കവിതയും ജീവിതവും എന്നതായിരുന്നു
വിഷയം
മുഖ്യപ്രഭാഷകൻ
കവിതയെയും ജീവിതത്തെയും കുറിച്ച്
പറഞ്ഞിട്ടും പറഞ്ഞിട്ടും കൊതിതീരാതെ
അതിൽക്കിടന്ന് മെഴുകി
അതുപോട്ടെ
സബ്ടൈറ്റിൽ പ്രണയമാണല്ലോ
തരളിതം
നിലാവ്
ഇളംകാറ്റ്
പൂങ്കുല
ഇവയെ
താക്കോൽവാക്കുകളുടെ
പട്ടികയിൽ നിന്ന് പുറത്താക്കി
കടും മധുരം
കാട്ടുതേൻകടുപ്പം
ഇവയും
വിഷയത്തിൽ നിന്ന്
വെട്ടിക്കളഞ്ഞവയിൽ പെടും
ചെടിയ്കും വല്ലാതെ
ഉദ്ധരിക്കാൻ പാകത്തിന്
ഒരു കവിത എടുത്തു വച്ചിരുന്നു
കവിത തന്നെ വേണമെന്നില്ലത്രേ
കൂട്ടിച്ചേർത്തവയിൽ
പിറന്നാളിന് കൈമാറുന്ന
പ്രണയറീലുകൾ
ചാറ്റ്
ഡിലീറ്റ്
പ്രയോറിറ്റി
ചിൽ
ഡാർക്ക്
ലിപ് ലോക്കും
സെമിനാർ തുടർന്നു
അലങ്കാരങ്ങളെല്ലാം അഴിച്ചു വച്ച്
പിറന്നപടി
കുതറിയോടി
പ്രേമം
അതാ ഓഡിയൻസിന്റെ പിറകിൽ
വന്നു നില്ക്കുന്നു
കഴിഞ്ഞ രാത്രി പനിയിൽ പൊള്ളി
പരസ്പരം കാവലായി
ഉറക്കമില്ലാതെ,
ലോകത്തിന്റെ
രണ്ടിടത്ത്,
തമ്മിൽ കാണാനാകാതെ
ശ്വാസം മുട്ടിയ
രണ്ടു പേർ
പ്രണയത്തെ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു
അവരെ നോക്കി പ്രേമം പുഞ്ചിരിച്ചു
(പരസ്പരം കണ്ടുപിരിയുന്ന വൈകുന്നേരങ്ങളിൽ
ഇരുട്ടും തോറും വീടെത്താൻ വൈകുന്നവേവിൽ
ഒരാൾ മറ്റേയാളെ ഓർത്തു നീറുന്നതിന്
താൻ സാക്ഷിയായ നിമിഷങ്ങൾ
അപ്പോൾ പ്രേമം വെറുതെ ഓർമിച്ചു)
ശേഷം
ഒരു കുസൃതിക്കുട്ടിയെപ്പോലെ
പ്രേമം
അവർക്ക് മുന്നിൽ
ലജ്ജയില്ലാതെ
നിന്നു
ഉറക്കമിളച്ച കണ്ണുകൾ കൊണ്ട് പ്രേമത്തെ
വാരിയെടുത്ത്
അവർ പുറത്തേക്കു പോയിട്ടുണ്ട്
സെമിനാർ തീർന്നിട്ടില്ല