Site iconSite icon Janayugom Online

വെറുമൊരോർമ്മതൻ കിളിന്നു തൂവലും തഴുകി…

ഔദ്യോഗികാവശ്യത്തിന് പട്ടാമ്പിയിലേയ്ക്കുള്ള യാത്രയ്ക്കിടയിലായിരുന്നു അവൻ എന്നെ ആ ദൗത്യം ഏൽപ്പിച്ചത്. പട്ടാമ്പി ക്കാരിയായിരുന്ന ഒരു പഴയ അധ്യാപികയെ, അവന്റെ സൂസി ടീച്ചറിനെ കണ്ടെത്താനാവുമോന്ന് ശ്രമിക്കാൻ. സൂസി ടീച്ചറിനെ കുറിച്ച് പറയുമ്പോഴെല്ലാം അവന് നൂറ് നാവാണ്. “സംഗീതം ആത്മാവിന്റെ ഭാഷയാണെന്ന് പറഞ്ഞത് ഖലിൽ ജിബ്രാനാണ്. ജിബ്രാനെക്കുറിച്ച് ആദ്യമായി കേൾക്കുന്നത് സൂസി ടീച്ചറിൽ നിന്നാണ്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് പട്ടാമ്പിക്കാരിയായ സൂസി ടീച്ചർ ഞങ്ങളുടെ ഗ്രാമത്തിലെ സ്കൂളിൽ എത്തുന്നത്. മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറന്ന ദിവസം. മുട്ടറ്റം മുടിയും നെറ്റിയിൽ പൊന്നമ്പിളി പൊട്ടും തൊട്ട് സ്കൂൾ ഗേറ്റ് കടന്നുവന്ന സുന്ദരിയായ ടീച്ചർ ഒറ്റ നോട്ടത്തിൽ അക്കാലത്തെ എന്റെ പ്രിയ നായിക സറീനാ വഹാബിനെ അനുസ്മരിപ്പിച്ചു. അസംബ്ലി കഴിഞ്ഞ് ക്ലാസിലെത്തുമ്പോൾ, ഞങ്ങളുടെ 9 E ലേയ്ക്ക് ഹാജർ പുസ്തകവുമായി വന്ന ടീച്ചറിന്റെ ചിത്രം ഒളിമങ്ങാതുണ്ട് ഓർമ്മയിൽ. പിന്നെ ഓണാഘോഷത്തിന് മൈക്കിനു മുന്നിൽ നിന്നു പാടുന്ന സൂസി ടീച്ചർ. അതും അക്കാലത്തെ എന്റെ പ്രിയ നായികയുടെ പാട്ട്. പരസ്പരത്തിലെ മീരയാണോ പാടുന്നതെന്ന് തെല്ലിട സംശയിച്ചു പോയി. 1983 ൽ പുറത്തിറങ്ങിയ സറീനാ വഹാബ്, നെടുമുടി വേണു, വേണു നാഗവള്ളി തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളായി വന്ന ഷാജിയെം ചിത്രം ‘പരസ്പര ‘ത്തിലെ ഗാനം.
“നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ
മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ? മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ
വിരഹനൊമ്പര തിരിയിൽ പൂവ്പോൽ… ”
സന്ദേഹം നിഴലിക്കുന്ന വരികൾ. പ്രണയികളുടെ സ്ഥായിയായ ഭാവം സന്ദേഹമാണെന്ന് ചിന്തിക്കാനുള്ള വിവേകമൊന്നും അക്കാലത്തെ ഒരു പതിനാലുകാരനില്ലല്ലോ. അവന്റെ അലസമായി സാരി ചുറ്റി, അലക്ഷ്യമായി ഒറ്റയ്ക്ക് നടക്കുന്ന സുന്ദരിയായ സറീനാ വഹാബും, ഹൃദയം ആർദ്രമാക്കുന്ന ജാനകിയമ്മയുടെ ഭാവസാന്ദ്രമായ ആലാപനവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വേണു നാഗവള്ളി തന്റെ സ്ഥിരം വിഷാദ കാമുക വേഷത്തിൽ പ്രത്യക്ഷപ്പെട്ട സിനിമ ഞങ്ങളുടെ ഗ്രാമത്തിലെ ഓല മേഞ്ഞ തീയേറ്ററിൽ പോയി കണ്ടതും, സ്കൂൾ ആഡിറ്റോറിയത്തിൽ സൂസി ടീച്ചറിന്റെ പാട്ടിൽ ലയിച്ചിരുന്ന ഒരു പതിനാലുകാരനും ഇപ്പോഴുമുണ്ട് മങ്ങാതെ ഓർമ്മകളിൽ. സിനിമ അധികം ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഗൃഹാതുരത്വമുണർത്തുന്ന ഒഎൻവിയുടെ ആ വരികൾ ഒരിക്കലെങ്കിലും മൂളിയിട്ടില്ലാത്ത മലയാളികളുണ്ടാവോ.”
അവനതു പറയുമ്പോൾ ഒഎൻവി — എംബിഎസ് കൂട്ടുകെട്ടിൽ പിറന്ന ഗൃഹാതുരത്വമുണർത്തുന്ന മറ്റൊരു പാട്ട് മനസിൽ തെളിഞ്ഞു.
‘ചില്ല്’ എന്ന ചിത്രത്തിലെ നിത്യ ഹരിത ഗാനം.
“ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന
തിരുമുറ്റത്തെത്തുവാൻ മോഹം… ”
കുട്ടിക്കാലത്തും മുതിർന്ന ശേഷവും, എന്തിനേറെ ഇപ്പോഴും കുയിലിന്റെ കൂവൽ കേട്ടാൽ തിരിച്ചു കൂവാതിരിക്കാൻ കഴിയാത്ത എന്റെ മനസിന്റെ പക്വതയില്ലായ്മ മാത്രമാണ് എനിക്ക് എന്നോടുള്ള ഇഷ്ടമെന്ന് പറയുമ്പോഴും ഗൃഹാതുരത്വമുണർത്തുന്ന ആ വരികൾ മനസിനെ സ്പർശിച്ചിട്ടില്ലാത്തതെന്തായിരിക്കണം. ഒരു പക്ഷേ, വരികൾക്ക് യോജിക്കാത്ത ചിത്രീകരണവും, ജീവിതത്തിലൊരിക്കലും പഴയ സ്കൂൾ കാലഘട്ടത്തിലേക്ക് തിരിച്ചു പോവാൻ മനസ് ആഗ്രഹിച്ചിട്ടില്ലാത്തതുമാവില്ലേ? ചിന്തകൾക്കും സ്വപ്നങ്ങൾക്കും വിലക്കേർപ്പെടുത്തിയ കൗമാരക്കാലം. എവിടെ തിരിഞ്ഞാലും ‘അരുത്.’ അരുതിൽ മുങ്ങി നിറം മങ്ങിയ എന്റെ വിരസമായ ദിനങ്ങളെ നിറപ്പകിട്ടാക്കിയ ഗാനങ്ങളിലൊന്നായിരുന്നു പരസ്പരത്തിലേത്.

വലിയ പൊട്ടുതൊട്ട്, പെയ്യാൻ വിതുമ്പി നിൽക്കുന്ന വർഷമേഘങ്ങളെപ്പോലെ ശോകം തുളുമ്പിയ മിഴികളുമായി നടക്കുന്ന സുന്ദരിയായ സെറീന. “വെറുമൊരോർമ്മതൻ കിളിന്നു തൂവലും തഴുകി” സറീനയ്ക്കൊപ്പം എത്രയോ രാത്രികളിൽ ഞാനും ഇരുന്നിട്ടുണ്ട്. ഋതുക്കളോരോന്നും കടന്നു പോവുമ്പോൾ വെറുമൊരോർമ്മയുടെ കിളുന്നു തൂവലും തഴുകിയുള്ള അവളുടെ വ്യർത്ഥമായ കാത്തിരിപ്പ്. ആ മനസിന്റെ തേങ്ങൽ കവി ഹൃദയത്തോടൊപ്പം കാതോർത്താൽ നമുക്കും കേൾക്കാം.
ഒഎൻവി യുടെ ആർദ്രമായ വരികൾക്ക് അതിലും ആർദ്രമായി ‘ജോഗ്’ രാഗത്തിൽ എംബി എസ് ഈണം പകർന്നപ്പോൾ വിരഹ നൊമ്പരത്തിന്റ സങ്കീർത്തനം പാടി ജാനകിയമ്മ ആ വർഷത്തെ സംസ്ഥാന അവാർഡും സ്വന്തമാക്കി. മനസിൽ സറീനയും അവന്റെ സൂസി ടീച്ചറും മാറി മാറി തെളിയുന്നു.

“അതുവരെ ഇംഗ്ലീഷ് പാഠപുസ്തകത്തിനപ്പുറത്തേയ്ക്ക് കടന്നിട്ടില്ലാത്ത ഞങ്ങളുടെ ഇംഗ്ലീഷ് അധ്യാപകരിൽ നിന്ന് വ്യത്യസ്തയായിരുന്നു സൂസി ടീച്ചർ. വ്യത്യസ്തനായൊരച്ഛന്റെ മൂന്ന് പെൺ മക്കളിൽ ഇളയവൾ. ദേവി, ഐഷ, സൂസി. പാഠപുസ്തകത്തിനപ്പുറത്തെ ഒരു ലോകത്തിലേക്ക് ടീച്ചർ ഞങ്ങളെ കൈപിടിച്ചു നടത്തി. ടീച്ചറിലൂടെയാണ് ഞാൻ നെരൂദയെ അറിഞ്ഞത്, ഖലിൽ ജിബ്രാനെ അറിഞ്ഞത്, സിൽവിയാ പ്ലാത്തിനെ, വെർജീനിയ വൂൾഫിനെ, മാർക്വേസിനെ… അങ്ങനെ അങ്ങനെ ലോക ക്ലാസിക്കുകളിലേക്കുള്ള യാത്ര തുടങ്ങുന്നത് അവിടെ നിന്നായിരുന്നു. അന്നേ ഉണ്ടായിരുന്ന വായനാശീലമാവാം എന്നെ ടീച്ചറിന്റെ പ്രിയ വിദ്യാർത്ഥിയാക്കിയത്. ക്ലാസിലെ മറ്റു കുറമ്പൻമാരും കുറുമ്പികളും അതിൽ ഇത്തിരി അസൂയപെട്ടിരുന്നു.

നാട്ടിൻ പുറത്തെ ഒരു മലയാളം മീഡിയം സ്കൂളിൽ തളച്ചിടേണ്ടതല്ല മിടുക്കിയായ ആ അധ്യാപികയുടെ ജീവിതമെന്ന് ചിന്തിക്കാനുള്ള പക്വതയൊന്നും ഒരു കൗമാരക്കാരനുണ്ടായിരുന്നില്ല. അതാണല്ലോ ഒൻപതാം ക്ലാസിനൊടുവിൽ ടീച്ചർ കോളജ് അധ്യാപികയായി നിയമനം കിട്ടി സ്കൂൾ വിടുമ്പോൾ അറിയാതെ കണ്ണുകൾ നനഞ്ഞത്. ഒരു കൗമാരക്കാരന് സുന്ദരിയായ ഒരധ്യാപികയോടു തോന്നിയ ആരാധനയും ആ നനവിന് പിന്നിലുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. അന്നുമിന്നും സമൂഹത്തിന്റെ ശരികളിൽ നിന്ന് മാറി നടക്കാനായിരുന്നു എനിക്കിഷ്ടം. ഒൻപതാം ക്ലാസിലെ പൊടി മീശക്കാരനിൽ നിന്നും ഏറെ നടന്നു തളർന്നിരിക്കുന്നു. സൂസി ടീച്ചറും ഓർമ്മയിൽ നിന്ന് മാഞ്ഞു പോയിരുന്നു. ഭാഷകളുടെ അതിർ വരമ്പില്ലാതെ തെന്നിന്ത്യ ഏറ്റെടുത്ത ന്യൂ ജെൻ ചിത്രം, അൽഫോൻസ് പുത്രന്റെ ‘പ്രേമം’ കണ്ടപ്പോഴാണ് സൂസി ടീച്ചർ വീണ്ടും എന്റെ ഓർമ്മയിലോടിയെത്തിയത്. ജോർജ്ജിനെ മറന്നു പോവുന്ന മലർ മിസിനെ പോലെ സൂസി ടീച്ചറും എന്നെ മറന്നിട്ടുണ്ടാവണം. രണ്ടു പേരിൽ ഒരാൾ മാത്രം മറ്റേയാളെ മറന്നു പോവുന്നതാണല്ലോ ബന്ധങ്ങളിലെ ഏറ്റവും വലിയ ദുരന്തം.”
അവൻ പറഞ്ഞു നിർത്തുമ്പോൾ, സ്വന്തം പേരടക്കം ഓർമ്മ പൂർണമായി നഷ്ടപെട്ട പത്മരാജന്റെ ‘ഇന്നലെ’ യിലെ മായയെ വെറുതെ ഓർത്തു പോയി. പിന്നെ, നിന്റെ ഓർമ്മകൾ നിലനിന്നിരുന്ന മസ്തിഷ്ക കോശങ്ങൾ അപ്പാടെ നശിച്ചിട്ടും അന്നും ഇന്നും എന്നും നിന്നിലേക്ക് മാത്രമൊഴുകുന്ന എന്നെയും!

പാലക്കാടേയ്ക്കുള്ള ബസ് പിടിക്കുമ്പോൾ മനസ്സിൽ നിറയെ സെറീനയും അവന്റെ സൂസി ടീച്ചറുമായിരുന്നു. സൂസി ടീച്ചറിപ്പോൾ എന്ത് ചെയ്യുന്നുണ്ടാവും.? റിട്ടയർ ചെയ്തിട്ടുണ്ടാവും. മുടിയൊക്കെ നരച്ചു തുടങ്ങിയിട്ടുണ്ടാവോ? അതോ കൊഴിഞ്ഞു പോയിട്ടുണ്ടാവോ?
“ഇവിടെ വച്ചാണ് ഞാൻ മീരയെ കൂടുതൽ അറിയാൻ ശ്രമിച്ചത്, അതുകൊണ്ട് ഇവിടെ വച്ചു തന്നെ ഞാൻ യാത്ര പറഞ്ഞോട്ടെ ” എന്നു പറയുന്ന വിശ്വത്തിനോട്, “എങ്കിൽ എന്തിനാണ് വിശ്വം എന്നെ ചുംബിച്ചതെന്ന് ചോദിക്കുന്ന നിഷ്ക്കളങ്കയായ സെറീന — അലസമായി സാരി ചുറ്റി റെയിൽവേ സ്റ്റേഷനിലേക്ക് ഓടിയെത്തുന്ന സെറീന. “യു ആർ ടൂ ലേറ്റ് ” എന്ന് പറയുന്ന ജഗദീശിനെ (നെടുമുടി വേണു) നിറകണ്ണുകളോടെ നോക്കി നിൽക്കുന്ന സെറീന. അവൾ ഇന്നും മനസിന്റെ ഒരു വിങ്ങലാണ്. സെമി സ്ലീപ്പറിൽ കണ്ണടച്ചു കിടക്കുമ്പോൾ ‘അലിഞ്ഞു പോവുന്ന പവിഴ ദ്വീപി‘ലിരുന്ന് തിരസ്ക്കാരത്തിന്റെ നോവും പേറി സെറീന പാടുന്നത് എനിക്ക് കേൾക്കാമായിരുന്നു.
“അലിഞ്ഞലിഞ്ഞുപോം അരിയ ജന്മമാം
പവിഴദ്വീ‍പിൽ ഞാനിരിപ്പതെന്തിനോ…”

Exit mobile version