Site iconSite icon Janayugom Online

കുലസ്ത്രീ

നീ വരച്ച വരയ്ക്കകത്ത്
സീതയായ്ക്കഴിയുവാൻ
ഉരുകിയുരുകി ഞാനിതെത്ര
നാളുതള്ളി നീക്കണം

നീ വിരിച്ച വഴിയിലൂടെ
ഏകയായ് നടന്നിടാൻ
എത്ര പാദുകങ്ങൾ തീർത്ത്
കണ്ണുനീർ പൊഴിക്കണം 

നിനക്കു വേണ്ടി മാത്രമായി
ഒന്നുപുഞ്ചിരിക്കുവാൻ
ഉള്ളിലെത്ര സങ്കടത്തിൻ
കടലുമൂടി വെക്കണം 

നിനക്കുവേണ്ടി ഉണരണം
നിനക്കുമാത്രമുരുകണം
എന്റെയുള്ളിലുള്ള ഞാനു-
മത്രമേൽ മരിക്കണം

കിനാക്കളെത്ര കണ്ടു ഞാനി-
ജ്ജീവിതം തുടരിലും
നിനക്കുവേണ്ടി ചുടലതീർത്ത്
അവയെരിച്ചു തീർക്കണം 

പട്ടുമെത്ത വിരിച്ചതിൽ
നിനക്ക് സ്നേഹമുണ്ണുവാൻ
സദാചിരിച്ച മുഖവുമായ്
ഭൂമിയിൽ പുലരണം 

സ്വയം ശപിച്ചു ഹോമകുണ്ഠ-
മതിൽക്കിടന്നുവേവിലും
ഇരുട്ടതിൽക്കിടന്നു
വെറുമൊരടിമയായ് മരിക്കിലും 

ഒട്ടുമാത്രമുള്ളിലാശ
ബാക്കിയില്ല ലോകമേ
നീ കുറിച്ചുവെച്ചയീ-
മനുസ്മൃതിയിലലിയുവാൻ 

നിർവികാര ജീവിയായി
സ്ത്രീകളെത്തളയ്ക്കുവാൻ
കുലസ്ത്രീയായന്നെ വാഴ്ത്തിയൊടുവിൽ
നീ കൃതാർത്ഥനാകുവാൻ 

Exit mobile version