ഇന്നലെപ്പൊടുന്നനെ
ഉൾത്തടം വിങ്ങി,യെന്തോ
പറയാനുണ്ടെന്നാരോ
പതിയെ പുലമ്പലായ്
മഞ്ഞച്ച വെയിൽപ്പക്ഷി
കുനിഞ്ഞ ചില്ലത്തുമ്പിൽ
ആഞ്ഞൊന്നു പുൽകിപ്പോയി
എന്നിട്ടും കുളിർന്നുപോയ്!
വാക്കിന്റെയറ്റംപൊട്ടി
‘ചില്ലൊ‘ന്നു ചിതറിപ്പോയ്
സ്മൃതിയിൽ ചിതൽപ്പുറ്റിൻ
പഴയ മണ്ണിൻ ഗന്ധം
ഉടലിൽ പൊടുന്നനെ-
പൊള്ളിയ്ക്കും കുളിരല
ഭ്രമണം, വഴിതെറ്റി-
ത്തിരിയും ഗ്രഹം പോലെ
വെറുത്തു,വെറുത്തൊരാൾ
രാഗത്തിലാകുമ്പോലെ
മറന്നു, മറന്നന്ത്യം
ഓർമ്മയിലാഴുമ്പോലെ
ഇരുട്ടിൻ വിഷത്തുള്ളി
കുടിച്ച പകലിന്റെ
നെഞ്ചിലെ വെട്ടമൂറ്റി
പാൽനിലാവാകും പോലെ
ജീർണ്ണമാം ‘ഭൂത’ത്തിന്റെ
താഴിട്ട മുറിയ്ക്കുള്ളിൽ
കനവിൻ കാല്പെട്ടിയിൽ
പൂക്കുന്നു,കൈതക്കാട് !