Site iconSite icon Janayugom Online

ഒരേ ഒരാൾ

ഇലയിൽ മൂക്കു മുട്ടിച്ച്
നോക്കുമ്പോഴൊക്കെ
പച്ചപ്പടർപ്പിന്റെ ഒരു കാട്
ഉണങ്ങാത്ത നീല ഞരമ്പുകൾ
ചുവന്നു മുറുക്കിയ
തെച്ചിപ്പൂവുകൾ
തെളിഞ്ഞു വരുന്നു

മണ്ണിൽ മൂക്കു മുട്ടിച്ച്
നോക്കുമ്പോഴൊക്കെ
വിയർപ്പിന്റെ ഗന്ധം
അടങ്ങാത്ത ദാഹം
കിളിർക്കാത്ത നാമ്പ്
ഓടിത്തളർന്ന പാദം
ചുരുണ്ടുരുണ്ട് വലിച്ചെടുക്കാൻ
വെമ്പുന്ന രണ്ടു കയ്യുകൾ

നീരിൽ മൂക്കു മുട്ടിച്ച്
നോക്കുമ്പോഴൊക്കെ
അഗാധ ഗർത്തങ്ങൾ
പരൽക്കണ്ണികൾ
നക്ഷത്ര മത്സ്യങ്ങൾ
വീഴരുത് വീഴരുതെന്ന്
താങ്ങാനൊരു ജലകന്യക

ഭൂമിയിൽ കാൽ വെക്കൂ
ആകാശത്ത് മൂക്ക് മുട്ടിക്കൂ
പറക്കുക വീണ്ടും പറക്കുക
എന്നും പറഞ്ഞൊരാൾ
കൈ പിടിച്ച് നിഴൽ
ശേഷിപ്പിക്കാതെ
ഇരമ്പമായ്
മറഞ്ഞു നിൽക്കുന്നു

Exit mobile version