ഇനിയുമീജീവിതസായന്തനത്തിലായ്
ഒരുതരിവെട്ടംകരുതിവെച്ചീടണം
ഇരുളുന്നകാർമേഘമണയുമ്പോഴന്നു നിൻ
അരികത്തായൊരുതിരി നിനക്കായ് തെളിയണം
ചുമടുകളാകെയിറക്കിവച്ചീടുമ്പോൾ
തളരുന്ന കൈകൾക്കു താങ്ങായൊരു തിരി
നറു നിലാവായ് നിൻ മനസിന്റെ ചില്ലയിൽ
കരിന്തിരികത്താതെ ഒരുനിറപുഞ്ചിരി.
ഒരുചെറുകാറ്റായി അരികത്തണയുമ്പോൾ
ഹൃദയത്തിലാത്തിരി പൂനിലാവാകണം
നിനക്കായിമാത്രം എന്നാരോകുറിച്ചിടും
ഒരുചെറുപുഞ്ചിരിക്കായി നീ കാക്കണം.
അടിമയായ് ജീവിച്ച ജീവിതപ്പാതയിൽ
അരുമയാം സ്വപ്നങ്ങളാകെ നിറയ്ക്കണം.
വീശുന്ന വെഞ്ചാമരത്തിൻ തലോടലിൽ
നിറയെത്തെളിയണം നിന്നിലാഓർമ്മകൾ.
ചിതൽതിന്നുതീർത്തൊരു നഷ്ടസ്വപ്നങ്ങളെ
പാതിയിലായി ഉപേക്ഷിച്ചിറങ്ങണം
ഇരുകൈകൾ നീട്ടി നീ ആകാശത്തോപ്പിലായ്
മേഘങ്ങൾക്കൊപ്പം പറന്നു പൊങ്ങീടണം.
നിഴലിനെപോലും ഭയന്നുജീവിച്ചൊരു
രാത്രികൾ നിന്നിൽ നിന്നൊഴിഞ്ഞുപോയിടണം
നിറമുള്ള സ്വപ്നങ്ങൾ കൊണ്ടതിൽ പൂക്കളാൽ
തൂമണം വീശും നിനവായി മാറ്റണം.
കാട്ടുപൂഞ്ചോലയിൽ മുങ്ങിനിവരണം
ഉടലിൻകറകളെ കുടഞ്ഞങ്ങെറിയണം
രാപ്പാടിതൻഗീതം നിറയെയും കേൾക്കണം
നിലാവിനോടൊപ്പം നീ യാത്രയായീടണം.
പിന്നിട്ടവഴികൾ മറവിയിലാക്കണം
നിനക്കായി മാത്രം നീ പുഞ്ചിരിച്ചീടണം
ദാഹജലത്തിനായ്കേഴുന്ന ജീവനിൽ
കാരുണ്യമായി നീ നിറയെത്തെളിയണം.
ഊഷരഭൂമിയായിതീർക്കാതെ നിന്മനം
ഉണരുന്ന പൂവാടിയായി നീ മാറ്റണം
അലിവിന്റെ ആർദ്രത നിന്നിലായ് ഉയരട്ടെ
നീർച്ചോലപോലെതിളങ്ങട്ടെ കൺകളും.
സ്വപ്നങ്ങൾക്കൊപ്പം നീ സഞ്ചരിച്ചീടുക
നാളത്തെവനിതയ്ക്കായൊരു വിളക്കേന്തുക
നിറയട്ടെ നിന്നിലായ് ഒരു പെൺ കരുത്തിന്റെ
ഉയരുന്ന ശംഖൊലിനാദം മുഴക്കുവാൻ…