Site icon Janayugom Online

ശ്വാനജന്മരേഖ

ഇരുൾ നിറം, വാതിൽപ്പുറ-
ത്തെപ്പൊഴും കാവൽ
സൂചിമുന പോൽ കൂർപ്പിച്ചു
വച്ചതാമിരു കർണ്ണങ്ങൾ
കാറ്റനക്കത്തിൽ പോലും
ഉച്ചവെയിലുണർച്ച
തോൽക്കുന്ന ജാഗ്രത
ഘനഗംഭീരമാം ഒറ്റവിളിയിൽ
ആദിമവന്യത പൂക്കും കണ്ണിൽ
തെളിയും ദീനമാർന്നൊരു ഭാവം
തെല്ലു നീണ്ടതാം വാലിൻ
തുമ്പിൽ തിരതല്ലും സ്നേഹം
എത്ര വെറുപ്പോടെയാട്ടിയ-
കറ്റിലും പിന്നെയും പിന്നെയും
കാൽക്കൽ വീഴുന്ന തീവ്രത
കഴുത്തിലോ അദൃശ്യമാം ചങ്ങല
അതിർത്തികൾ മായ്ച്ചു
തെല്ലിട പോകുവാനിച്ഛയുണ്ടെ-
ന്നാലും പോകുവാനാവുന്നില്ല ദൂരെ
ഉള്ളിൽ തീരാതെ ചുര മാന്തുന്ന
സ്വാതന്ത്ര്യദാഹമെന്നാലും
പിൻവിളി വിളിക്കുന്നൂ
പൂർവ്വജന്മങ്ങളെന്നോ വരച്ചു
വച്ചതാം ലക്ഷ്മണരേഖകൾ,
കുനിയുന്ന ശിരസ്സിൽ മാഞ്ഞു
പോവുന്നൂ ശിരോലിഖിതങ്ങൾ
കാലങ്ങളായി ചുമക്കും ദാസ്യഭാവം
ഉള്ളിൽ മുഴങ്ങുന്ന കാരണമറിയാ-
ത്തൊരു ഭയത്തിൻ പെരുമ്പറ
നോക്കി നോക്കി നിൽക്കെ
നിന്നിൽ തെളിയുന്നെൻ രൂപം
ആകാശമളന്നു വാഴും പക്ഷിയെ
കാൺകെ, തിളയ്ക്കുന്നൂ ആദിമം വാഞ്ഛ
പോകാനിറങ്ങുന്നു നാം രണ്ടു പേരും
പൊടുന്നനെ തിരികെ വിളിക്കുന്നൂ
തീരാത്ത ജന്മകല്പനകൾ, വയ്യ!
പേടിപ്പെടുത്തുന്നൂ, കാലിൽ തടയുന്നു
കാണാത്ത ശ്വാനജന്മരേഖകൾ
ഭീരുക്കളായി തല താഴ്ത്തുന്നു
വീണ്ടുമീ ആജ്ഞ കാത്തു നമ്മൾ

Exit mobile version