ഒരു പഴത്തൊലി മാത്രം മതി
ഒരു കവിത പിറക്കാൻ
ഒരു കവി ജനിക്കാൻ
കവികൾ ഇല്ലാഞ്ഞിട്ടല്ല
റോഡിൽശീതീകരിച്ച
വാഹനത്തിൽ സഞ്ചരിച്ച
അവർ വലിച്ചെറിഞ്ഞ
പഴത്തൊലി ഒന്നു മതി
കവിതയാകാൻ
ഭക്ഷണം കഴിക്കാൻ
വീട്ടിൽ ഇടം ഇല്ലാഞ്ഞിട്ടല്ല
യാത്രയിൽ വിശന്നിട്ടുമല്ല
ഒരു ചെയ്ഞ്ച്
അത്ര മാത്രമേ
അവരും കരുതിയുള്ളൂ
എങ്കിലും
അതിവേഗം
ആ പഴത്തൊലി
പഴത്തിൽ നിന്ന്
കുതറി ചാടി
പുറത്തേക്ക് വീഴുകയായിരുന്നു
ഉടലിൽ നിന്ന്
ഉടയാട
എന്നപോലെ
പഴത്തൊലി
വീണത് എവിടെയാണ്
റോഡിന്റെ നടുവിൽ
മറ്റെവിടെയെങ്കിലും
എറിയാമായിരുന്നില്ലേ
എന്നിട്ടും
നടുവിൽ വീണതുകൊണ്ട്
ഇതാ ഇവിടെ
ഒരു കവിത പിറക്കുകയാണ്
ഒരു കവിയും പിറക്കുകയാണ്
പഞ്ഞമുണ്ടായിട്ടല്ല
എന്നിട്ടും…