കത്തിയാളും ജഠരാഗ്നി നാളങ്ങൾ
ചുട്ടെരിക്കുന്ന പ്രാണപ്പിടച്ചിലിൽ
ഇറ്റുവറ്റു കൊതിച്ചതു കുറ്റമോ?
തച്ചുകൊല്ലലോ ശിക്ഷ, വിശപ്പിന്റെ
രക്തസാക്ഷി കൈയിലൊരുപിടിയരി
സുഭിക്ഷവികസന ബാക്കിപത്രമോ?
വികസനപ്പക്ഷി പഞ്ചമം പാടിലും
വിശപ്പിൻ മക്കൾക്ക് മൃതിഗാനമല്ലോ!
സമത്വമപ്പദം നിരർത്ഥം, കുന്നുകൾ
ഉയിർത്തെഴുന്നേല്പു, വൻമല, കുഴികൾ
പടുകുഴികളായി പരിതപിക്കുമ്പോൾ
വളർച്ചയോ? നാടിൻ കുതിപ്പുതന്നെയോ?
സ്വാതന്ത്ര്യാമൃത മധുരമനോജ്ഞമീ
മഹോത്സവത്തിൽ ലഹരിയിലുടയോൻ
അരുളി ചെയ്തു; “ക്ലേശിക്കേണ്ടിനിയാരും
സർവം ഡിജിറ്റലല്ലോ വിശപ്പു പോലും.”