ഖസാക്കും കൂമന്‍കാവും സ്വപ്‌നങ്ങളില്‍ നിറഞ്ഞത് കോളേജ് പഠന കാലത്താണ്. യൂണിവേഴ്‌സിറ്റി കോളേജിന്റെ അങ്കണത്തിലുള്ള മുത്തശ്ശിമാവിന്റെ തണലിലിരുന്ന് ഒ വി വിജയനെയും ഖസാക്കിനെയും കുറിച്ച് നടത്തിയിട്ടുള്ള സാഹിത്യ സംവാദങ്ങള്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. കൂമന്‍കാവ് കവലയില്‍ രവി ബസ്സിറങ്ങിയപ്പോള്‍ തണലേകിയ വൃദ്ധമാവിന്റെ ജരയും ദീനതയും പങ്കുവച്ച് എത്രയോ സര്‍ഗ്ഗാത്മക ചര്‍ച്ചകള്‍ക്കിടമൊരുക്കിയിട്ടുണ്ട്. ഈ ഓര്‍മ്മച്ചിത്രങ്ങളാണ് ജോയിന്റ് കൗണ്‍സില്‍ സാംസ്‌കാരിക വേദി നന്മയുടെ ആഭിമുഖ്യത്തില്‍ തസ്രാക്ക് യാത്ര പദ്ധതിയിട്ടപ്പോള്‍ തുടികൊട്ടിയത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് കന്നിവായനകളുടെ ആലസ്യത്തില്‍പോലും ഇഷ്‌ടപ്പെട്ട പുസ്‌തകങ്ങളുടെ കൂട്ടത്തില്‍ ഖസാക്കിന്റെ ഇതിഹാസം ഒന്നാമതായിരുന്നു. എന്നാല്‍ അന്ന് കേവലം വായനാനുഭവം മാത്രമായിരുന്നുവെങ്കില്‍ അത് ആത്മാവിലേക്ക് കൂടുകെട്ടിയത് കോളജ് പഠനകാലത്തെ കൗമാരത്തിന്റെ ആഘോഷപെരുമയുടെ കാലത്താണ്. അസാന്മാര്‍ഗിയുടെ കഥ എന്ന് യാഥാസ്ഥിതികരായ മലയാളം അദ്ധ്യാപകന്‍ തള്ളിപ്പറഞ്ഞപ്പോഴും രവിയെ ആത്മാവിലേക്ക് ആവാഹിച്ച് സ്വയം ചിന്തിച്ച് ഉന്മാദത്തിലായ രാവുകളേറെയുണ്ട്. ചെതലിമലയെന്ന സ്വപ്‌ന കുന്നിന്റെ താഴ്‌വരയിലൂടെയെന്നപോലെ എന്റെ ഗ്രാമത്തിലെ നെല്‍പ്പാടങ്ങളുടെ മദ്ധ്യത്തിലൂടെ മണ്‍പാതയില്‍ ഏകനായി രാത്രികള്‍ ചെലവഴിച്ചതും രവിയുടെ ശ്വാസനിശ്വാസങ്ങള്‍ ഉള്ളില്‍ത്തറച്ചതിന്റെ വേദനയിലാണ്. എന്റെ ഗ്രാമത്തിലെ ചെമ്മണ്‍ പാതയുടെ വശത്തുള്ള കലുങ്കിന്റെ തണുപ്പില്‍ എത്രയോ തവണ ഖസാക്കിനെ സ്വപ്‌നം കണ്ടിട്ടുണ്ട്. ആ നിറഞ്ഞ കൗമാരത്തില്‍ വായനകള്‍ മത്തുപിടിപ്പിച്ച കാലത്ത് സന്നിവേശിക്കപ്പെട്ട ഖസാക്കിന്റെ സൗന്ദര്യം ഇന്നും എന്റെ ഞരമ്പുകളില്‍ നിറഞ്ഞൊഴുകുന്നുണ്ട്. കൂടെ പാര്‍ത്ത സാധാരണമനുഷ്യരുടെ ഇടയില്‍ അല്ലാപ്പിച്ച മൊല്ലാക്കയെയും നൈസാമലിയെയും അപ്പുക്കിളിയെയും അന്വേഷിച്ചിറങ്ങിയിട്ടുണ്ട്. ഖസാക്ക് ഒരു ഇതിഹാസമായി എന്റെ തലമുറയെ അത്രയധികം സ്വാധീനിച്ചു.
മൂങ്ങാങ്കോഴി മുങ്ങിത്തപ്പിയ കിണറുകളിലെ നെല്ലിപ്പലകയുടെ ഗന്ധം നിറഞ്ഞ കിണറുകള്‍ തസ്രാക്കിന്റെ തൊടികളില്‍ ഇപ്പോഴും പഴയ പ്രതാപത്തില്‍ വെള്ളം നിറച്ച് കാത്തിരിക്കുന്നു. നെല്‍വയലിന്റെ അരികിലൂടെ ഒഴുകുന്ന കനാലില്‍ മീന്‍കുഞ്ഞുങ്ങള്‍ ഇരതേടി പരക്കം പായുന്നുണ്ടായിരുന്നു. മാക്രികള്‍ ഓരിയിട്ട് ചാടുന്നുണ്ടായിരുന്നു. പിശാചിനെ പേടിച്ച് കുട്ടാപ്പുനരിയുടെ നിലവിളി അകലെ പ്രതിധ്വനിച്ചു കൊണ്ടിരുന്നു. രവി നടന്നുതീര്‍ത്ത അറ്റമില്ലാതെ നിവര്‍ന്നു കിടക്കുന്ന നടവരമ്പ് ഇന്ന് ടാറിട്ട് മിനുസപ്പെടുത്തിയിരിക്കുന്നു. ഇളം വെയിലില്‍ തുമ്പികള്‍ ചിറകുവീശി ഈണമിട്ട് പറന്നു കൊണ്ടിരുന്നു. പുന്നെല്ലിന്റെ മണം ഇപ്പോഴും തസ്രാക്കിനെ ത്രസിപ്പിച്ചുകൊണ്ടിരുന്നു. രവിക്ക് കൂട്ടായി പറന്നുനടന്ന മിന്നാമിനുങ്ങുകള്‍ ഇരുട്ടില്‍ വെളിച്ചം നിറച്ച് പായുന്നത് കാണാന്‍ കൊതിയുണ്ടായിരുന്നു.
ഖസാക്ക് ഒരു സാങ്കല്‍പ്പിക കഥാപരിസരമാണെന്നും അത് തസ്രാക്ക് എന്ന പാലക്കാടന്‍ ഗ്രാമത്തിന്റെ പകര്‍പ്പാണെന്നും തിരിച്ചറിഞ്ഞതും കാതങ്ങള്‍ക്ക് ശേഷമാണ്. ആ ഇതിഹാസ ഗ്രാമത്തിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തണമെന്ന ആഗ്രഹം എത്രയോ കാലമായി കൂടെ നടക്കുകയായിരുന്നു. ആ യാത്രയാണ് ഇവിടെ സഫലമായിരിക്കുന്നത്.
കൂമന്‍കാവില്‍ നിന്നും തസ്രാക്കിലേക്കുള്ള യാത്ര നോവലിന്റെ ആത്മാവിലേക്കുള്ള സ്വപ്‌ന സദൃശമായ ഒരു തീര്‍ത്ഥയാത്രയായിരുന്നു. സംഘാംഗങ്ങള്‍ ഒന്നിച്ച് ഒരേ മനസ്സോടെ നടന്ന് നോവലിലെ ഞാറ്റുപുരയിലെത്തുമ്പോള്‍ ഖസാക്കിലെ കഥാപാത്രങ്ങളെല്ലാം മനസ്സിലേക്ക് ഓടിയെത്തുകയായിരുന്നു. യാത്രയുടെ ഇടയില്‍ കണ്ട നാട്ടുകാരില്‍ നിന്നും ശിവരാമന്‍ നായരെയും അലിയാരെയും നൈസാമലിയെയും കുപ്പുവച്ചനെയും അപ്പുക്കിളിയെയും മൈമുനയെയും തെരഞ്ഞുകൊണ്ടിരുന്നു.
ഖസാക്കിന്റെ മാന്ത്രികമായ അന്തരീക്ഷം അവിടെ ഒരുക്കിയിട്ടുള്ളതായി അനുഭവിച്ചു. വിജയന്റെ കാര്‍ട്ടൂണുകളും സാഹിത്യ രചനകളെ സംബന്ധിച്ച വിവരണങ്ങളും ഞാറ്റുപുരയെ ധന്യമാക്കിയിരിക്കുന്നു. വിജയന്റെ കാലത്തെ രാഷ്‌ട്രീയവും സാഹിത്യവും എല്ലാം അവിടെ ഉയിര്‍ക്കൊണ്ടിട്ടുണ്ട്. ഖസാക്കിലെ കഥാപാത്രങ്ങള്‍ ശില്‍പ്പങ്ങളായി സ്‌മാരക മന്ദിരത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. 106 ശില്‍പ്പങ്ങളുണ്ടെന്നാണ് സ്‌മാരക സമിതി പ്രവര്‍ത്തകര്‍ അറിയിച്ചത്. ശില്‍പ്പവനത്തിന് അടുത്തു തന്നെയാണ് അറബിക്കുളം. കുളത്തിനോട് ചേര്‍ന്ന് മൈമുനയുടെ നീരാട്ട് കരിങ്കല്ലില്‍ കൊത്തിവച്ചിട്ടുണ്ട്. നോവിലിലെ അറബിക്കുളം അതേ പടി തന്നെ പായല്‍ മൂടി കറുത്ത് പരന്നു കിടക്കുന്നു. തൊട്ടടുത്ത് തന്നെ ഓത്തു പള്ളിയും നോവലിന്റെ സ്ഥലരാശികളുമെല്ലാം കഥാപാത്രങ്ങളോടൊപ്പം സ്‌മൃതി മണ്‌ഡപത്തില്‍ നോവലിനെ വീണ്ടും പുനര്‍ജ്ജനിപ്പിക്കുന്നുണ്ട്. വിജയന്റെ റിക്കാര്‍ഡ് ചെയ്‌ത് സൂക്ഷിച്ചിരിക്കുന്ന ശബ്‌ദവും സ്വന്തം കൈപ്പടയിലുള്ള കത്തുകളും സന്ദര്‍ശകനെ എഴുപത് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഖസാക്കിലേക്ക് എത്തിച്ചു. രവി ഒരു കഥാപാത്രമായല്ല സ്വന്തം പ്രതിബിംബമായി സന്നിവേശിക്കപ്പെടുകയായിരുന്നു.
പോതി കുടി പാര്‍ത്ത പുളിമരങ്ങളും ചൂളം കുത്തുന്ന കരിമ്പനകളും തസ്രാക്കില്‍ പുരാവസ്‌തുക്കളെപ്പോലെ ജരനാരയില്‍ ആവലാതിപ്പെട്ടു കൊണ്ടിരുന്നു. കാറ്റ് പിടിക്കുമ്പോള്‍ പുളിച്ചില്ലകള്‍ എല്ല് ഒടിയുന്ന ശബ്‌ദമുണ്ടാക്കി. കരിമ്പനപ്പട്ടകള്‍ തമ്മിലടിച്ച് കിരുകിരാ ശബ്‌ദത്തില്‍ ഭയപ്പെടുത്തി. രാത്രിയുടെ അവസാന യാത്രയില്‍ ഖസാക്കിന്റെ ആകാശം ചൊരിഞ്ഞ നക്ഷത്രങ്ങളുടെ വെളിച്ചത്തില്‍ ചെതലിമലയെ നോക്കി ഉറക്കമൊഴിയുവാന്‍ മോഹിച്ചു. കിഴക്കന്‍ കാറ്റടിക്കുമ്പോള്‍ ഷെയ്‌ക്ക് തമ്പുരാന്റെ കുതിരയുടെ ഞൊണ്ടിയും ഇരടിയുമുള്ള കുളമ്പടി കാതോര്‍ക്കുവാന്‍ ആഗ്രഹിച്ചു. കഥ കേള്‍ക്കാന്‍ അള്ളാപിച്ച മൊല്ലാക്കയുടെ അടുത്ത് എത്തുന്ന രാവുത്തന്മാര്‍ എവിടെ. കുഞ്ഞാമിനയുടെ കാല്‍വെണ്ണയില്‍ കൊത്തി മുറിവേല്‍പ്പിച്ച മയില്‍ ഇപ്പോഴും ഖസാക്കിന്റെ ഇടവഴികളിലൂടെ ഇരതേടി ശബ്‌ദമുണ്ടാക്കുകയായിരിക്കും. കുഞ്ഞാമിന ആണയിടുന്ന മാരിയമ്മയുടെയും പുളിങ്കൊമ്പിലെ പോതിയുടെയും അനുഗ്രഹങ്ങള്‍ക്കായി തലകുമ്പിട്ടു. കഥയും കഥാപാത്രങ്ങളും എന്നെ അത്രമേല്‍ ആഴത്തില്‍ ബന്ധനസ്ഥനാക്കിയിരുന്നു.
അപ്പുകിളി തുമ്പി പിടിച്ചു കളിച്ച കയ്‌തപ്പൊന്തകള്‍ വെയിലത്ത് ഉണങ്ങിയും കരിഞ്ഞും തേങ്ങുന്നുണ്ടായിരുന്നു. കൊയ്‌തൊഴിഞ്ഞ പാടത്ത് കൊറ്റികള്‍ കൊത്തിയും പറക്കിയും ആഹ്ലാദിച്ചു. നെല്ല് പാറ്റി പതിര് തിരിച്ച് തസ്രാക്കിലെ പെണ്ണുങ്ങള്‍ സൊറ പറയുന്നുണ്ടായിരുന്നു. രവി കണ്ട കാഴ്‌ചകള്‍, പുഷ്‌പിച്ച ആമോദങ്ങള്‍, വേദനിച്ച നിശ്വാസങ്ങള്‍, ഉറവുപൊട്ടിയ രേതസ്സ്, പൊടിഞ്ഞ് അലിഞ്ഞ വിയര്‍പ്പുതുള്ളികള്‍ എല്ലാം മുന്നിലൂടെ വരിവരിയായി മാഞ്ഞുകൊണ്ടിരുന്നു. തപാല്‍ക്കാരന്‍ കേളുമേനോനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഒരു പോസ്റ്റുമാന്‍ സൈക്കുളുന്തി നീങ്ങുന്നു. ഓര്‍മ്മകള്‍ പുളിമരവും കടന്ന് കാറ്റുപിടിക്കുന്ന കരിമ്പനകളുടെ ഇടയിലൂടെ ചെതലിമല ലക്ഷ്യമാക്കി പറന്നു.
അനുസ്‌മരണ പരിപാടികള്‍ക്ക് ശേഷം സൂര്യന്റെ അത്യുഷ്‌ണ ചൂടില്‍ കൊയ്‌ത്ത് കഴിഞ്ഞ് നഗ്നയായ പാടത്തിന്റെ ഓരത്തിലൂടെ കുറെ ദൂരം നടന്നു. അവിടെ പള്ളിശ്‌മശാനത്തില്‍ ജന്മാന്തര വിശേഷങ്ങള്‍ പങ്കു വച്ച് രാത്രികളില്‍ ജീവിക്കുന്ന ആത്മാക്കള്‍ പകലുറക്കത്തിലായിരുന്നു. നിശബ്‌ദതയില്‍ മീസാന്‍ കല്ലിലിരുന്ന് വെയില്‍ കായുന്ന നൈസാമലി എന്നെ നോക്കി പുഞ്ചിരിച്ചു.
കൊയ്‌തൊഴിഞ്ഞ പാടത്തില്‍ അലയുന്ന പയ്‌ക്കളുടെ കുഞ്ഞുരോമങ്ങള്‍ വെയിലിന്റെ താണ്‌ഡവമേറ്റ് മയങ്ങി കിടക്കുകയാണ്. എങ്കിലും മഞ്ഞ് രശ്‌മികള്‍ അവയുടെ സൗന്ദര്യം ഇരട്ടിപ്പിച്ചു. പയ്‌ക്കള്‍ ഭൂതകാലത്തെ അയവിറക്കി ചെളിയുടെ തണുപ്പില്‍ ഞാന്നുകിടന്നു.
ഞാറ്റുപുരയുടെ കൈവരിയിലിരുന്ന് തൊട്ടപ്പുറത്തെ അറബികുളത്തിന്റെ കുളിര്‍ക്കാറ്റ് ആസ്വദിച്ചു. അറബിക്കുളത്തിന്റെ ദൂരത്തെ പച്ചപ്പിലൂടെ ആ ഗന്ധം മെല്ലെ മെല്ലെ എന്റെ ഹൃദയത്തിലെക്ക് പ്രവേശിച്ചപ്പോള്‍ ഈറന്‍ മുടിയുമായി കുളിച്ചു കയറുന്ന മൈമുനയെ തിരിച്ചറിയുകയായിരുന്നു. അറബികുളത്തില്‍ വെള്ളിയമ്പുകളെപ്പോലെ ചാടുന്ന കണ്ണന്‍മീനുകള്‍ ഇപ്പോഴും തുടിച്ചു പായുന്നുണ്ടായിരുന്നു. നല്ലെണ്ണയുടെയും ചാന്തുപൊട്ടിന്റെയും മണമുള്ള പെണ്ണുങ്ങള്‍ ഖസാക്കിലെ വീടുകളില്‍ കാത്തിരിപ്പുണ്ടാകുമെന്ന് മോഹിച്ചു.
ബീഡിതൊഴിലാളികള്‍ക്കു വേണ്ടി സമരം നയിക്കുന്ന നൈസാമലി, സഖാവായി നേതാവായി എന്റെ ഉള്‍ത്തുടിപ്പുകളില്‍ ആവേശവും ആഹ്ലാദവും സൃഷ്‌ടിച്ചു. കുപ്പു അച്ചന്‍ പറഞ്ഞു നടന്ന കഥകള്‍ ഇപ്പോഴും അവിടെ അലയൊലികളായി ഒഴുകി നടന്നു. കാറ്റില്‍ കബറുകളുടെ മണം ഉണ്ടല്ലോ എന്ന് കുപ്പു അച്ചനെപ്പോലെ ഭയപ്പെട്ടു.
കൂട്ടാടന്‍ പൂശാരിയെ ഭയന്ന് നെട്ടോട്ടമോടിയ ഓന്ത് വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ ചെകിടോര്‍ക്കുന്നത് കണ്ടു. ഓന്തുകള്‍ പല വര്‍ണ്ണഭേദങ്ങളില്‍ കാലാന്തരത്തിലൂടെ സഞ്ചരിച്ച് ഭയപ്പെടുത്തി കണ്ണു ചിമ്മിയിരിക്കുകയായിരുന്നു.
അറബിക്കുളത്തിന്റെ ചുറ്റിലും കാട്ടുപൊന്തകളിലും മരച്ചില്ലകളിലും അവന്‍ ചാടി കളിച്ചു.
പ്രേത പൂജയില്ലാത്തതിനാല്‍ ഓന്തുകള്‍ പൊന്ത കാടുകളില്‍ ആഹ്ലാദിച്ചു നൃത്തം വച്ചു.
സള്‍ഫേറ്റ് ചേര്‍ത്ത നൊരപ്പന്‍ കുടിച്ച് മത്ത് പിടിച്ച് വയറുകാന്തി പൊന്തക്കാടുകളില്‍ കഥകളി കിരീടങ്ങളിഞ്ഞ കൂത്തുകാര്‍ കുത്തിയിരുന്ന് വിമ്മിഷ്‌ടപ്പെടുന്നത് ഓര്‍മ്മയില്‍ ഓടി മറഞ്ഞു.
പാതയുടെ അരികില്‍ തോട് കാലമറിയാതെ ഒഴുകുകയായിരുന്നു. വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ തലതല്ലി ചിരിച്ചുല്ലസിച്ച് അവള്‍ പതുക്കെ പതുക്കെ അകലെ അവളുടെ അന്ത്യ സമുദ്രം ലക്ഷ്യമാക്കി ഒഴുകിക്കൊണ്ടിരുന്നു. രവി കണ്ട പരല്‍മീനുകളുടെ പിന്‍തലമുറകള്‍ ചെതലിമലയിലെ കാട്ടുചോലയില്‍ നിന്നും തോട്ടിലേക്ക് നീന്തി എത്തിക്കൊണ്ടിരുന്നു. രവിയെപ്പോലെ എനിക്കും തിരികെപ്പോകാതിരിക്കാനാകില്ലല്ലോ. രവിയുടെ യാത്രാമൊഴി ഓര്‍മ്മയില്‍ വന്നു. വിളക്ക് തെളിച്ച് സുഗന്ധം പുകച്ച് പുറത്ത് അന്ധമായ കാലം കറുത്ത, നീലച്ച കാറ്റുകളായി നിലവിളിച്ചു. ഇതുവരെയും ആ കാറ്റില്‍ കൂറയും ചിലന്തിയും കാത്തു കിടന്നതായിരുന്നു.
കടവുള്‍സകായം എം അത്തരു ബീഡിയും സെയ്‌ദമിയാന്‍ ശൈഖ് തവണൈ നജാം ഫോട്ടോ പതിനൊന്നാം നമ്പര്‍ ബീഡിയും കൂമന്‍കാവിലെ പീഠികകളില്‍ ഇപ്പോഴും ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് തോന്നി. യാത്രയുടെ ആന്തല് അകറ്റാന്‍ നന്നാറി സര്‍ബത്ത് വാങ്ങിക്കുടിച്ച് ദാഹം അകറ്റി. ആര്‍ത്തിയായി പെയ്‌തിറങ്ങിയ ഓര്‍മ്മകളുടെ ആവേശം പിന്നെയും ഇരമ്പിയാര്‍ന്നു കൊണ്ടിരിക്കുന്നു. പള്ളിയില്‍ നിന്ന് അവസാന വാങ്കുവിളി ഉയരുകയാണ്…