സ്വപ്നങ്ങൾ കാണാത്തവരായി ആരുമുണ്ടാകില്ല, പക്ഷെ ഒരേ സ്വപ്നങ്ങൾ വീണ്ടും വീണ്ടും കാണുകയും അത് ഫലപ്രാപ്തിയിലെത്താൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നവർ വളരെ ചുരുക്കമായിരിക്കും. എന്നിട്ടവർ ജീവിക്കുകയും മറ്റുള്ളവരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. അവർക്കുണ്ടാകുന്ന ഓരോ വിജയവും സ്വന്തം വിജയമായും സമ്പത്തായും കണ്ട് മാതൃകാ ജീവിതം നയിക്കുന്ന ചിലർ. അത്തരത്തിലൊരാളുണ്ട് നമ്മുടെ പൊലീസ് സേനയിൽ. കാക്കിയുടെ കാർക്കശ്യത്തിനും ഉത്തരവാദിത്വത്തിനുമപ്പുറം ആർദ്രതയുള്ള ഹൃദയവുമായി പുതുതലമുറയെ നേർവഴിക്ക് നടത്താൻ പരിശ്രമിക്കുന്ന ഒരാൾ. കൊല്ലം സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ പന്മന ഇടപ്പള്ളിക്കോട്ട പൂഞ്ഞിരിക്കൽ വീട്ടിൽ നജിബിന്റെ ജീവിതം വലിയൊരു പാഠപുസ്തകമാണ്. കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള നജിബ് മികച്ച പൊലീസ് ഉദ്യോഗസ്ഥൻ എന്നതിലുപരി ഫുട്ബോൾ, കബഡി, ഖോഖോ, അത്‌ലറ്റിക് ഇനങ്ങളിൽ മികച്ച താരം കൂടിയാണ്. ജീവിതത്തിൽ ഇതെല്ലാമുണ്ടെങ്കിലും ഇദ്ദേഹം ജീവിത വിജയമായി കാണുന്ന മറ്റുചിലതുകൂടിയുണ്ട്.
33 വർഷമായി നടത്തുന്ന കായിക പരിശീലനമാണ് അതിലൊന്ന്. ഇത്രയും കാലത്തിനിടയ്ക്ക് ഒരാളിൽ നിന്ന് പോലും ഫീസിനത്തിൽ ഒരുരൂപയും വാങ്ങാതെയാണ് പരിശീലനം നടത്തുന്നതെന്ന് കേട്ടാൽ ആരായാലും ഒന്ന് അമ്പരക്കും. ഫീസ് വാങ്ങാതെ ഇതുവരെ ഈ ഉദ്യോഗസ്ഥൻ പരിശീലനം നൽകിയത് ഏകദേശം 30000 ത്തോളം പേർക്കാണ്. ഇതിൽ 7000 പേർ നിലവിൽ സൈനിക, പൊലീസ് മേഖലയിലടക്കം ജോലി ചെയ്യുകയാണ്. ഏത് പ്രതിബന്ധങ്ങളുണ്ടെങ്കിലും എല്ലാദിവസവും പുലർച്ചെ 5.10 ആയാൽ പന്മന വാലിയത്ത് സെൻട്രൽ സ്‌കൂൾ മൈതാനത്ത് കായിക പരിശീലനം ആരംഭിച്ചിരിക്കും. ആൺ, പെൺ വ്യത്യാസമില്ലാതെ ആയിരത്തോളം ഉദ്യോഗാർത്ഥികൾ എപ്പോഴും പരിശീലനത്തിനായി ഇദ്ദേഹത്തോടൊപ്പമുണ്ടാകും. ഏത് മേഖലയിലായാലും തൊട്ടതിനും പിടിച്ചതിനുമൊക്കെ ഫീസിനത്തിൽ ലാഭം കൊയ്യുന്ന പരിശീലകരുള്ള നാട്ടിൽ പണത്തോട് ആഗ്രഹമില്ലാതെ പുതുതലമുറയെ ആരോഗ്യവാന്മാരായി വാർത്തെടുക്കുന്നതിൽ അഭിമാനം കണ്ടെത്തുകയാണ് ഈ പൊലീസുകാരൻ. എന്തുകൊണ്ട് ഫീസൊന്നും വാങ്ങുന്നില്ലെന്ന് ചോദിച്ചാൽ നജിബ് നൽകുന്ന മറുപടിക്ക് മറുചോദ്യമൊന്നുമുണ്ടാകില്ല. തന്റെ പരിശീലനം നേടിയ ശിഷ്യർ ജോലിവാങ്ങി യൂണിഫോമിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന കാഴ്ചയ്ക്ക് പകരം വയ്ക്കാൻ ഒരു പണത്തിന്റെ മൂല്യത്തിനും കഴിയില്ലെന്ന മറുപടിയിലുണ്ട് ഈ ഉദ്യോഗസ്ഥന്റെ ചിന്തയുടെയും കാഴ്ച്ചപാടിന്റെയും വ്യാപ്തി.
അഞ്ചിൽ നിന്ന് ആയിരത്തിലേക്ക്
1990 ലാണ് നജിബ് പൊലീസ് സേനയിലെത്തുന്നത്. കഠിനമായ പരിശ്രമത്തിനും കായിക പരിശീലനത്തിനും ശേഷം സേനയിൽ ജോലി ലഭിച്ചെങ്കിലും എല്ലാദിവസവും പുലർച്ചെയുള്ള പരിശീലനത്തിൽ നിന്ന് പിന്നാക്കം പോകാൻ നജിബിന് മനസ് വന്നില്ല. തങ്ങളെക്കൂടി പരിശീലിപ്പിക്കണമെന്ന ആവശ്യവുമായി സമീപിച്ച പ്രദേശവാസികളായ അഞ്ച് പേരെ നിരാശരാക്കാതിരുന്നതിൽ തുടങ്ങിയതാണ് കായിക പരിശീലന കളരി. അന്ന് ചവറ കെഎംഎംഎൽ മൈതാനത്തായിരുന്നു പരിശീലനം നടത്തിയിരുന്നത്. ഇവർ അഞ്ച് പേരും ഉയർന്ന ഉദ്യോഗം നേടിയതോടെ മറ്റുള്ളയിടങ്ങളിൽ നിന്നും നജിബിനെ തേടി ഉദ്യോഗാർത്ഥികളെത്തുകയായിരുന്നു. അഞ്ച് എന്ന അക്കത്തിൽ നിന്ന് പത്തായും നൂറായും ഉദ്യോഗാർത്ഥികളുടെ എണ്ണം ഉയർന്നു. ഇതോടെ സൗജന്യ കായിക പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെ ഇടപ്പള്ളിക്കോട്ട കേന്ദ്രമാക്കി ഹെൽത്ത് എവേക്കനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഹായ്) എന്ന സംഘടനയ്ക്ക് രൂപം നൽകി. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും നജിബിനൊപ്പം സഹകരിച്ചു. ഇപ്പോൾ ഹായ് സംഘടനയെ ഏകദേശം 65ഓളം പേരാണ് നേതൃത്വം നൽകുന്നത്. ആറ് മാസം മുമ്പ് മിലിട്ടറി പരീക്ഷയുമായി ബന്ധപ്പെട്ടുള്ള ബാച്ചിൽ 200 പെൺകുട്ടികൾ ഉൾപ്പെടെ ആയിരത്തോളം ഉദ്യോഗാർത്ഥികളാണ് പരിശീലനം നേടിയത്. എസ്ഐ, ആംഡ് റിസർവ് ബറ്റാലിയൻ എന്നിവയിലേക്കുള്ള പരിശീലനത്തിനായി നിലവിൽ 300ഓളം ഉദ്യോഗാർത്ഥികൾ പരിശീലനം നടത്തുന്നുണ്ട്. ഇവർക്കെല്ലാം സൗജന്യ ജിംനേഷ്യത്തിനും അവസരമൊരുക്കിയാണ് പരിശീലനം പൂർത്തീകരിക്കുന്നത്.
ലഹരിക്കെതിരെ കരുതലായി
ഒഴിവ് സമയങ്ങളിൽ സ്‌കൂളുകൾ, കോളജുകൾ, ഗ്രന്ഥശാലകൾ എന്നിവകൾ കേന്ദ്രീകരിച്ച് മോട്ടിവേഷൻ ക്ലാസുകളും, ട്രാഫിക്, ലഹരി വിരുദ്ധ അവബോധക്ലാസുകളും നടത്താറുണ്ട് നജിബ്. ഇത്തരത്തിൽ 600 ഓളം ക്ലാസുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ഇത്തരം ക്ലാസുകളും പൂർണമായും സൗജന്യമായാണ് നജിബ് നടത്തിയിട്ടുള്ളത്. സാമൂഹ്യപ്രതിബദ്ധത എന്ന ഒറ്റവാക്കിൽ ഒതുക്കുന്ന തരത്തിലുള്ള പ്രവർത്തനമല്ല ഇക്കാര്യത്തിൽ അദ്ദേഹം നടത്തുന്നതെന്ന് അടുപ്പമുള്ളവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പ്രളയത്തിൽ സന്നദ്ധപ്രവർത്തനം
പ്രളയം കേരളത്തെ നടുക്കിയപ്പോൾ വീടിനുള്ളിൽ സ്വന്തം കാര്യം നോക്കിയിരിക്കാനും നജിബിന് കഴിഞ്ഞില്ല. ഒപ്പം കൂടിയ 270 സന്നദ്ധപ്രവർത്തകരുമായി പ്രളയഭൂമിയിലേക്ക് യാത്ര തിരിക്കാൻ നജിബിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. രണ്ട് നിലയ്ക്ക് മുകളിൽ വെള്ളം ഉയർന്ന് ചെളിക്കെട്ടായി മാറിയ പത്തനംതിട്ട കോയിപ്പുറം സ്‌കൂളിലെത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും നജിബ് മുന്നിലുണ്ടായിരുന്നു. ഏകദേശം പത്ത് ദിവസത്തോളമെടുത്താണ് സ്‌കൂൾ പൂർണമായും ശുചീകരിക്കാനായത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഈ പ്രവർത്തനത്തെ മാനിച്ച് നജീബിനെ ആദരിച്ചിരുന്നു. രണ്ടാം പ്രളയകാലത്ത് കുട്ടനാട് മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഇദ്ദേഹമുണ്ടായിരുന്നു. ഹായ് പ്രവർത്തകരും നജിബും ചേർന്ന് ഭക്ഷ്യവസ്തുക്കളും മറ്റും എത്തിച്ചുനൽകി. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിലും ഓടിയെത്തി കാരുണ്യ പ്രവർത്തനം നടത്താനും നജിബ് മുന്നിലുണ്ടായിരുന്നു.
കോവിഡിലും കൂട്ടായി
കോവിഡ് കാലത്ത് സിഎഫ്എൽടിസികളിൽ സന്നദ്ധ പ്രവർത്തനത്തിലും നജിബ് ഓടിനടന്നു. ഭക്ഷണം എത്തിക്കുന്നതിലും ശുചീകരണ പ്രവർത്തനത്തിലും എന്നുവേണ്ട എന്തിലും ഇതിലും നജിബിന്റെ കൈകളുണ്ടായിരുന്നു. 2000 പേർക്ക് രണ്ട് നേരം ഭക്ഷണം എത്തിക്കേണ്ട ചുമതലയേറ്റപ്പോൾ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നെങ്കിലും ഒരാൾക്ക് പോലും ഭക്ഷണം മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ബുദ്ധിമുട്ടിലായ അറുപതോളം പേർക്ക് 10 കിലോ വീതം വീട്ടിലെത്തിച്ച് നൽകാനും ഇദ്ദേഹത്തിനായി. കൺട്രോൾ റൂം ചുമതലയുണ്ടായിരുന്ന സമയത്ത് തെരുവോരങ്ങളിൽ കഴിയുന്നവരുടെ വിശപ്പടക്കാൻ എല്ലാ ദിവസവും ഭക്ഷണപ്പൊതികൾ എത്തിച്ച് നൽകാനും ഈ ഉദ്യോഗസ്ഥൻ മറന്നില്ല.
ഒറ്റദിവസം ശുചീകരിച്ചത് 100 ആനവണ്ടികൾ
കോവിഡ് കാലത്ത് നജിബിന്റെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തകർ കരുനാഗപ്പള്ളി കെഎസ്ആർടിസി ഡിപ്പോയിലെ 100 ബസുകൾ കഴുകി വൃത്തിയാക്കിയ സംഭവം വാർത്താ പ്രാധാന്യം നേടിയിരുന്നു. വനിതകൾ അടക്കമുള്ള സംഘം ഒറ്റദിവസം കൊണ്ടാണ് 100 ബസുകൾ കഴുകി വൃത്തിയാക്കിയത്.
പ്രണയം പാട്ടിനോട്
സന്നദ്ധ പ്രവർത്തനവും കായിക പരിശീലനവുമൊക്കെയുണ്ടെങ്കിലും നജിബിന് കൂടുതൽ ഇഷ്ടം പാട്ടുകളോടാണ്. ഭാര്യയും മകളും മകനുമടങ്ങുന്ന കുടുംബത്തിലെ എല്ലാവരും പാട്ടിനെ പ്രണയിക്കുന്നവരാണ്. പാട്ടിനോടുള്ള പ്രണയം നജിബിനെ ഗായകനാക്കി. മികച്ച ഗായകരായ മക്കളും ഭാര്യയുമൊക്കെയടങ്ങുന്ന ഒരു സംഗീത കുടുംബം കൂടിയാണ് നജിബിന്റെത്. വീട്ടിലെ വിശേഷ ദിവസങ്ങളിലെല്ലാം പാട്ട് മുഖ്യ ഘടകമാണ്. ഫ്ളവേഴ്സ് ചാനലിൽ കോമഡി ഉത്സവം റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട് നജിബും മക്കളും. മകൾ അഞ്ജല റിസ്‌വാന കൈരളി ടിവിയിലെ ഗന്ധർവസംഗീതത്തിലും മാറ്റുരച്ചിട്ടുണ്ട്.
പടിയിറക്കം
മൂന്ന് ദശാബ്ദത്തോളം നീണ്ട പൊലീസ് സേവനത്തിന് ശേഷം 31ന് സർക്കാർ സർവീസിൽ നിന്ന് വിരമിക്കുകയാണ് നജിബ്. വിശ്രമജീവിതത്തെ പറ്റിയും കൃത്യമായ കാഴ്ചപ്പാടുണ്ട് അദ്ദേഹത്തിന്. വിശ്രമജീവിതം എന്ന വാക്ക് തന്നെ അപ്രസക്തമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കഴിഞ്ഞുപോയ എല്ലാദിവസത്തെയും പോലെ പുലർച്ചെ തന്നെ കായിക പരിശീലനം തുടരുക തന്നെചെയ്യും. കൂടുതൽപേരെ മികച്ച ആരോഗ്യവാന്മാരാക്കി മാറ്റുന്നതിനൊപ്പം സർക്കാർ സേവന മേഖലയിലേക്ക് കൂടുതൽ ശിഷ്യരെ എത്തിക്കണമെന്നുമാണ് നജിബിന്റെ ആഗ്രഹം.
സന്തുഷ്ട കുടുംബം
എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും പിന്തുണവും നൽകുന്ന കുടുംബവുമാണ് തന്റേതെന്ന് നജിബ് പറയുന്നു. തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ അധ്യാപികയായ നിസയാണ് നജിബിന്റെ ഭാര്യ. മകൾ അഞ്ജുല റിസ്‌വാന ഫിലിപ്പീൻസിൽ എംബിബിഎസ് പഠനം പൂർത്തിയാക്കി അടുത്തമാസം നാട്ടിലെത്തും. മകൻ അസ്‌ലം ലാസിം ചെമ്പൈ സംഗീത കോളജിൽ വിദ്യാർത്ഥിയാണ്.