Site icon Janayugom Online

മീനുകൾ പറയുന്നത്

കടലിൽ നിന്ന് അയാൾക്ക് കിട്ടിയ
മീനിന്റെ വാല് മുറിഞ്ഞിരുന്നു.
നിലനില്പ് പ്രശ്നമായപ്പോൾ
ചെറുത്ത് നിന്നതാണെന്നാണ്
മീനയാളോട് പറഞ്ഞത്.
പേരറിയാത്ത ആ മീനിനോട്
ഇപ്പോൾ ജീവൻ തന്നെ
അപകടത്തിലായില്ലേയെന്ന്
ചോദിച്ചപ്പോൾ മരണം
സ്വാതന്ത്ര്യമാണെന്നായിരുന്നു മറുപടി.
ചെറുമീനുകൾക്കും,ജീവികൾക്കും
കടലിൽ സ്വാതന്ത്ര്യമില്ലെന്നറിയില്ലേ
ഞങ്ങൾ പലതരം മീനുകൾ
ചെറുതും,ചെറുതിനെ തിന്നുന്നവയും.
ജനിക്കുന്നതേ അപകടങ്ങളിലേക്കായത് കൊണ്ട്
ഭയത്തോടൊളിക്കാൻ പഠിച്ചില്ല.
ആഹാരമില്ലാതെ,സ്വതന്ത്രമായി
നീന്താനിടമില്ലാതെ,വിശ്രമിക്കാതെ
ഞങ്ങൾ പൊരുതിക്കൊണ്ടേയിരുന്നു.
വലിയവ കൂട്ടത്തോടെയാക്രമിക്കുമ്പോൾ
മരിച്ചുപോയ മീനുകളെയെണ്ണി സമയം
കളയാനില്ലാത്തത് കൊണ്ട്
ജീവനുള്ളവയെ കൂട്ടി
എതിർത്തു കൊണ്ടേയിരുന്നു.
ചെറുതാണ്,ചെറുതാണ് എന്ന
നിരന്തരമായ ഓർമ്മപ്പെടുത്തലുകൾക്കൊടുവിലാണ്
കടലിൽ നിന്ന് പുറത്ത് പോകാതിരിയ്ക്കാൻ
ചെറിയവ വലിയവയ്ക്ക് കൂട്ടത്തോടെ
ആഹാരമാകണമെന്ന് കേട്ടു തുടങ്ങിയത്.
നിരന്ന് നിന്ന് ആഹാരമാകുന്നതിനേക്കാൾ
ഭേദം മരണമാണെന്ന് തീരുമാനിച്ചു.
കണ്ണികൾ ചെറുതായ വലയ്ക്കുള്ളിൽ
വേദനിക്കാതെയുള്ള മരണം.
വിശാലമായ ലോകമെന്ന് പറയുന്ന
കടലിലോ വേദനിപ്പിച്ചുള്ള മരണം.
ചെറിയവകളുടെ ലോകം എപ്പോഴും
മരണത്തെ ചുറ്റിപ്പറ്റിയുള്ളതാവും.
വേദനിക്കാതെ മരിക്കണോ
വേദനിച്ച് മരിക്കണോയെന്ന് മാത്രം
ചിന്തിച്ച് തീരുന്ന ജീവിതം.
ഇങ്ങനേയും ജീവിതങ്ങളുണ്ട്
അത് തീരുമാനിയ്ക്കൽ മാത്രമാണ്
ഞങ്ങളുടെ സ്വാതന്ത്ര്യം. 

Exit mobile version