Site iconSite icon Janayugom Online

സമകാലത്തിന്റ മാറ്റൊലി

കാലത്തിന്റെ വസ്തുതാവിവരണമല്ല ചരിത്രമായി ഗണിക്കപ്പെടേണ്ടത്. സംഭവങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുകയും അവയിൽനിന്ന് അടുത്ത തലമുറയ്ക്കായി കണ്ടെടുക്കുന്നവ അടയാളപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നതാണ് ശരിയായ ചരിത്രം. വർത്തമാനകാല വസ്തുതകൾ പലതും നമ്മുടെ കൺമുമ്പിൽ തന്നെ വളച്ചൊടിക്കുകയോ തമസ്കരിക്കുകയോ ചെയ്യുമ്പോൾ ചരിത്രപാഠങ്ങൾ തീർത്തും അയഥാർത്ഥമാവാനേ തരമുള്ളൂ. ഈ പരിതോവസ്ഥയിലാണ് രമേശ് ബാബുവിന്റെ ‘മാറ്റൊലി’ പ്രസക്തമാവുന്നത്. ശരിയായ മാധ്യമപ്രവർത്തനത്തിന്റെ ഉത്തരവാദിത്തത്തോടെയാണ് രമേശ്ബാബു വർത്തമാനകാല സംഭവങ്ങളെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നത്. മനുഷ്യപക്ഷത്തു നിന്നുകൊണ്ടുള്ള കാഴ്ചയും വിശകലനവുമാണത്. മാധ്യമങ്ങളിലെ പ്രതിദിന റിപ്പോർട്ടിങ്ങിന്റെ പുറംകാഴ്ചാ സ്വഭാവമല്ല അവയ്ക്ക്. ആഴവും ആലോചനയിലെ ആത്മാർത്ഥതയും അക്ഷരങ്ങളിൽ തിളങ്ങി നിൽക്കുന്നു. വിഷയസ്വീകാരത്തിലെ വൈവിധ്യതയും വിവരണങ്ങളിൽ അന്തർലീനമായ പ്രസാദത്മകനർമ്മവും വായനയെ രസനീയമാക്കുന്നു.

പ്രാദേശികമായ സംഭവങ്ങളിലെ നേരു തിരയുന്ന അതേ സൂക്ഷ്മതയോടെ ദേശീയ രാജ്യാന്തര കാര്യങ്ങളെയും രമേശ് ബാബുവിന് കാണാനാവുന്നുവെന്നതും ‘മാറ്റൊലി‘യിലെ ലേഖനങ്ങളിലൂടെ കടന്നു പോകുമ്പോൾ വ്യക്തമാവുന്നു. മാറ്റൊലിയെന്ന പേരിൽ ജനയുഗത്തിൽ പ്രസിദ്ധീകരിച്ച പംക്തിയിലുൾപ്പെട്ട ലേഖനങ്ങളിൽ നിന്ന് തിരഞ്ഞെടുത്തവയാണ് അതേ പേരിൽ പുസ്തകമാക്കിയിരിക്കുന്നത്. പ്രശസ്ത മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കറുടെ അവതാരിക പുസ്തകത്തിന് മാറ്റുകൂട്ടുന്നു. കാല ചരിത്ര പഠിതാക്കൾക്ക്, കേരളം ഈ ദശകങ്ങളിൽ എങ്ങനെയായിരുന്നുവെന്ന് മനസിലാക്കാൻ ഈ പുസ്തകം സഹായകമാകുമെന്നുറപ്പ്.

മാറ്റൊലി
(ലേഖനങ്ങൾ)
രമേശ് ബാബു
സുജിലി പബ്ലിക്കേഷൻസ്
വില: 300 രൂപ

Exit mobile version