നട്ടുച്ചവെയിലിനെക്കിറി
തിരക്കുകൾക്കിടയിലും
ഞാനെത്തിയെൻ മകൻ
പഠിക്കും വിദ്യാലയത്തിരു മുറ്റത്ത്
മാതാപിതാഗുരുസംഗമത്തിൻ
പൊതുയോഗത്തിൽ പങ്കെടുക്കാൻ
മക്കൾ തൻഭാവിക്കായ്
പുതുചിന്തകൾ സ്വരുക്കൂട്ടുവാൻ
കെട്ടുറപ്പുള്ള കെട്ടിട്ടത്തിലെ രണ്ടാം
നിലയിലാണ് യോഗം, യോഗമുള്ള
മക്കൾതൻ മഹിമയമ്മമാർ
കാത്തിരിപ്പുണ്ടേറെ നേരമായവിടെ
അച്ഛൻമാരാരുമേയില്ലെന്നയാധിയിൽ
പമ്മി നിന്നു ഞാനാ വരാന്തയിൽ,
മറ്റൊരച്ഛൻ വിയർത്തുകുളിച്ചു
ധിറുതിയിൽ വന്നണഞ്ഞ നേരം വരെ
പലവക ചിത്രങ്ങൾ കോറിയിട്ട
മേശകൾ, ബെഞ്ചുകൾ
നിരത്തിയിട്ടുട്ടുണ്ടേറെയാ മുറിയിൽ
അതിലേറെയും അനാഥമായി
കിടന്നു പിറകിലായ്
അല്പനേരം കഴിഞ്ഞിട്ടൊടുവിൽ
തുടങ്ങയാണ് സംഗമം
അധ്യാപകപ്രമുഖൻ തൻസ്വതസിദ്ധ
ശൈലിയിൽ പറഞ്ഞു നല്ല സ്വാഗതം
സംഗമത്തിലെ പ്രമുഖൻ പിന്നെ
പ്രസംഗിച്ചു കുറെയേറെ നേരം
കുട്ടികളെയെങ്ങനെ നോക്കണമെന്ന
കാര്യത്തിൽ മുറ്റത്തെ മാവിന്റെ
പരിചരണത്തെയുപമിച്ച്
മുൻകാലസംഗമക്കണക്കുകൾ
കാര്യങ്ങൾ മറ്റൊരധ്യാപകൻ
ചടുലമായ് ചമയിച്ചു, പിന്നെ
തുടങ്ങി ചർച്ചകൾ, പല പക
നിർദ്ദേശങ്ങളാരാഞ്ഞു സംഗമം
ഒരമ്മപറഞ്ഞു മൂത്രപ്പുരയുടെ കാര്യം
മറ്റൊരമ്മയ്ക്കാധി ഭക്ഷണാവശിഷ്ട പ്രശ്നം
ഇത്യാതി പലവക ചർച്ചകൾ പങ്കുവെച്ചവിടെ
ഏറെ ഉത്കണ്ഠയോടെ രക്ഷിതാക്കൾ
ഉന്നതപഠനത്തിനാവശ്യമായിട്ടൊരു
മുന്തിയ ശിക്ഷണം വേണമെന്നും
സ്കൂളിൽ അതിനായൊരു കേന്ദ്രം തുറന്നാൽ
നല്ലതെന്നും ഒരച്ഛൻതൻ ആശയും പങ്ക് വെച്ചു
എല്ലാം കണ്ടുകേട്ടു ഞാനിരിക്കവേ
വെറുതെയിങ്ങനെ ചിന്തിച്ചുപോയി
എന്ത് കഷ്ടം, മക്കളിൽ ചിന്തയുണ്ടാക്കും
മലയാളമമ്മയെ മറന്നുവോ നാം
ഏറെ നാളൊന്നുമായിട്ടില്ലയാ വാക്കുകൾ
ഞെട്ടലോടെ കേരളം കേട്ടത്
അക്ഷരമറിയാത്ത, എഴുതാനറിയാത്ത
മക്കളല്ലയോ പഠിപ്പുപൂർത്തിയാക്കുന്നു
വിദ്യാഭ്യാസ മേധാവിതൻ തുറന്നുപറച്ചിൽ
നമ്മുടെ മക്കളെപ്പറ്റിയല്ലേ
അവരുടെ നിലവാരത്തകർച്ചയല്ലേ
എന്നിട്ടുമെന്തേ മലയാളം നമ്മുക്കലർജിയാകുന്നു
കായ്ഫലങ്ങൾ ഏറെക്കിട്ടാനായി
കൃഷിയിൽ നാമിടും രാസവളങ്ങൾ
നമ്മുക്കുതന്നെ മരണക്കുഴിയാകുംപോൽ
തനിമമലയാളമറിയാത്ത മക്കൾ
നാളെ നമ്മുക്കെന്തു നൽകും
ഞെട്ടലോടെയൊരു കാര്യമോർത്തു,
എത്ര പറഞ്ഞിട്ടൊടുവിലുമെൻ മകൻ
രണ്ടാം ഭാഷയായ് പോലും തിരഞ്ഞെടുത്തത്
ഭാരത ഭാഷ ഹിന്ദിയല്ലോ
മാതൃഭാഷയില്ലാത്ത വരണ്ടയുള്ളുകൾപേറും
നമ്മുടെ മക്കൾക്കിനി
യന്ത്ര മനുഷ്യരായി ജീവിക്കാമെന്നല്ലാതെ
ഒരു നല്ല മനുഷ്യനാകാൻ കഴിയുമോയെന്തോ?
കുറ്റം പറഞ്ഞിട്ട് മാറി കോണിലിരിക്കാതെ
മധുരമലയാളമമ്മ മരിക്കാതിരിക്കാൻ
നല്ല ചിന്തകൾ, നല്ലയാശയങ്ങൾ പിറക്കാൻ,
പഠിക്കാം, പഠിപ്പിക്കാം പ്രചരിപ്പിക്കാം
ശ്രേഷ്ടഭാഷ സ്നേഹമലയാളം