അരനൂറ്റാണ്ട് മുമ്പത്തെ മലയാളം ബിരുദക്ലാസ് നടന്നിരുന്ന ചുറ്റുകോണിക്കടുത്തെ നട്ടുച്ചയ്ക്കും ഇരുട്ട് മയങ്ങുന്ന മുറി വീണ്ടും സജീവമായി. കേരളത്തിന്റെ നാനാഭാഗത്തേക്കും വ്യത്യസ്ത കർമ്മമണ്ഡലങ്ങളിൽ ചിതറിപ്പോയ അന്നത്തെ ബിരുദ വിദ്യാർത്ഥികൾ (1970–73 ബാച്ച്) അവരുടെ പ്രിയപ്പെട്ട മഹാഗുരുനാഥൻ എം കെ സാനുമാഷ്ടെ മുന്നിൽ അച്ചടക്കത്തോടെ കാതുകൂർപ്പിച്ചിരിക്കുന്ന വിദ്യാർത്ഥികളായി. ജീവിതയാത്രക്കിടയിൽ വിട പറഞ്ഞുപോയ കഥാകൃത്തും മഹാരാജാസിലെ മുൻ അധ്യാപകനുമായ സി അയ്യപ്പൻ, ‘ശവംതീനികൾ’ എന്ന നാടകത്തിലൂടെ വിവാദങ്ങളിൽപ്പെട്ടുഴന്ന നാടകകൃത്ത് കാർത്തികേയർ പടിയത്ത് തുടങ്ങിയ പഴയ മിത്രങ്ങളെ അനുസ്മരിച്ചുകൊണ്ടായിരുന്നു എന്റെ ആമുഖ ഭാഷണം. അന്നത്തെ ക്ലാസ് മുറിക്ക് പുറത്തുള്ള ഇടനാഴിയിലൂടെ നർമ്മം പറഞ്ഞ് പൊട്ടിച്ചിരിച്ചും ചിരിപ്പിച്ചും കടന്നുപോകാറുള്ള വിമത സംഘത്തിലെ നായകൻ വൈക്കം ചെമ്പിൽ നിന്നുള്ള മുഹമ്മദ് കുട്ടി മലയാളത്തിന്റെ കൊടിപ്പടമായി മാറിയ സാക്ഷാൽ മമ്മൂട്ടിയായി. മുൻ മന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ തോമസ് ഐസക്ക്, മുൻ പിഎസ്‌സി ചെയർമാനും സംസ്കൃത സർവകലാശാലാ വി സിയുമായ ഡോ. കെ എസ് രാധാകൃഷ്ണൻ, ഡോ. വി പി ഗംഗാധരൻ, കഥാകൃത്ത് ഗ്രേസി, മുൻ വനിതാ കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈൻ, കവി എസ് രമേശൻ, കെ ആർ വിശ്വംഭരൻ ഐഎഎസ് തുടങ്ങിയവരൊക്കെ അക്കാലത്ത് അവിടെ പഠിച്ചിരുന്നവരത്രെ.
എം ലീലാവതി ടീച്ചറും എം കെ സാനുമാഷും എം അച്യുതൻ മാഷും ഡി വിനയചന്ദ്രൻ മാഷും സുന്ദരം ധനുവച്ചപുരവും മറ്റും നയിച്ച മലയാളം ക്ലാസുകളിൽ മറ്റു വിദ്യാർത്ഥികളും തിക്കിത്തിരക്കിയിരുന്നു. ബംഗാളിയിൽ നിലിന എബ്രഹാം, ഇംഗ്ലീഷ് വിഭാഗത്തിൽ ടി ആർ, ജി എൻ പണിക്കർ, കെ പി ശശിധരൻ, ഭരതൻ മാഷ്, ബോട്ടണിയിൽ എം കെ പ്രസാദ് തുടങ്ങിയവരൊക്കെ അന്നത്തെ അധ്യാപക ശ്രേഷ്ഠരിൽപ്പെടുന്നു. പ്രമുഖ സാഹിത്യകാരന്മാരും സാംസ്കാരിക നായകരും സംഗീതജ്ഞരും മറ്റുമാണ് അക്കാലത്ത് മഹാരാജാസിലെ വേദികളിലേക്ക് ക്ഷണിക്കപ്പെടാറുള്ളത്. എം വി ദേവനും പൊൻകുന്നം വർക്കിയും ഉറൂബും സേതുവുമൊക്കെ അക്കാലത്ത് വന്നിരുന്നതോർക്കുന്നു. ഈ പതിവുതെറ്റിച്ച് അന്നൊരിക്കൽ ആർട്സ് ക്ലബ് ഉദ്ഘാടനത്തിന് കടുവാക്കുളം ആന്റണിയെന്ന സിനിമാനടനെ കൊണ്ടുവന്നു. ഏത് പരിപാടിയിലും അലമ്പുണ്ടാക്കുന്ന വിമത വിഭാഗം വെറുതേ ഇരുന്നില്ല. വേദിയിലേക്ക് പടക്കമെറിഞ്ഞാണാ പരിപാടി കലക്കിയത്. അതേകലാലയം തന്നെയാണ് അന്നത്തെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ്കുട്ടിയെ മമ്മൂട്ടിയാക്കി വളർത്തിയത് എന്നും ഓർക്കണം.
ഈയിടെ മമ്മൂട്ടി നിറഞ്ഞ ഗൃഹാതുരത്വത്തോടെ മഹാരാജാസിലെ ലൈബ്രറിയിലേക്ക് കടന്നുവന്നത് മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. ആദ്യമായി അച്ചടി മഷിപുരണ്ട തന്റെ ഫോട്ടോ 1972ലെ കോളജ് മാഗസിനിൽ മമ്മൂട്ടി കൗതുകപൂർവം കണ്ടു.
ഓർമ്മപ്പൂമരച്ചോട്ടിലെ കൂട്ടായ്മയ്ക്കെത്തിയ ഞാനും ആ കോളജ് മാഗസിൻ തേടി കോളേജ് ലൈബ്രറി സന്ദർശിച്ചു. ലൈബ്രേറിയൻ സിനുവും ഹസിനും ചേർന്ന് ഹൃദ്യമായി സ്വീകരിച്ചു. 1970–73 കോളജ് മാഗസിന്റെ പേജുകൾ മറിച്ചപ്പോൾ അതിൽ അന്നു പ്രസിദ്ധീകരിച്ച ‘ഒരു ഭഗ്നമനോരഥന്റെ ചിന്തകൾ’ എന്ന എന്റെ കഥ വീണ്ടും കണ്ടു. ലിറ്റററി അസോസിയേഷൻ ഉദ്ഘാടന ചടങ്ങിന്റെ വേദിയിൽ പൊൻകുന്നം വർക്കിക്കും എം വി ദേവനും പ്രൊഫ. എം അച്യുതനുമൊപ്പം ഇരിക്കുന്ന അന്നത്തെ ലിറ്റററി സെക്രട്ടറിയുടെ പടം എനിക്ക് തന്നെ തിരിച്ചറിയാൻ വിഷമം. സ്വാഗതം പറയുന്ന ചിത്രവുമുണ്ട്. വായിക്കാൻ പുസ്തകങ്ങൾ തരാറുള്ള ഭരതൻ മാഷ്ടെ ചിത്രത്തിനു മുന്നിൽ അല്പനേരം നമ്രശീർഷനായി നിന്നു. മഹാരാജാസിന്റെ ആദ്യ പ്രിൻസിപ്പൽ എ എഫ് സീലി (1875–1892)യുടെ മാർബിൾ ശില്പത്തിന് മുന്നിൽ നമിച്ചു. എന്റെ ഏറ്റവും പുതിയ പുസ്തകം ‘ആഴ്ചയുടെ തീരങ്ങളുടെ’ ഒരു പ്രതി സ്നേഹാദരങ്ങളോടെ ഗുരുദക്ഷിണയായി ആ മഹാഗ്രന്ഥപ്പുരയ്ക്ക് സമർപ്പിച്ചു. കലാസാംസ്കാരിക സാഹിത്യ രംഗങ്ങളിൽ മലയാളം നെഞ്ചേറ്റുന്ന എത്രയെത്ര മഹാരഥന്മാർ പഠിച്ചിറങ്ങിയ മഹാകലാലയത്തിന്റെ നടുമുറ്റത്ത് വീണ്ടും ഓർമ്മപ്പൂമരച്ചോട്ടിൽ ഒത്തുകൂടാനായത് ഹൃദ്യമായ ഒരനുഭവമായി. സാനു മാഷ്ടെ ക്ഷീണിക്കാത്ത മനീഷിയും വാക്കുകളും വീണ്ടും കേൾക്കാനായി. മഹാരാജാസ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ പ്രസിഡന്റ് സിഐഇഇ ജയചന്ദ്രനും ഓർമ്മച്ചെപ്പു തുറന്നുകൊണ്ട് സന്നിഹിതനായി. അമ്പതു വർഷം മുമ്പ് പഠിപ്പിച്ച സാനുമാഷ് തന്റെ പഴയ വിദ്യാർത്ഥികളിൽ പലരേയും പേരെടുത്ത് വിളിച്ചു കുശലം ചോദിച്ചു. അന്നത്തെ ആ പഴയ ഗ്രൂപ്പ് ഫോട്ടോ നോക്കി അവർ പഴയ കാലത്തേക്ക് മടങ്ങി.