Site iconSite icon Janayugom Online

മുന്നേ നടന്നവര്‍, സൂര്യകിരണമായ് പെയ്തവര്‍

”ആരുടെ കയ്യും മെയ്യും
ചോരയും വാക്കും ചേര്‍ന്നീ
കേരളത്തിനു നല്‍കീ
പുത്തനാമൊരു സൂര്യന്‍
ആരുടെ പാട്ടുകള്‍
ചവട്ടിപ്പൂകി ഞങ്ങള്‍
സ്വാതന്ത്ര്യം ഹരിതാഭ
തിങ്ങിടും നവദേശം
ആര്‍ തന്ന കരുത്തിനാല്‍
പൊട്ടിച്ചു ജനതയെ-
യാകെയും അടിമക-
ളാക്കിയ വിലങ്ങുകള്‍
ആരുടെ സ്‌നേഹത്തിന്റെ -
യനന്തത്യാഗങ്ങളാല്‍
നേടി നാം സമത്വത്താല്‍
നീലിച്ച തെളിവാനം…”
കവി സച്ചിതാനന്ദന്‍ രചിച്ച ഈ വരികളിലൂടെയാണ് മാധ്യമപ്രവര്‍ത്തകനും കഥാകൃത്തുമായ സി അനൂപ് സംവിധാനം ചെയ്ത ‘മുന്നേ നടന്നവര്‍’ എന്ന ഡോക്യുമെന്ററി ആരംഭിക്കുന്നത്. ഒരു സമൂഹത്തിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്ക് കരുത്തു പകര്‍ന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സംസ്ഥാന സെക്രട്ടറിമാരെ കുറിച്ചുള്ള ഡോക്യൂമെന്ററിയ്ക്ക് ആരംഭം കുറിക്കാന്‍ ഇതിലും മികച്ച വരികള്‍ വേറെയെന്താണ്. പി കൃഷ്ണപിള്ള, സി അച്യുതമേനോന്‍, എം എന്‍ ഗോവിന്ദന്‍ നായര്‍, ഇഎംഎസ്, എസ് കുമാരന്‍, എന്‍ ഇ ബാലാറാം, പി കെ വാസുദേവന്‍ നായര്‍, വെളിയം ഭാര്‍ഗ്ഗവന്‍, സി കെ ചന്ദ്രപ്പന്‍, പന്ന്യന്‍ രവീന്ദ്രന്‍, കാനം രാജേന്ദ്രന്‍ എന്നീ സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ വന്നവഴികളിലൂടെയും തൊഴിലാളികളും കര്‍ഷകരും സാധാരണക്കാരുമായ ജനങ്ങളുടെ ജീവിതത്തില്‍ അവര്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച മാറ്റങ്ങളെയും കുറിച്ചാണ് രണ്ട് മണിക്കൂറോളം നീളുന്ന ഈ ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നത്. ഈ നേതാക്കളുടെ ഒപ്പം സഞ്ചരിച്ചവരുടെയും നേതാക്കളെ പഠിക്കാന്‍ ശ്രമിച്ചവരുടെയും വാക്കുകളിലൂടെയാണ് ‘മുന്നോട്ട് നയിച്ചവര്‍’ വികസിക്കുന്നത്.

‘പുറംപൂച്ചല്ലാത്ത സ്ഥായിയായ വികസനം അച്യുതമേനോന്റെ കാലത്താണ്’ നടത്തിയിട്ടുള്ളതെന്ന് കഥാകൃത്തായ ടി പത്മനാഭന്‍ കുറിക്കുന്നുണ്ട്. ‘ആളുകള്‍ അറിയുന്ന കോണ്‍ഗ്രസ് നേതാക്കളും ആളുകളെ അറിയുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളും’ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിതന്ന എം എന്‍ ഗേവിന്ദന്‍ നായരെ പ്രൊഫ. എം കെ സാനു ഓര്‍ത്തെടുക്കുന്നുണ്ട്. ‘സൈദ്ധാന്തിക തലത്തിനപ്പുറം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ കമ്മ്യൂണിസ്റ്റായ പി കൃഷ്ണപിള്ളയെ’ കുറിച്ചാണ് ചിന്തകനായ പ്രൊഫ. ജെ പ്രഭാഷ് ഓര്‍ത്തെടുക്കുന്നത്. ‘സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മാറ്റങ്ങള്‍ എല്ലാം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു പരിപ്രേക്ഷ്യം വളര്‍ത്തിയെടുക്കണമെങ്കില്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ നിരന്തരം വായിക്കുകയും ചിന്തിക്കുകയും ചെയ്തുകൊണ്ടിരിക്കണമെന്ന് ഇഎംഎസിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു‘വെന്ന് പ്രൊഫ. എം കുഞ്ഞാമന്‍ പറയുന്നു. ‘പുന്നപ്രവയലാര്‍ സമരത്തില്‍ നേരിട്ട് പങ്കെടുത്ത് ആലപ്പുഴയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തനമാരംഭിച്ച് സംസ്ഥാന സെക്രട്ടറിയായി മാറിയ എസ് കുമാര’നെ ടി ജെ ആഞ്ചലോസ് ഓര്‍ത്തെടുക്കുന്നു. ‘പുസ്തകങ്ങളോടും വായനയോടും എന്‍ ഇ ബാലാറാമിനുള്ള സ്‌നേഹ’മാണ് അദ്ദേഹത്തിന്റെ ഭാര്യ പങ്കജാക്ഷി ഓര്‍ത്തെടുക്കുന്നത്. ‘വര്‍ഷങ്ങള്‍ക്ക് ശേഷവും സാധാരണക്കാരുടെ മനസ്സില്‍ പികെവി നിറഞ്ഞുനില്‍ക്കുന്നതി‘നെ കുറിച്ച് മകള്‍ ശാരദാമോഹന്‍ സംസാരിക്കുന്നു. ‘പാരമ്പര്യത്തിന് അനുസൃതമായി നമ്മുടെ രാഷ്ട്രീയത്തില്‍ എന്ത് റോളാണ് സിപിഐ വഹിക്കേണ്ടതെന്ന് വ്യക്തതയുള്ള നേതാവായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ’ കുറിച്ചാണ് മാധ്യമപ്രവര്‍ത്തകനായ സെബാസ്റ്റ്യന്‍ പോള്‍ പറയുന്നത്.

ഒരു തലമുറയുടെ ആശാനായി മാറിയ വെളിയം ഭാര്‍ഗ്ഗവന്‍, നിലപാടുകളും ഇടപെടലുകളും കൊണ്ട് ഇടതുപ്രസ്ഥാനത്തിന് ഊര്‍ജ്ജം പകര്‍ന്ന സി കെ ചന്ദ്രപ്പന്‍, ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരുടെയെല്ലാം വ്യക്തി — രാഷ്ട്രീയ — സാമൂഹ്യ ചരിത്രം ഡോക്യുമെന്ററിയല്‍ വരച്ചു കാട്ടുന്നുണ്ട്. പ്രൊഫ. എം ലീലാവതി, പി കെ മേദിനി, കെ വേണു, പാര്‍വതി പവനന്‍, അഡ്വ. ജയശങ്കര്‍ തുടങ്ങിയവര്‍ അവരുടെ അനുഭവങ്ങളിലൂടെ സിപിഐയുടെ സംസ്ഥാന സെക്രട്ടറിമാരെ ഓര്‍ത്തെടുക്കുന്നുണ്ട്. കൃത്യമായ ചരിത്രപഠനത്തിലൂടെ സി അനൂപ് ഒരുക്കിയ ‘മുന്നേ നടന്നവര്‍’ എന്ന ഡോക്യുമെന്ററി കാഴ്ച്ചക്കാരനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പഠിക്കാനും മനസ്സിലാക്കാനും ആഗ്രഹിക്കുന്നവര്‍ക്കും ഒരു മുതല്‍ക്കൂട്ടാണ്. മുരുകന്‍ കാട്ടാക്കടയുടെ ഗാനങ്ങള്‍ ജാസി ഗിഫ്റ്റ് ആലപിക്കുന്നു. ജാസി ഗിഫ്റ്റാണ് സംഗീത സംവിധാനവും. സി അനൂപിന്റെയും പ്രൊഫ. അലിയാരുടെയും പ്രൗഡഗംഭീരമായ ശബ്ദം ഡോക്യുമെന്ററിയുടെ കരുത്ത് വര്‍ധിപ്പിക്കുന്നു.

ഛായാഗ്രഹണം — പെരുമ്പടവം ശ്രീകുമാര്‍. ചിത്രസംയോജനം — ഗോപന്‍ അരുണഗിരി, ശീര്‍ഷകം — ഭട്ടതിരി, ഗ്രാഫിക്‌സ് — കണ്ണന്‍, കലാസംവിധാനം — കാരയ്ക്കമണ്ഡപം വിജയകുമാര്‍, ഗവേഷണം — ഷിജിത്ത് കാട്ടൂര്‍ ഇങ്ങനെ ഒരു കൂട്ടം നല്ല കലാകാരന്‍മാര്‍ മുന്നേ നടന്നവര്‍ക്ക് കരുത്തുപകരാന്‍ പിന്നണിയിലുണ്ട്. സി അച്യുതമേനോന്റെ മകനായ ഡോ. കെ രാമന്‍കുട്ടിയുള്‍പ്പെടെയുള്ളവര്‍ പഴയ കാലം പുനസൃഷ്ടിക്കപ്പെട്ടപ്പോള്‍ അഭിനേതാക്കളായുമെത്തുന്നുണ്ട്. ആര്‍ക്ക് ആര്‍ക്കൈവ്‌സ് അവതരിപ്പിക്കുന്ന ഡോക്യമെന്ററി നിര്‍മ്മിച്ചിരിക്കുന്നത് ദിലീപ് കുമാറാണ്. എവിടെ മനുഷ്യസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുണ്ടോ, എവിടെ അടിസ്ഥാന വര്‍ഗത്തിന്റെ സ്വപ്‌നങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടോ, എവിടെ പച്ചമണ്ണിന്റെ മനുഷ്യത്വം നഷ്ടമാകുന്നുണ്ടോ അവിടെയെല്ലാം ഒരു മാന്ത്രികനെപ്പോലെയെത്താന്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കാകുന്നത് ഈ നേതാക്കള്‍ കണ്ട സ്വപ്‌നങ്ങളും അവരുടെ ആ സ്വപ്‌നപൂര്‍ത്തീകരണത്തിന് വേണ്ടിയുള്ള പ്രയത്‌നങ്ങളുമാണ്. വായനയ്ക്കപ്പുറം കാഴ്ചയ്ക്ക് പ്രാധാന്യം നല്‍കുന്ന ഒരു പുതിയ തലമുറ വളര്‍ന്നുവരുന്ന കാലത്ത്, നമ്മളെ നമ്മളാക്കിയ ഈ നേതാക്കളെക്കുറിച്ച് പഠിക്കാന്‍ ഇത്തരം ദൃശ്യപാഠങ്ങള്‍ ഇനിയും നിര്‍മ്മിക്കപ്പെടുക തന്നെ വേണം.

Exit mobile version