Site iconSite icon Janayugom Online

കഥ പറഞ്ഞു പറഞ്ഞൊരു നൂറു വർഷം

ജാത്യാചാരങ്ങളുടെയും അയിത്തത്തിന്റെയും അനാചാരത്തിന്റെ അഴുക്കു ചാലിൽ കഴിഞ്ഞിരുന്ന കേരളത്തിലെ ജനങ്ങളെ സംഘടിതശക്തിയാക്കി മാറ്റിയതിന് കഥാപ്രസംഗം എന്ന കലാരൂപത്തിന് വലിയ പങ്കുണ്ട്. കഥാപ്രസംഗത്തിന്റെ പൂർവരൂപമായിരുന്ന ഹരികഥാ കാലക്ഷേപത്തിന് സ്വാതിതിരുനാളിന്റെ സദസ്യനായിരുന്ന മേരുസ്വാമിയാണ് തുടക്കമിട്ടത്. മഹാരാഷ്ട്രക്കാരനായിരുന്ന മേരുസ്വാമി 1833 ലാണ് തിരുവിതാംകൂറിൽ എത്തുന്നത്. ഹിന്ദുസ്ഥാനിയും കർണാടക സംഗീതവും നന്നായി അറിയാമായിരുന്ന സ്വാമി സംഗീതം കലർത്തി മനോഹരമായി പറഞ്ഞിരുന്നു. സ്വാതി തിരുനാളിന്റെ കുചേലോ പാഖ്യാനവും അജാമിളമോക്ഷവും ഹരികഥാരൂപത്തിൽ മേരുസ്വാമി അവതരിപ്പിച്ചു. സംഗീതത്തോട് അതിയായ ഭ്രമമുണ്ടായിരുന്ന സത്യദേവൻ സംഗീതം പഠിക്കാൻ തമിഴ്നാട്ടിലേക്ക് പോയി. അവിടെ വച്ചാണ് സത്യദേവൻ ഹരികഥ കേട്ടത്. സംഗീതവും വാക്ചാതുരിയും ചേർത്ത് ഭക്തി കഥകൾ പറയുന്നത് നൂറുകണക്കിന് ആളുകൾ ആസ്വദിച്ച് കേട്ടിരിക്കുന്നത് സത്യദേവനെ ആകർഷിച്ചു. തമിഴ്നാട്ടിലെ വാസം മതിയാക്കി തിരിച്ചെത്തിയ സത്യദേവൻ വർക്കലയിൽ എത്തി ശ്രീനാരായണഗുരുവിന്റെ ഗൃഹസ്ഥാശ്രമിയായ ശിഷ്യനായി മാറി. ശിവഗിരിൽ ഗുരുവിന്റെ ശിഷ്യന്മാരായ കുമാരനാശാൻ, ഡോ. പൽപ്പു, സഹോദരൻ അയ്യപ്പൻ തുടങ്ങിയവരുമായുള്ള അടുത്ത ബന്ധം സത്യദേവനേയും ആ സംഘത്തിൽ സജീവമാക്കി. അതിനിടയിൽ തമിഴ്നാട്ടിലെ ഹരികഥയെ അനുകരിച്ച് സത്യദേവൻ ഒരു മലയാളഹരികഥ തയ്യാറാക്കിയിരുന്നു. ‘മാർക്കേണ്ഡയ ചരിതം’ ആയിരുന്നു അത്. ആശാനെ കാണിച്ച് ഈ കൃതി പരിശോധിപ്പിക്കുകയും ചെയ്തു. കഥയുടെ കുറവുകൾ തീർത്തുനൽകിയതും കുമാരനാശാനായിരുന്നു.

ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ വാഴമുട്ടം കുന്നുംപാറ ക്ഷേത്രത്തിൽ 1923 നവംബര്‍ 23ന് മാർക്കണ്ഠേയ ചരിതം അവതരിപ്പിച്ചു. ഹരികഥ കേട്ട ആശാൻ സത്യദേവന് തന്റെ രണ്ടു ഖണ്ഡകാവ്യങ്ങളുടെ പകർപ്പുകൾ കൈമാറി, വായിക്കാൻ അറിയാത്ത സാധുജനങ്ങൾക്കു വേണ്ടി എന്റെ കാവ്യകൃതികൾ പാടി അവതരിപ്പിക്കാന്‍. ഇതിനിടയിൽ 1924 ജനുവരി 16ന് പല്ലന ബോട്ടപകടത്തിൽ ആശാൻ അന്തരിച്ചു. തന്നെ ഏൽപ്പിച്ച കൃതി ഹരികഥാ രൂപത്തിൽ അവതരിപ്പിച്ചില്ലല്ലോ എന്ന ഇച്ഛാഭംഗത്തിൽ സത്യദേവൻ കഥാരൂപത്തിലാക്കി അവതരിപ്പിക്കാൻ തീവ്രശ്രമം നടത്തി. അതിനു മുമ്പേ ശിവഗിരിയിൽ വച്ച് തന്റെ ഹരികഥയെക്കുറിച്ച് സഹോദരൻ അയ്യപ്പനുമായി സംസാരിക്കുകയുണ്ടായി. “പരിപാടിയൊക്കെ കൊള്ളാം. താങ്കൾ തെരഞ്ഞെടുത്ത മാർക്കണ്ഡ ചരിതം കൊണ്ട് സമൂഹത്തിൽ എന്ത് മാറ്റമാണ് ഉണ്ടാകാൻ പോകുന്നത് എന്ന് ആലോചിച്ചുണ്ടോ?” സഹോദരന്റെ ഈ ചോദ്യം സത്യദേവന്റെ മനസിൽ ഒരു കനലായി കിടന്നിരുന്നു. ആശാന്റെ വിയോഗം ആ കനലിനെ ജ്വലിപ്പിച്ചു. തന്റെ ആഗ്രഹം സഫലീകരിക്കുന്നതിന് അനുഗ്രഹം തേടി സത്യദേവൻ ശ്രീനാരായണഗുരുവിനെ കാര്യങ്ങൾ ധരിപ്പിച്ചു. എല്ലാം കേട്ട ഗുരു ഇങ്ങനെ പറഞ്ഞു, “കൊള്ളാം നമ്മുടെ ആശയങ്ങൾ ജനങ്ങളിലേക്കെത്താൻ ഈ കലാരൂപം ഉപകരിക്കുമല്ലോ.” ആദ്യമായി കഥാ പ്രഭാഷണത്തിന് തെരഞ്ഞെടുത്തത്. ആശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കൃതിയാണ്. ഡോ. പൽപ്പുവിന്റെ വസതിയിൽ റിഹേഴ്സൽ നടത്താൻ ഏർപ്പാടാക്കി. കഥാപ്രഭാഷണത്തിന് ചില പാട്ടുകൾ കൂടി വേണമെന്ന് സൗഹൃദ സദസിലെ അഭിപ്രായത്തെ തുടർന്ന് ഡോ. പൽപ്പുവിന്റെ സഹായത്തോടെ ജനകീയ കവി പണ്ഡിറ്റ് കറുപ്പനെക്കൊണ്ട് ചില പാട്ടുകൾ എഴുതി ചേർത്തു. ഡോ. പൽപ്പുവിന്റെ വസതിയിൽ വച്ച് റിഹേഴ്സൽ കണ്ട തലശേരിക്കാരൻ സി കെ കുഞ്ഞിരാമൻ കഥാ പ്രഭാഷണത്തെ തിരുത്തി ‘കഥാപ്രസംഗം’ എന്ന പേര് നൽകി. 

എവിടെയാണ് ഇത് അവതരിപ്പിക്കുക എന്ന അന്വേഷണമാണ് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിനടുതുള്ള ചേന്ദമംഗലത്തെ വടക്കുംപുറം എന്ന ഗ്രാമത്തിൽ ശ്രീനാരായണ ഗുരുവിന്റെ ഗൃഹസ്ഥാശ്രമ ശിഷ്യനും സഹോദരൻ അയ്യപ്പന്റെ സഹോദര സംഘത്തിന്റെ സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്ന കേളപ്പനാശാൻ നടത്തിയിരുന്ന കുടിപ്പള്ളിക്കൂടത്തിൽ (ഇന്നത്തെ ചേന്ദമംഗലം ഗവ. യുപി സ്കൂൾ, വടക്കുംപുറം ) ചപ്ലാംകട്ട എന്ന വാദ്യ ഉപകരണത്തിന്റെ അകമ്പടിയോടെ 1924 മേയ് മാസം കഥാപ്രസംഗം എന്ന കലാരൂപത്തിന് തിരശീല ഉയർന്നു. ഭക്തിരസ കഥാകഥനം നിറഞ്ഞു നിന്ന ഹരികഥാ രൂപത്തെ കൊട്ടാരത്തിൽ നിന്നും ക്ഷേത്രമതിക്കെട്ടിൽ നിന്നും പുറത്തെത്തിക്കുന്ന ദൗത്യം നിർവഹിക്കുകയായിരുന്നു സത്യദേവൻ. ക്ഷേത്രമതിൽ കെട്ടിന് പുറത്ത് കൊണ്ടുവന്ന്, പിന്നാക്കക്കാരും ദളിതരുമായ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് തടസമില്ലാതെ ആസ്വിക്കാനാണ് സ്കൂള്‍ വേദിയായി നിശ്ചയിച്ചത്. സത്യദേവൻ ഒരു ചരിത്ര ദൗത്യത്തിൽ പങ്കെടുക്കുക മാത്രമല്ല. ചരിത്രത്തിലേക്ക് താൻ അറിയാതെ പ്രവേശിക്കുക കൂടി ചെയ്യുകയായിരുന്നു. സത്യദേവൻ കഥാപ്രസംഗവുമായി മഹാപ്രയാണം ആരംഭിച്ചു. ചണ്ഡാലഭിക്ഷുകിക്കുശേഷം ദുരവസ്ഥ, നളിനി, ലീല, കരുണ തുടങ്ങിയ കാവ്യങ്ങളും കഥാപ്രസംഗ രൂപത്തിലേക്ക് പകർന്നു. ആശാൻ ലക്ഷ്യം വച്ചത് എന്താണോ അത് പകർന്നു നൽകാൻ സത്യദേവനായി. സത്യദേവനെതുടർന്ന് നൂറുകണക്കിന് കലാകാരന്മാർ കഥാപ്രസംഗം ഏറ്റെടുത്തു. വള്ളത്തോൾ കൃതികൾ, ഉള്ളൂർ കൃതികൾ ഒക്കെ കഥാപ്രസംഗമായി വളർന്നു വികസിച്ചു. സത്യദേവൻ ബഹുഭാഷാപണ്ഡിതനായിരുന്നു തമിഴ്, തെലുങ്ക്, കന്നട, സിംഹളം തുടങ്ങിയ ഭാഷകളിൽ കഥാപ്രസംഗം അവതരിപ്പിച്ചു. ഭാരതിയമ്മയായിരുന്നു സഹധർമ്മിണി. 1966 സത്യദേവന് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. പക്ഷേ, അവാർഡ് വാങ്ങാൻ പോയില്ല. ഗാർഹസ്ഥ്യ ജീവിതം ഉപേക്ഷിച്ച് കാശിക്കു പോയി. കാശിയിൽ വച്ച് മരിച്ചു. 

സ്വാമി ബ്രഹ്മവ്രതൻ, കെ കെ വാധ്യാർ, എം പി മൻമഥൻ, കെ ജി കേശവപ്പണിക്കർ, ജോസഫ് കൈമാപ്പറമ്പൻ, പി സി എബ്രഹാം, കെ കെ തോമസ്, വാമനൻ മാസ്റ്റർ, സ്വാമി മംഗാള നന്ദൻ തുടങ്ങിയവരായിരുന്നു ആദ്യകാല കഥാപ്രാസംഗികർ. അൻപതുകളില്‍ കഥാപ്രസംഗം ജനനീയ കലയായി സാംസ്കാരിക കേരളം സ്വീകരിച്ചു. കെടാമംഗലം സദാനന്ദൻ, വി സാംബശിവൻ, ഇടക്കൊച്ചി പ്രഭാകരൻ, കടയ്ക്കോട് വിശ്വംഭരൻ, കല്ലട വി വി കുട്ടി, കൊല്ലം ബാബു, കുണ്ടറ സോമൻ, ഓച്ചിറ രാമചന്ദ്രൻ, വെൺപാലക്കര വിശ്വംഭരൻ, കാപ്പിൽ നടരാജൻ, വയലാർ ബാബുരാജ്, ചേർത്തല ബാലചന്ദ്രൻ തുടങ്ങി നൂറുകണക്കിന് കലാകാരന്മാർ ഈ കലാരൂപത്ത പിന്നീട് സജീവമാക്കി. നമ്മുടെ വിഖ്യാതമായ കൃതികൾ കഥാപ്രസംഗ രൂപത്തിൽ രംഗത്തെത്തി. ഒഥല്ലോ, ആന്റിഗണി, അന്നാക്കരീനിന, ഡോൺ ശാന്തമായി ഒഴുകുന്നു, റെയിൻബോ, ഗോസ്റ്റ്, ക്ലിയോപാട്ര, കാരമസോവ് സഹോദരന്മാർ, ദേശസ്നേഹി, സിദ്ധാർത്ഥ, പതിവ്രതയുടെ കാമുകൻ തുടങ്ങി ലോക ക്ലാസിക് കഥകൾ കാഥാപ്രസംഗ കലയിലൂടെ സർവമലയാളികൾക്കും പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു വി സാംബശിവൻ. സർവകലാശാലയുടെ മതിൽക്കെട്ടിനകത്ത് പണ്ഡിത ലോകത്തിന് മാത്രം പരിചിതമായ വിശ്വകഥാപാത്രങ്ങളെ പാടത്തും പറമ്പിലും പണിയെടുക്കുന്ന സാധാരണക്കാരന്റെ ഹൃദയത്തിലേക്കെത്തിച്ചു എന്നതാണ് സാംബശിവന്‍ എന്ന കാഥികന്റെ മികവ്. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കൃതിയുമായി പത്തൊമ്പതാം വയസിൽ കഥാപ്രസംഗ ലോകത്തെത്തിയ കെടാമംഗലം സദാനന്ദന്‍ എന്ന സകലകലാ വല്ലഭന്റെ പടയോട്ടം 64 വർഷം തുടർന്നു. അൻപതോളം കഥകൾ അദ്ദേഹം പറഞ്ഞു. രമണൻമാത്രം 3700ൽ പരം വേദികളിൽ അവതരിപ്പിച്ചു. തലമുറ കൈമാറ്റത്തിലൂടെ കഥാപ്രസംഗം സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. വസന്തകുമാർ സാംബശിവൻ, ഇടക്കൊച്ചി സലിം കുമാർ, സൂരജ് സത്യൻ, കൈതാരം വിനോദ് കുമാർ, പുളിമാണ് ശ്രീകുമാർ, വി ഹർഷകുമാർ, അയിലം ഉണ്ണികൃഷ്ണൻ, വിനോദ് ചമ്പക്കര, കണ്ണൻ ജി നാഥ്, മുതുകുളം സോമനാഥ്, എൻ വസന്തകുമാരി, സി എൻ സ്നേഹലത, തലച്ചിറ മോഹൻകുമാർ, അഞ്ചല്‍ ഗോപൻ, നിരണം രാജൻ… പട്ടിക അവസാനിക്കുന്നില്ല. കഥാപ്രസംഗത്തിൽ ശതാബ്ദിവേളയില്‍ ഖന ഗംഭീരമായ ശബ്ദത്തിൽ ഇപ്പോഴും മുഴങ്ങുന്നു എന്റെ കഥയുടെ പേര്…

Exit mobile version