മറികടക്കല്‍
തീരത്ത് ഉപേക്ഷിക്കപ്പെട്ട
വാറടര്‍ന്ന
കുഞ്ഞിളം ചെരിപ്പണിഞ്ഞാണ്
തലമുടി നനയാതെ
മുങ്ങിമരിച്ചവര്‍
അമാവാസി നാളില്‍
കടലാഴങ്ങള്‍
നീന്തിക്കടക്കുന്നത്.
കൊതിപ്പിക്കല്‍
വലക്കണ്ണികളില്‍
ഒതുങ്ങാത്ത
കടല്‍
മുക്കുവനെ
എന്നും കൊതിപ്പിക്കുന്നു
വറ്റി പോകുന്നു
ശ്വാസം കിട്ടാതെ പിടയും
കുഞ്ഞു മീനിന്റെ
ചെതുമ്പലുകളില്‍
പവിഴപ്പുറ്റുകളുടെ
ആദിരേഖകള്‍ വായിച്ചെടുക്കുമ്പോള്‍
ചിപ്പിക്കുള്ളില്‍
ഒരു തുള്ളി ജലം ബാക്കിയാക്കി
കടല്‍ വറ്റിപ്പോകുന്നു.