Site iconSite icon Janayugom Online

മന്ദാകിനിയുടെ നാട്

മന്ദാകിനിമോഹിപ്പിക്കുന്നത് ശാന്തപ്രകൃതിയാലും വശ്യസുന്ദരമായ തീരങ്ങള്‍ കൊണ്ടുമാണ്. പൂമരങ്ങളും പുല്‍മേടുകളും നീര്‍പ്പക്ഷികളും വര്‍ണതത്തകളും വിരാജിക്കുന്ന ചിത്രകൂട പര്‍വ്വതത്തിനെ സാമ്യമകന്നോരുദ്യാനമാക്കുന്ന ദേവഗംഗയെന്ന മന്ദാകിനി. വാല്മീകി രാമായണത്തില്‍ ചിത്രകൂടപര്‍വ്വതത്തിന്റെ ചാരത്തായി ഈ സുന്ദരിപ്പുഴ മന്ദതാളത്തില്‍ നിറഞ്ഞൊഴുകുന്നു. ഹിമാലയത്തില്‍ ചരബരിഹിമാനികളില്‍ നിന്നും ഉരുവം കൊള്ളുന്ന മന്ദാകിനിയുടെ ഉത്ഭവസ്ഥാനത്തെ കേദാര്‍നാഥിലേക്കുള്ള യാത്ര ഓരോ അണുവിലും ത്രസിപ്പിക്കുന്നതായിരുന്നു. ചതുര്‍ധാമങ്ങളില്‍ (ഗംഗോത്രി, യമുനോത്രി, കേദാര്‍നാഥ്, ബദരീനാഥ്) മൂന്നിലും പലവട്ടം എത്തിപ്പെടാന്‍ സാധിച്ചുവെങ്കിലും കേദാരം പിടിതരാതെ വഴുതി നിന്നു.

 

 

 

ഇത്തവണത്തെയാത്രയ്ക്ക് വേറൊരു പ്രത്യേകതകൂടിയുണ്ടായി. ഓരോ മനുഷ്യനേയും അവനവനിലേക്ക് ചുരുക്കിയ ഏകാന്തതയുടെ കോവിഡ് മഹാമാരിക്കാലത്ത് വന്നു പെട്ട ഗൗരവമായ ആരോഗ്യപ്രശ്നങ്ങളെ അതിജീവിച്ചിട്ടേയുണ്ടായിരുന്നുള്ളൂ. അല്പകാലം നീണ്ട ചികിത്സകളുടെ അവസാനം. അതുകൊണ്ടുതന്നെ ദീര്‍ഘവും കഠിനവുമായ യാത്രകള്‍ മനസില്‍ ആശങ്കകളുമായിരുന്നു. പക്ഷെ, അതിനുമപ്പുറം ഒരു റീ-ചാര്‍ജ്ജ് ആവശ്യമായിരുന്നു. പ്രതീക്ഷകള്‍ ഓര്‍മ്മകളിലെ സ്വപ്നസഞ്ചാരങ്ങളായി നിറഞ്ഞുനിന്ന് മനസിനെ സജ്ജമാക്കിക്കൊണ്ടേയിരുന്നു.

ഞങ്ങളുടെ സംഘം ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെത്തിയത് ഗംഗോത്രിയിലേക്ക് പോകുവാനാണ്. വഴിയിലെ മലയിടിച്ചിലില്‍ രണ്ടു ദിവസമായി ഗംഗോത്രി മാര്‍ഗം അടച്ചിട്ടിരിക്കുകയാണെന്ന് ഉത്തരകാശിയിലാണ് അറിയുന്നത്. വഴി തുറക്കും എന്ന പ്രതീക്ഷയില്‍ ഒരു ദിവസം കാത്തെങ്കിലും നിരാശയായി. സമയനഷ്ടമില്ലാതെ എത്രയും പെട്ടെന്ന് കേദാറിലേക്ക് എന്ന തീരുമാനം പെട്ടെന്നുണ്ടായി. നേരത്തേ ഉത്തരകാശിയില്‍ നിന്ന് ധാരാസു, ചമ്പ, ശ്രീനഗര്‍(ഗഡ്വാള്‍), വഴി കേദാര്‍നാഥിലെത്തണമായിരുന്നു. പുതിയ ഇടറോഡ് ബുദ്കേദാര്‍— അയര്‍ഖല്‍ വന്നതോടെ ഉത്തരകാശിയില്‍ നിന്ന് ബുദ്കേദാര്‍, ഗന്‍സാലി, തില്‍വാഡ വഴി കേദാറിലേക്ക് എളുപ്പവഴിയായി. ഗ്രേറ്റര്‍ ഹിമാലയത്തിലെ മനോഹരങ്ങളായ നിത്യഹരിതവനങ്ങളിലൂടെയുള്ള ഈ യാത്ര ശീലമുള്ള ഇതര ഉത്തരാഖണ്ഡ് പ്രദേശങ്ങളിലെ യാത്രകളില്‍ നിന്ന് വ്യത്യസ്ഥമായിത്തോന്നി. നിബിഢവനങ്ങളുടെ ഹിമാലയക്കാഴ്ചകള്‍ നവോന്മേഷം പകര്‍ന്നു.
അന്നു രാത്രിയില്‍ കേദാറിലെ സോനപ്രയാഗിലെത്താനുള്ള ശ്രമം വിഫലമായി. ഗന്‍സാലി കഴിഞ്ഞുള്ള ഒരു മലയിടിച്ചിലില്‍ ഞങ്ങളും കുടുങ്ങി. കണ്‍മുന്നില്‍ വലിയ ഉരുള്‍കല്ലുകള്‍ അടര്‍ന്നു വീണ്, റോഡിനെയും തകര്‍ത്ത് താഴത്തേക്കുപോകുന്ന ഭീകരന്‍ കാഴ്ച. അല്പം പിറകോട്ട് സഞ്ചരിച്ച് പരിസരത്തുള്ള ഒരു ഗ്രാമത്തിലെ ചെറുലോഡ്ജില്‍ അഭയംതേടേണ്ടി വന്നു. രാവിലെ യാത്ര തുടരേണ്ടിയിരിക്കുന്നു. മണ്ണിടിച്ചില്‍ മാറി, നിരപ്പാക്കിയ റോഡിലൂടെ സോനപ്രയാഗിലെത്തി. അവിടെനിന്നും ഗൗരീകുണ്ഡ് വരെയേ ജീപ്പുകള്‍ കിട്ടു. ഗൗരീകുണ്ഡില്‍ നിന്നാണ് ട്രക്കിംഗ് ആരംഭിക്കുന്നത്.

 

 

ഗൗരീകുണ്ഡില്‍ നിന്നും കേദാര്‍വഴിയില്‍ മന്ദാകിനി ഒപ്പമുണ്ട്. കേദാറില്‍ നിന്നൊഴുകുന്ന മന്ദാകിനി രുദ്രപ്രയാഗില്‍ വച്ച് അളകനന്ദയില്‍ ചേരുകയാണ്. ചോരാബാരി ഹിമാനികളില്‍ നിന്നൊഴുകുന്ന മന്ദാകിനി, തെക്കോട്ടൊഴുകി വാസുകി ഗംഗയുമായി ചേരുന്നു. ആ പ്രവാഹം രുദ്രപ്രയാഗില്‍ വച്ച് അളകനന്ദയുമായും ചേരുന്നു. തുടര്‍ന്ന് ദേവപ്രയാഗില്‍ വച്ച് അളകനന്ദ ഭാഗീരഥിയില്‍ ചേര്‍ന്ന് ഗംഗയായി ഒഴുകുന്നു. ആത്യന്തികമായി ഇന്ത്യയുടെ സംസ്കാരിക ചരിത്രത്തിന്റെ ജീവനാഡിയായൊഴുകുന്ന ഗംഗയെന്ന മഹാനദി മന്ദാകിനിയെന്ന പോഷകനദിയേയും ഗര്‍ഭത്തില്‍ വഹിക്കുന്നു. ഗൗരീകുണ്ഡ് സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലാണ്. കേദാര്‍നാഥ് എത്തുമ്പോഴേക്കും 3500 ഉയരം മീറ്ററും. വഴിയുടെ ദുര്‍ഘടം ഊന്നിക്കാവുന്നതേയുള്ളൂ. ഞങ്ങളുടെ എട്ടംഗസംഘം രണ്ടു പോണിക്കുതിരകളെക്കൂടി ഏര്‍പ്പാടാക്കി.

2013 ലെ മേഘ വിസ്ഫോടനവും പ്രളയവും സ്വാഭാവിക വഴി പലയിടത്തും ഇല്ലാതാക്കിയിരുന്നു. നേരത്തേതന്നെ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ സൈറ്റിലൂടെ ചാര്‍ധാം യാത്രക്കുളള രജിസ്ട്രേഷന്‍ എടുത്തതിനാല്‍ അത്തരം കടമ്പകള്‍ എളുപ്പമായി. സഞ്ചാരികളെ ട്രാക്ക് ചെയ്യാനും തിരക്ക് നിയന്ത്രിക്കാനും ഈ രജിസ്ട്രേഷന്‍ നിബന്ധനകളിലൂടെ കഴിയുന്നു. അകലെ തെളിഞ്ഞ ആകാശത്തില്‍ കണ്ട മഞ്ഞുപര്‍വതശിഖരങ്ങള്‍ പ്രലോഭിപ്പിച്ചു കൊണ്ടേയിരുന്നു. ഞങ്ങള്‍ ഉയരങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചു. 16 കിലോമീറ്ററാണ് ഗൗരീകുണ്ഡില്‍ നിന്ന് കേദാരത്തിലേക്കുള്ള ട്രക്കിംഗ് ദൂരം. ജംഗല്‍ചെട്ടി പിന്നിട്ട് ഭിംബലി ആയപ്പോഴേക്കും ശരീരം തളര്‍ന്നു തുടങ്ങിയിരുന്നു. ചാറ്റല്‍ മഴയില്‍ വഴുക്കന്‍ സ്ഥലത്തുകൂടെ പോണിക്കുതിരപ്പുറത്തെ യാത്രയും അപകടകരമായിരുന്നു. കുതിരപ്പുറത്താണ് യാത്രയെങ്കിലും അവയെ മേയ്ക്കുന്ന കുതിരക്കാര്‍ യാത്രികര്‍ക്ക് യാതൊരു സുരക്ഷയും കരുതുന്നില്ലായിരുന്നു. കുതിരച്ചാണകവും ചെളിയും കുഴഞ്ഞവഴികളില്‍ കുതിരകള്‍ കാലിടറി മൂക്കുകുത്തുമ്പോള്‍ യാത്രികരും താഴെപ്പതിച്ചേക്കാം. മിക്കപ്പോഴും സുരക്ഷിതമായി കുതിരപ്പുറത്തു നിന്നും ഇറങ്ങിനടന്നു.

രംബാരാ എന്ന സ്ഥലത്ത് പഴയ ട്രക്കിംഗ് വഴിയവസാനിക്കുന്നു. കേദാര്‍നാഥിലേക്കുള്ള യാത്രയിലെ ഒരു പ്രധാന ഇടത്താവളമായിരുന്ന രംബാരാ 2013 ലെ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞു. ഇവിടെ മന്ദാകിനിക്കു കുറുകേയുള്ള പാലത്തിലൂടെ അക്കരെയെത്തി വേറൊരു മലചുറ്റിയായിരുന്നു പുതിയ വഴി. രംബാരാകഴിഞ്ഞ് കുത്തനെയുള്ള വഴികള്‍ പിന്നിടുമ്പോള്‍ കേദാര്‍നാഥിന് ഒരു കിലോമീറ്റര്‍ ഇപ്പുറം കുതിരകളുടെ സഞ്ചാരം അവിടെ അവസാനിക്കുകയാണ്.
സന്ധ്യയായി. നേരുത്തേയെത്തിയ ഞങ്ങള്‍ക്കായി അന്തിയുറങ്ങാന്‍ ഇടം കണ്ടെത്തേണ്ട ചുമതല. ശരീരം ഉറയുന്ന ശൈത്യം… ഞങ്ങള്‍ എട്ടുപേര്‍ക്കും കുറഞ്ഞ തുകയ്ക്ക് ഒരു ടെന്റ് തരപ്പെടുത്തി. തറയില്‍ പലകയടുക്കി റജോയി(കിടക്കസഞ്ചി) വിരിച്ചിരിക്കുകയാണ്. ശേഷിച്ചവര്‍കൂടി അവിടെയെത്തിച്ചേരുന്നതുവരെ ടെന്റിനു പുറത്ത് കൊടും തണുപ്പില്‍ അവരെക്കാത്ത് കാവല്‍ നില്‍ക്കേണ്ടി വന്നു. ശീതക്കാറ്റില്‍ ചാറിപ്പെയ്യുന്ന മഞ്ഞുതുളളികള്‍. ഇരുളിന്റെ വന്യതയില്‍ താഴെ മേഘഗര്‍ജനം പോലെ മന്ദാകിനി കുത്തിയൊഴുകുന്നു. ഏതാണ്ട് ഏഴെട്ടുമണിക്കൂര്‍ നീണ്ടയാത്ര ഏവരേയും ക്ഷീണിതരാക്കി. ആ ടെന്റില്‍ അന്നത്തെ രാത്രി തളര്‍ന്നുറങ്ങി. ഇനിയും ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെയാണ് കേദാര്‍നാഥ്. ഒരു അജ്ഞാത ദേശത്ത് എത്തപ്പെട്ടപോലെ, പരിചിതമായി മന്ദാകിനിയുടെ ശബ്ദം മാത്രം.
രാവിലെ പരിമിതമായ സൗകര്യങ്ങളില്‍ പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിച്ചു. ആകെ ക്ഷീണിതനായിരുന്നു. പിന്നെയും ചെറുകയറ്റങ്ങള്‍, വഴിയില്‍ ഹെലിപാഡ് കാണാം. താഴ്വാരത്തു നിന്നും ആളുമായി വന്നിറങ്ങി തിരികെയുള്ളവരേയും കയറ്റിപ്പോകുന്ന അക്ഷമരായ ആകാശത്തുമ്പികള്‍. ഹെലികോപ്റ്ററില്‍ വന്നുള്ള തീര്‍ത്ഥാടകരുടെ ഇറക്കവും കയറ്റവുമൊക്കെ സ്വിച്ചിട്ടമാതിരിയായിരുന്നു. ഹെലികോപ്റ്റര്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട് വ്യാജസൈറ്റുകളിലൂടെ ഒരുപാട് തട്ടിപ്പുകളും ഇവിടെ നടക്കുന്നുണ്ട്. ഹെലിപാഡിന്റെ പരിസരത്തൊക്കെ കടകളുണ്ട്. രാവിലെതന്നെ കേദാരത്തിലേക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക്. ചരബരി ഹിമാനികളില്‍ നിന്നും വീശുന്ന തണുത്ത കാറ്റില്‍ ശരീരം വിറച്ചു. മുന്നിലെത്താന്‍ പോകുന്ന മായക്കാഴ്ചകള്‍ക്കായി ഹൃദയം തുടിച്ചു. ഉയരുന്ന ഹൃദയതാളങ്ങള്‍ക്കുമേല്‍ ദൂരെയായി കേദാര്‍നാഥന്റെ മിനാരം കണ്ടു.
ഞങ്ങളെത്തി… അകലെ അഗാധങ്ങളില്‍ നിന്ന് മഞ്ഞുരുകുന്ന സംഗീതം പോലെ മന്ദാകിനിയുടെ പാട്ടുകേള്‍ക്കാം. കിഴക്കേ ചക്രവാളത്തില്‍ ശൈലമിനാരങ്ങള്‍ സൂര്യനെ ആവാഹിച്ച് മഞ്ഞില്‍ തിളങ്ങി നില്‍ക്കുന്നു. പിറകിലായി കുറച്ചകലേക്കൂടി മന്ദാകിനിയുടെ പ്രഭവവഴി മുകളിലേക്ക് കയറുന്നു. ഇത് മന്ദാകിനിയുടെ നാട്.
പരമേശ്വരസവിധത്തില്‍ ഭൂതഗണങ്ങളുടെ ശബ്ദം പെരുകി. കേദാര്‍നാഥ് കോവിലിനെ പലവട്ടം വലംചുറ്റി. പ്രളയത്തില്‍ ഒഴുകി വന്ന ഒരു കൂറ്റന്‍പാറ, കേദാര്‍നാഥ് ക്ഷേത്രത്തിനു പിറകിലായി തൊടാതെ, ബ്രേക്കിട്ട് നില്‍ക്കുന്നു. കേദാരത്തെകാത്ത ഈ ഭീമന്‍ പാറയും തീര്‍ത്ഥാടകര്‍ക്ക് ഇന്നൊരു വിസ്മയക്കാഴ്ചയാണ്. നാണയത്തുട്ടുകള്‍ ഒട്ടിച്ച്, സിന്ദൂരം കൊണ്ട് ചിത്രപ്പണികള്‍ ചെയ്ത് തീര്‍ത്ഥാടകര്‍ അതിനെ അലങ്കരിച്ചിരിക്കുന്നു. തടയിണപോലെ കിടന്ന ഈ കല്ലില്‍ത്തടഞ്ഞാണ് പ്രളയജലം വശങ്ങളിലേക്കൊഴുകി ക്ഷേത്രമന്ദിരത്തെ പ്രളയകാലത്ത് സംരക്ഷിച്ചത്.
നാനൂറ് വര്‍ഷങ്ങളോളം മഞ്ഞുപാളികള്‍ക്കിടയില്‍ മൂടിക്കിടന്നതാണ് കേദാര്‍നാഥ് എന്ന് ശാസ്ത്രഗവേഷകര്‍ പറയുന്നു. ഭൂതകാലം എന്തായാലും 2013 ല്‍ നാശംവിതച്ച മഹാപ്രളയത്തേയും ഈ നിര്‍മ്മിതി അതിജീവിച്ചു. ശൈത്യകാലത്ത് ആറുമാസത്തേക്ക് കേദാര്‍നാഥ് അടച്ചിടും. മഞ്ഞില്‍ മുങ്ങിത്തുടങ്ങുന്ന നവംബര്‍ അവസാനത്തോടെ ഇവിടുത്തെ പ്രതിഷ്ഠ ഉഖിമഠിലെ ആരാധാനാ കേന്ദ്രത്തിലേക്ക് മാറ്റുന്നു. കര്‍ണാടകയില്‍ നിന്നുളള റാവല്‍ സമുദായത്തില്‍പ്പെട്ട പുരോഹിതരാണ് ഇവിടെ പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നത്. ചുറ്റിലും മോഹിപ്പിക്കുന്ന ലാന്റ്സ്കേപ്പ് പെയിന്റിങ്ങുകള്‍ അടുക്കി വച്ചപോലെ പര്‍വത ഏടുകള്‍ കേദാര്‍നാഥ് പരിസരങ്ങളെ മനോഹരങ്ങളാക്കി.
ഈ മായക്കാഴ്ചകളിലും എന്തോ ഒരു വയ്യായ്മ. കോവിലിനെ വലയം ചെയ്യുന്ന മൂടല്‍ മഞ്ഞില്‍ പരിസരക്കാഴ്ചകള്‍ മറയ്ക്കുന്നതുപോലെ തോന്നി. എന്റെ കാഴ്ചകള്‍ക്ക് മങ്ങല്‍. ശരീരത്തിന് ഭാരം. ക്ഷേത്രമുറ്റത്ത് വിശ്രമിച്ചു. ചലനം അസാധ്യമായതുപോലെ. ഉച്ചസൂര്യന്‍ തലയ്ക്കു മുകളില്‍ നിശ്ചലനായി ചുവന്നു നില്കുന്നു. പതുക്കെ കേദാര്‍മന്ദിരത്തിന്റെ അരികിലുള്ള വൈദ്യശാലയിലേക്ക് നീങ്ങി. പരിശോധിച്ചപ്പോള്‍ പ്രാണവായുവിന്റെ അളവ് വളരെക്കുറവ്. അവര്‍ അടിയന്തിരമായി ഓക്സിജന്‍ സിലണ്ടറുകള്‍ ഘടിപ്പിച്ചു. കുറേനേരം വിശ്രമം. എത്രയും പെട്ടെന്ന് പറ്റുന്നത്ര താഴത്തേക്കിറങ്ങാന്‍ ഡോക്ടറുടെ നിര്‍ദ്ദേശം. ചില്ലറഗുളികള്‍ തന്നു.
യാത്രാസംഘമാകെ ആശയക്കുഴപ്പത്തിലായി. കൂടെ ഒരാളുമായി ഹെലികോപ്റ്ററില്‍ താഴെയെത്തിക്കാനുള്ള ആലോചനകള്‍. പക്ഷെ ബുക്കിങ് ഫുള്‍, സീറ്റില്ല. ക്ഷേത്രമന്ദിരത്തിനു താഴെയുള്ള പ്രധാന വൈദ്യശാലയില്‍ പോയി, ആരോഗ്യ പ്രശ്നങ്ങള്‍ അവതരിപ്പിച്ച് ടിക്കറ്റ് സംഘടിപ്പിക്കുവാനുള്ള ശ്രമങ്ങളും ഫലം കണ്ടില്ല. താഴേക്ക് പോകേണ്ടിയിരിക്കുന്നു. ഈ അവസ്ഥയില്‍ കുതിരപ്പുറത്ത് യാത്ര പാടാണ്. ഗത്യന്തരമില്ലാതെ ചുമല്‍ക്കൊട്ടയില്‍ കൊണ്ടുപോകുന്നവരെ സമീപിച്ചു. വേറെ മാര്‍ഗമില്ല. അവസാനം ഒരാള്‍ തരപ്പെട്ടു. പരിക്ഷീണനായി കൊട്ടയില്‍ കയറിയിരുന്നു, അയാല്‍ ഞാനുമായി താഴേക്കിറങ്ങി.
ഷെര്‍പ്പകളായ കൊട്ടച്ചുമട്ടുകാര്‍ പര്‍വതവഴിയിലെ കുറക്കു വഴികളിലൂടെയാണ് അതിശീഘ്രം താഴേക്കിറങ്ങുന്നത്. നമ്മള്‍ ബാലന്‍സ് ചെയ്ത് ഇരിക്കണം. ഈ മാര്‍ഗമല്ലാതെ മറ്റൊരു ഗതിയുമില്ലായിരുന്നു. പോര്‍ട്ടബിള്‍ ഓക്സിജന്‍ കാനുകള്‍ കരുതിയത് തിരികെയുള്ള യാത്രയില്‍ ഉപയോഗപ്പെട്ടു. മലയിറക്കം പകുതി പിന്നിട്ടപ്പോഴേക്ക് ശ്വാസതാളത്തിന് ആശ്വാസമായി.
രംബാര ഇടത്താവളം മുതല്‍ ഇറങ്ങി നടന്നു. ചിലയിടങ്ങളില്‍ ഇഴഞ്ഞിഴഞ്ഞാണ് ഊര്‍ത്തിറങ്ങിയത്. വഴിയിലെ സിമന്റു ബെഞ്ചുകളില്‍ പലപ്പോഴും വിശ്രമിച്ചു. ഇരവ് കരിമ്പാടം പുതച്ചു തുടങ്ങിയപ്പോഴേക്കും മലയിറക്കം കുറച്ചുകൂടി വേഗത്തിലാക്കി. അകലെ ഗൗരീകുണ്ഡിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയപ്പോഴേക്കും ആശ്വാസമായി.
ഞങ്ങള്‍ അവസാനത്തെയാളും സോനപ്രയാഗിലെ താമസ്ഥലത്ത് എത്തുമ്പോഴേക്കും രാത്രി വൈകിയിരുന്നു. കുതിരപ്പുറത്ത് തിരികെയിറങ്ങിയവര്‍ കൊടിയ ഇറക്കങ്ങളില്‍ വല്ലാതെ ബുദ്ധിമുട്ടി. കുതിരയെ ആശ്രയിച്ചവരും ഇറങ്ങി നടന്നാണ് വന്നത്. നേരത്തേയെത്തിവര്‍ ഭക്ഷണം തയ്യാറാക്കിയിട്ടുണ്ടായിരുന്നു.
ശാരീരികാവശതകളെ അതിജീവിച്ച് യാത്രകളുടെ ഒരു കുത്തൊഴുക്കിലേക്ക് എടുത്തുചാടി നീന്തിക്കയറിയ ക്ലൈമാക്സ് പോലെ, എല്ലാം ശാന്തമായിരുന്നു. വിദൂരതയില്‍ മന്ദാകിനിയുടെ സംഗീതം നേര്‍ത്ത് കേള്‍ക്കാം. അഴകുവിടര്‍ന്ന പൂവിതള്‍ പോലെ ധവളിമയാര്‍ന്ന ഗിരിശിഖരങ്ങള്‍ വീണ്ടും വീണ്ടും വരാന്‍ വിളിക്കുന്ന പോലെ തോന്നി. ഒരു കിടക്കയിലേക്ക് വീണപ്പോള്‍ വല്ലാത്ത നിര്‍വൃതി. ഇനിയുമെത്രയോ കാഴ്ചകള്‍ നമുക്കായി മഞ്ഞുടുത്ത് കാത്തിരിക്കുന്നു.

Exit mobile version