വമ്പൻ ഞാനെൻ
കുംഭ നിറഞ്ഞിരിക്കുന്നു
നിറഞ്ഞ കുംഭയിൽ
ആരുടെയോ
നെല്‍വയലുകൾ
മെതിച്ചിരിക്കുന്നു
കിളിച്ചുണ്ടെൻ തോപ്പിലെ
മാമ്പഴമാംസമെല്ലാം
അയവിറക്കി രുചിച്ചു
മധുകിനിഞ്ഞുറങ്ങുന്നു
ഒരു കരിമ്പിൻ തോട്ടം
പിഴിഞ്ഞൊരു പുഴ
എന്നെ ലാളിച്ചൊഴുക്കിയുലാത്തുന്നു
എന്നുള്ളിൽ വിരിഞ്ഞ പൂവാൾ
സൗവർണ്ണ കോതമ്പു കാന്തിയെഴുതുന്നു
ഉറക്കത്തിലെൻ
നെറ്റി പൊട്ടിച്ചൊരു
കറുത്ത വണ്ടു പറന്നു പോയി
കറുത്തതോടതൊരു
കിരാത പർവ ചരിത കഥയിൽ
പൊട്ടുകുത്തിയിളകിയാടുന്നു
കാടും കാട്ടുപൊയ്കയും
കായും കനിയുമെനിക്കുമുളളതാണെന്നും
കഥപ്പുഴയിലൊരു
വഞ്ചിയമരത്തിൽ പാടുന്നയാൾ
ഉണർന്നു
ഞാനൊരു പച്ച വേഷമായി
കത്തി നിറച്ചുള്ളത്തിൽ
കരിവീശിയാടുന്നു
പിന്നണിയിലൊരുവൻ
നെല്ലു തിന്നാൽ
അവനെ തല്ലിക്കൊഴിച്ച്
വെറും കറ്റയാക്കീടും
ഞാൻ
അവനു നിങ്ങൾ
മധുവെന്ന് പേരിടും