മഹാകവി കുമാരനാശാന്റെ ജീവിതവും കാലവും അനുഭവിച്ചറിയാനുതകുന്ന കഥാചിത്രവുമായി പ്രശസ്ത സംവിധായകൻ കെ പി കുമാരൻ. ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന ചിത്രത്തിന്റെ പേര് കവിയുടെ ആത്മകഥാംശം ഉൾക്കൊള്ളുന്ന കവിതയിൽ നിന്നാണ് സ്വീകരിച്ചിട്ടുള്ളത്. സംഗീതജ്ഞനായ ശ്രീവത്സൻ ജെ മേനോനാണ് കുമാരനാശാനെ രംഗത്ത് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനവും അദ്ദേഹമാണ് നിർവഹിച്ചിട്ടുള്ളത്. ഛായാഗ്രാഹകൻ കെ ജി ജയൻ, ശബ്ദലേഖകൻ ടി കൃഷ്ണനുണ്ണി, കലാസംവിധായകൻ സന്തോഷ് രാമൻ, ചമയം കൈകാര്യം ചെയ്ത പട്ടണം റഷീദ് തുടങ്ങിയ പ്രമുഖരാണ് സാങ്കേതിക വിദഗ്ദ്ധർ.
വ്യത്യസ്തമായ ആഖ്യാനശൈലികൊണ്ട് കാഴ്ചക്കാരുടെയും നിരൂപകരുടെയും മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ളവയാണ് കെ പി കുമാരന്റെ ചിത്രങ്ങൾ. ‘അതിഥി’, ‘രുഗ്മിണി’, ‘തോറ്റം’, ‘ആകാശഗോപുരം’ തുടങ്ങിയ ചിത്രങ്ങൾ മലയാള സിനിമയിലെ നാഴികക്കല്ലുകളായി കരുതപ്പെടുന്നവയാണ്.
കെ പി കുമാരനും പത്നി എം ശാന്തമ്മപ്പിള്ളയും ചേർന്നാണ് ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ സാധ്യമാക്കിയത്. ദീർഘകാല ചലച്ചിത്ര അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതും താരതമ്യമില്ലാത്തതുമായ ആഖ്യാനശൈലിയാണ് ചിത്രത്തിന്റേതെന്ന് കെ പി കുമാരൻ പറഞ്ഞു. കവിയെന്ന നിലയിൽ ഉയർന്ന അംഗീകാരം നേടുവാനായെങ്കിലും കീഴാളജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ആദ്യനായകൻ, മികച്ച പത്രാധിപർ, ശ്രീമൂലം പ്രജാസഭയിലും തിരുവിതാംകൂർ നിയമസഭയിലും അംഗം എന്നീ നിലകളിൽ മഹാകവി നിർവഹിച്ച ഐതിഹാസികമായ സേവനം ചരിത്രഗ്രന്ഥങ്ങളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഈ കുറവ് കൂടി പരിഹരിക്കുംവിധമാണ് മഹാകവി കുമാരനാശാന്റെ ജീവിതം ചിത്രീകരിച്ചിട്ടുള്ളത്.
ഫാർസൈറ്റ് മീഡിയയുടെ ബാനറിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.