Site iconSite icon Janayugom Online

സ്വാഗതം

എന്നെ മറന്നു നടന്ന തിരക്കിലൊരു മാത്ര
നഗരമധ്യത്തിലെ ആൾക്കൂട്ടത്തിലൊരു
ബിന്ദുവായലിഞ്ഞു പോയ് ഞാൻ
ബന്ധങ്ങൾ പരസ്പരം ബന്ധനപ്പാശം
പിരിക്കുമിടത്താവളത്തിൽ സാന്ദ്ര സംഗീത
നാദം കേൾക്കുവാൻ കാതോർത്ത്
ഞാനൊത്തിരി നേരമിരുന്നു ഏകനായ്
കപടമുഖങ്ങൾ വാങ്ങാനെനിക്കു ചുറ്റിലും
തിരക്കേറവെ,കോലാഹലങ്ങൾ ചുട്ടി
കുത്തിയാടുന്ന കൂത്തരങ്ങിൽ നിന്നുമെൻ
വേരുകൾ തേടി പതറാത്തപ്പാദങ്ങൾ
പതിയെ വച്ചു ഞാൻ പടിയിറങ്ങി
കാലം കത്തിയെരിഞ്ഞു വീഴ്കെയെന്നിലെ
കനവുകളൊക്കെയും കന്മദപ്പൂക്കളായ്
മണ്ണിൽ കൊഴിഞ്ഞു വീണുപോയെങ്കിലും,
എന്നരികിലണയുവാൻ നിന്നെ ഞാൻ
ക്ഷണിക്കുന്നതെന്തിനെന്നോ സഖീ
കരിയിലപ്പക്ഷികൾ മൗനം പൂണ്ടു കിടക്കും
വഴിത്താരയിലൂടെ കൈകൾ കോർത്തു
സഹയാത്രികരായ് നമുക്ക് നടക്കാം, പിന്നെ
കറുകതൻ തുമ്പിലുദിക്കുന്ന പുലരിയും
കാവിലെ മൺചെരാതെരിയും സന്ധ്യയും
തൊഴുതു നമ്രശിരസ്കരായ് നില്‍ക്കാം
പുഴയും പുല് മേടും പൂത്തവയണതൻ
സുഗന്ധവും വയൽ വരമ്പിലിരുന്നു പാടും
ഗ്രാമകന്യതൻ മൂളിപാട്ടിന്നീണവും നിറഞ്ഞ
ഗ്രാമത്തുടിപ്പും ഇടനെഞ്ചിലേറ്റിയിള-
വേസ്‍ക്കാൻ വരിക നരക കൂടാരത്തിൽ
നിന്നൊരു വേളയെങ്കിലും നീ.
‘നഗരമേ… വിട നരകമേ… വിട’യെന്നോതി
ഓടിയെത്തും നേരം നിന്നെ സ്വാഗതമരുളി
വരവേല്‍ക്കാൻ വലംപിരിശംഖുമായ്
വാനവർ നാട്ടിലെ ദേവാംഗനമാരൊക്കെ
ഈ മണ്ണിൽ കാത്തിരിപ്പൂ

Exit mobile version