Site icon Janayugom Online

മഴവീട്ടിലേക്ക്

ചില വാക്കുകൾ തുരുത്തുകളെന്നു
നാം കരുതും
നനഞ്ഞ മഴക്കുടകളെ
പുറത്തു വെച്ചു
തുരുത്തിലേക്കു
കടക്കുമ്പോഴാണറിയുക
ഒക്കെയും തോന്നലുകളായിരുന്നെന്ന്
ചില്ലകൾ ഉളളിലേക്കു
വലിച്ചുവച്ച് ചെടികൾ,
എന്തിനിവിടേയ്ക്കു
എന്ന ഭാവത്തിൽ
തുറിച്ചു നോക്കുന്ന
കണ്ണുകളുള്ള പൂക്കളെ
അതിൻമേൽ ചേർത്തുവയ്ക്കും
പിന്നെ നാം കാണാതെ പോയ
മുള്ളുകളെ
നമുക്കു നേരേ കുത്തി നിർത്തും
വെയിലുകൾ കൂർത്ത
കണ്ണുകളാൽ
നമ്മെ കൊത്തിവലിക്കും
രാത്രിയപ്പോൾ
നിലാവിനെയെടുത്ത്
ഒളിച്ചുവെയ്ക്കും
തൊടിയിലൊരു
നീർക്കോലി
നീണ്ട തല പുറത്തേയ്ക്കിട്ടു
ശല്യപ്പെടുത്തരുത് എന്നു
മൗനവാക്കുകളെറിയും
മച്ചിങ്ങ വീണ്
ഓട് പൊളിഞ്ഞ
വീടിനുള്ളിൽ നിന്നു കാറ്റ്
ഇറങ്ങിപ്പോ… എന്ന
ആക്രോശത്തോടെ
വീശിയടിക്കും
നാം മടങ്ങുമ്പോൾ
ഒരു തുരുത്തും
പ്രതീക്ഷകളാകുന്നില്ലെന്നു
മഴക്കുടകൾ
നമ്മെയോർമ്മിപ്പിക്കും
കുടവക്കുകളിൽ നിന്നു മഴ
വിരലുകൾ കൊണ്ടു നമ്മെ
എത്തിപ്പിടിക്കും
മഴച്ചുണ്ടുകൾ നീട്ടി ചുംബിക്കും
ഞാനില്ലേയെന്നു
പറയാതെ പറയും
കടലോളം ദൂരമുള്ള
മഴവീട്ടിലേക്കു വെറുതേ വിളിക്കും.

Exit mobile version