വേസ്റ്റ് ലാന്റിനുള്ളത്. മിത്തുകളും ചരിത്രസംഭവങ്ങളും യാഥാര്‍ഥ്യങ്ങളും കെട്ടുകഥകളും വന്നുനിറയുന്ന സമ്മിശ്രസൗന്ദര്യമാണ് വേസ്റ്റ്‌ലാന്റിനെ വ്യത്യസ്‌തമാക്കുന്നത്. ഇമേജുകളുടെ ധാരാളിത്തം വായനക്കാരില്‍കൊതിയുണര്‍ത്തുംവിധം കവി അവതരിപ്പിക്കുന്നു.
ജലത്തിന്റെ തിരോധാനമാണ് തരിശുനിലങ്ങള്‍ക്ക് പിറവി നല്‍കുന്നത്. പ്രണയനഷ്‌ടവും സ്‌നേഹരാഹിത്യവുമാണ് ജീവിതം തരിശുനിലമാക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ മനുഷ്യമനസില്‍ നിറച്ച ശൂന്യതയുടെ ബാക്കിയാണ് തരിശുനിലമെന്ന കവിത. ഭയാക്രാന്തമായ ഒരു കാലഘട്ടത്തെ ഇത് വെളിപ്പെടുത്തുന്നു. ആസുരമായ ഒരു കാലത്തിന്റെ ആകുലമായ ഓര്‍മപ്പെടുത്തലാണിത്. കാവ്യപാരമ്പര്യത്തിന്റെ ശേഷിപ്പുകളെ കുടഞ്ഞെറിഞ്ഞ് നവഭാവുകത്വവും ധൈഷണികപ്പുതുമയും ഈ കാവ്യത്തില്‍ അലയടിച്ചുയരുന്നു. പ്രണയത്തിന്റെ തീയും പാരസ്‌പര്യത്തിന്റെ ഊര്‍ജവുമില്ലാതെ ശരീരകാമനകളുടെ പൂര്‍ത്തീകരണമായി മാത്രം രതിയനുഭവങ്ങള്‍ മാറുന്നത് കനിവഴിഞ്ഞ ഒരു കാലത്തെയാണ് വെളിപ്പെടുത്തുന്നത്. സ്‌ത്രീപുരുഷദ്വന്ദ്വത്തെ ഉള്ളിലേറ്റി വരുംകാലസാധ്യതകളുടെ പ്രവചനപ്പൊരുളുമായി അന്ധനും വൃദ്ധനുമായ തൈറിസ്യാസ് തരിശുനിലത്തിന്റെ നായകസാന്നിധ്യമായി കൃതിയിലുടനീളം നിറഞ്ഞു നില്‍ക്കുന്നു. തൈറിസ്യാസിനെപ്പോലെ വേസ്റ്റ് ലാന്റിലെ മനുഷ്യരും യാഥാര്‍ഥ്യങ്ങളുടെ കാഴ്‌ചയനുഭവമില്ലാതെ ആത്മബോധം നഷ്‌ടപ്പെട്ട് അലഞ്ഞു തിരിയുന്നു. മഹായുദ്ധം വിതച്ച അസ്വാസ്ഥ്യങ്ങളുടെ ആന്തരികനോവുമായാണ് തരിശുനിലത്തില്‍ അവശേഷിക്കുന്ന മനുഷ്യര്‍ പുലരുന്നത്. യുദ്ധം വിതച്ച അസ്വാസ്ഥ്യങ്ങളുടെ വറുതിയണിഞ്ഞ യൂറോപ്പിന്റെ സാംസ്‌കാരികവും ആത്മീയവുമായ തകര്‍ച്ചയാണ് തരിശുനിലത്തില്‍ തെളിയുന്നത്. ചിതറിയ ചെറുകവിതകളുടെ ഒരു കൊളാഷുപോലെയും കാവ്യസുന്ദരമായ ഒട്ടേറെ കവിതകളുടെ കൂട്ടിവയ്‌ക്കലായും വേസ്റ്റ് ലാന്റിനെ നിര്‍വചിച്ചവര്‍ ഏറെയാണ്. മനുഷ്യമനസ്സുകളെ ആഴത്തില്‍ തൊട്ട മനോഹരകാവ്യമാണ് വേസ്റ്റ്‌ലാന്റ്.
അഞ്ചുഖണ്‌ഡങ്ങളും നാനൂറ്റി മുപ്പത്തിമൂന്ന് വരികളിലുമായി രചിച്ചിരിക്കുന്ന ഈ കാവ്യം തകര്‍ച്ചയുടെയും നഷ്‌ടങ്ങളുടെയും കഥയാണ് പറയുന്നത്.
ഉര്‍വരമായഒരുകാലത്തെ സ്വപ്‌നം കാണുന്ന ഈ കാവ്യത്തിന്റെ ഒന്നാം ഖണ്‌ഡം ഏകാന്തമായ ജീവിതാവസ്ഥകളുടെ പ്രതിഫലനമാണ്. മരിച്ചവരുടെ അടക്കമെന്ന് പേരിട്ട ഈ ഭാഗത്ത് അന്യതാബോധത്തിന്റെ കുരിശേറ്റത്താല്‍ ഉടഞ്ഞ മനസ്സുകളുടെ പ്രതിഫലനമാണ് അവതരിപ്പിക്കുന്നത്. എല്ലായിടത്തുനിന്നും ബഹിഷ്‌കൃതരായിപ്പോകുന്നവരുടെ രോദനം നിറഞ്ഞ നോട്ടങ്ങളിലേക്ക് അവ ചെന്നുപറ്റുന്നു. ആള്‍ക്കൂട്ടത്തിലെ അന്യനെന്ന വിശേഷണാവസ്ഥ നേരിടുന്ന മനുഷ്യാവസ്ഥയെ വെളിവാക്കുകയാണിവിടെ എലിയട്ട് ചെയ്യുന്നത്. കഴിഞ്ഞാണ്ട് നീ പൂന്തോട്ടത്തില്‍ കുഴിച്ചിട്ട ആ ശവം മുളച്ചുവോ, അത് ഇക്കൊല്ലം പൂവിടുമോ എന്ന ചോദ്യം യുദ്ധവെറിയില്‍ വെന്തുപോയ മനുഷ്യാത്മാക്കളുടെ പുനരുദ്ധാനസങ്കല്‌പങ്ങള്‍ക്ക് തീ പകരുന്നുണ്ട്. ഒരിക്കലും സഫലമാകാത്തതെങ്കിലും പ്രത്യാശയുടെ വെളിച്ചം പകരാന്‍ കരുത്തുള്ള വാക്യമാണിത്.
ദമനം ചെയ്യപ്പെട്ട കാമചോദനകളുടെ ആഖ്യാനമാണ് രണ്ടാം ഭാഗം. ചതുരംഗക്കളിയെന്നാണ് ഇതിന് എലിയട്ട് പേരു നല്‍കിയിരിക്കുന്നത്. മടുപ്പ് നിറഞ്ഞ ജീവിതം ജീവിച്ചുതീര്‍ക്കേണ്ടി വരുന്ന ആധുനിക സ്‌ത്രീയെ വിവരിച്ചുകൊണ്ടാണ് രണ്ടാം ഭാഗം തുടങ്ങുന്നത്. പ്രണയനഷ്‌ടത്താല്‍ വന്ധ്യമാക്കപ്പെട്ട വിരസമായ ലൈംഗികതയുടെ അടഞ്ഞ ലോകത്തെയാണ് ഇവിടെ ആവിഷ്‌ക്കരിക്കുന്നത്. വര്‍ത്തമാനകാലസമൂഹത്തിന്റെ ദുഷ്‌ടതയെക്കുറിച്ചുള്ള വിലയിരുത്തലാണ് മൂന്നാം ഭാഗത്തിലുള്ളത്. മനുഷ്യമനസ്സില്‍ ഒളിഞ്ഞുകിടക്കുന്ന ഭീകരതയുടെ ആഴംകണ്ടെത്തുക എളുപ്പമല്ല. സമൂഹത്തിന്റെ നിസ്സംഗതയാണ് ഇത്തരം ഭീകരതകള്‍ പുലരുന്നതിന് വഴിയൊരുക്കുന്നത്. ജലത്താലുള്ള മരണം എന്ന നാലാംഭാഗം നാശത്തിന്റെ പിടിയില്‍ നിന്നുള്ള മോചനത്തിന്റെ വഴിയന്വേഷിക്കുന്നു. ആത്മജ്ഞാനത്തിന്റെ കടല്‍സ്‌പര്‍ശമായി ജലമരണത്തെ വ്യാഖ്യാനിക്കുന്നു. ജലസ്‌പര്‍ശമേറ്റ് മരണലോകം പുല്‍കിയ നിരവധി മനുഷ്യരെക്കുറിച്ച് കൃതിയില്‍ പരാമര്‍ശമുണ്ട്.
ഇടിമുഴക്കം പറഞ്ഞത് എന്ന് പേരിട്ട അവസാന ഖണ്‌ഡത്തിലും കൃതിയിലുടനീളവും ജലസാന്നിധ്യം സ്വപ്‌നം പോലെ ഉറഞ്ഞു നില്‍ക്കുന്നു. അതിഭീഷണമായ വരള്‍ച്ചയെ നേരിടുന്ന സാമൂഹ്യമനസുകളില്‍ അബോധത്തിലെന്നവണ്ണം സദാകേള്‍ക്കുന്ന ജലമര്‍മരമാണ് പ്രതീക്ഷയുടെ പൂക്കാലമൊരുക്കേണ്ടത്. പക്ഷേ ഇവിടെ ജലം സ്വപ്‌നത്തില്‍ മാത്രം വിരുന്നെത്തുന്ന ഓര്‍മയുടെ ചില്ലുപാത്രത്തില്‍ മാത്രമാണുള്ളത്. പൗരസ്‌ത്യ ആത്മീയതയുടെ ചെറുനിനവുകള്‍ പതിഞ്ഞുകിടക്കുന്ന ഭാഗംകൂടിയാണ് ഇടിമുഴക്കം പറഞ്ഞത്. ഭയമുറഞ്ഞ ജീവിതാവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി ത്യാഗമാണെന്ന് ഇന്ത്യന്‍ ഉപനിഷത്തുകളെ അവലംബിച്ച് എലിയട്ട് പറഞ്ഞു വയ്‌ക്കുന്നു.
ജീവിച്ചിരിക്കലെന്ന അവസ്ഥ അത്ര എളുപ്പമല്ലെന്ന് കവി ഓര്‍മിപ്പിക്കുന്നു. ആത്മാവില്‍ ദരിദ്രമായ ജീവിതമാണ് ഓരോരുത്തരും ജീവിച്ചുതീര്‍ക്കുന്നത്. യുദ്ധം നല്‍കിയത് തീവ്രമായ നഷ്‌ടബോധവും നിരാശയും മാത്രമാണ്. എന്നിട്ടും മനുഷ്യര്‍ ചത്തുജീവിക്കുന്നു. പ്രതീക്ഷകളേതുമില്ലാതെയുള്ള ജീവിതം മരണമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്? ആധുനികമനുഷ്യനെ പ്രതീകവല്‍ക്കരിക്കാന്‍ എലിയട്ട് അവതരിപ്പിക്കുന്ന കഥാപാത്രമാണ് മുക്കുവരാജാവ്. മീന്‍പിടിത്തക്കാരന്‍ രാജാവിന് ലൈംഗികശേഷിയില്ല. ഷണ്‌ഡത്വം അയാള്‍ സ്വയം വരിക്കുന്നതാണ്. കന്യകമാരായ പെണ്‍കുട്ടികള്‍ക്കുമേല്‍ നടത്തിയ അതിക്രമങ്ങളാണ് രാജാവിനെ ഷണ്‌ഡനാക്കിയത്. ആ രാജാവിന്റെ വന്ധ്യരാജ്യമാണ് വേസ്റ്റ് ലാന്റ്. അവിടെയുള്ള എല്ലാ സസ്യജന്തുജാലങ്ങളും വന്ധ്യതാക്കുരുക്കില്‍ അകപ്പെട്ടിരിക്കുന്നു.
തകര്‍ന്ന ബിംബങ്ങളും പാശ്ചാത്യ പൗരസ്‌ത്യപുരാണ സൂചനകളും നിരപ്പുകെട്ട് നില്‍ക്കുന്ന വാക്യഘടനയും ചേര്‍ന്നൊരുക്കുന്ന ഉദാത്തവിരുന്നാണ് വേസ്റ്റ്‌ലാന്റ്. ടി എസ് എലിയറ്റിന്റെ കാവ്യക്കരുത്ത് അയ്യപ്പപ്പണിക്കരിലൂടെ മലയാളിയും അനുഭവിച്ചു. ഏപ്രിലാണേറ്റവും ക്രൂരമെന്ന് പറഞ്ഞ് തുടങ്ങുന്ന വേസ്റ്റ് ലാന്റിലെ ആദ്യവരികളെ തരിശുനിലത്തില്‍ അയ്യപ്പപ്പണിക്കര്‍ തന്റെ ഇംഗ്ലീഷ് ഭാഷാപാണ്‌ഡിത്യവും മലയാളകാവ്യബോധവും ചേര്‍ത്ത് അവതരിപ്പിച്ചതിങ്ങനെയാണ്
ഏപ്രിലാണേറ്റവും ക്രൂരമാസം,മൃത-
ധാത്രിയില്‍ നിന്നു ലൈലാക വളര്‍ത്തിയും
മോഹവുമോര്‍മയും കൂട്ടിക്കലര്‍ത്തിയും
വാസന്തമഴയാല്‍ ജഡവേരുണര്‍ത്തിയും
ഹേമന്തം നമുക്കു ചൂടുതന്നു സംരക്ഷിച്ചു
മറവിയാര്‍ന്ന മഞ്ഞില്‍ ഭൂമിയെ
മൂടിപ്പൊതിഞ്ഞും
ഉണക്കക്കിഴങ്ങാല്‍ അല്‌പമൊരു ജീവിതം
പോറ്റിയും
ഗ്രീഷ്‌മം നമ്മെ അദ്‌ഭുതപ്പെടുത്തി,
സ്റ്റാണ്‍ബെര്‍ഗര്‍സേയ്‌ക്കുമീതെ
ഒരു മഴച്ചാറ്റലുമായ് വന്ന്.,വൃക്ഷനിരയില്‍ നാം
തങ്ങിനിന്നു
പിന്നെ വെയിലത്തേക്കു നടന്നു,
ഹൊഫ്‌ഗാര്‍ട്ടനിലേയ്‌ക്ക്.
എലിയറ്റിനെപ്പോലെയുള്ള നിരപ്പില്ലാവാക്യഘടനയാല്‍ വിവര്‍ത്തനം നിര്‍വഹിക്കുകയാണ് അയ്യപ്പപ്പണിക്കരും ചെയ്‌തത്. യഥാര്‍ഥ കാവ്യത്തിന്റെ വായനാനുഭവമൊരുക്കുന്നതിന് ഈ മൊഴിമാറ്റം വളരെയേറെ സഹായകമാണ്.
ഇരുപതാംനൂറ്റാണ്ടു കണ്ട അദ്‌ഭുതകവിയാണ് തോമസ് സ്റ്റീംസ് എലിയട്ട് എന്ന ടി എസ് എലിയട്ട്. വ്യക്തികളിലൂടെയാണ് ലോകത്ത് മാനവികതയുടെ മിന്നലൊളി പരക്കേണ്ടതെന്ന് വിശ്വസിച്ച കവിയാണദ്ദേഹം. ഒരിക്കലും അഴിയാത്ത കുരുക്കുപോലെ ഈ കാവ്യം ആസ്വാദകരെ വട്ടം ചുറ്റിച്ചു. വേസ്റ്റ് ലാന്റ് പരത്തിയ പ്രഭാപൂരം ലോകസാഹിത്യത്തിലേക്കും പടര്‍ന്നു. മലയാളത്തിലെ അതിന്റെ തിളക്കമാണ് അയ്യപ്പപ്പണിക്കരുടെ കുരുക്ഷേതത്തില്‍ പ്രതിഫലിച്ചുകണ്ടത്. വാക്കിന്റെ വഴികള്‍ തേടുന്നവരെ പ്രലോഭിപ്പിക്കുന്ന ദിവ്യനക്ഷത്രമാണ് വേസ്റ്റ് ലാന്റ്. നൂറുവര്‍ഷങ്ങള്‍ക്കിപ്പുറവും ചോരാത്ത നക്ഷത്രവീര്യവുമായി വേസ്റ്റ് ലാന്റ് മലയാളിയുടെ ഭാവുകത്വത്തെ നവീകരിച്ചുകൊണ്ടിരിക്കുന്നു.