സങ്കല്പരഥത്തിന്റെ ചിറകിൽ
നിരുപമയുവതീ, വരുമോ നീ?
നിറയും മനസ്സിലെ സ്നേഹാതിരേകം
എങ്ങിനെ പറയും വാക്കുകളിൽ!
ആദ്യത്തെ കാഴ്ചയിലാമിഴിപ്പൂവുകൾ
സ്വപ്നങ്ങൾ നീന്തും പൊയ്കയായി
ഒരുനൂറു ദീപങ്ങൾ മിന്നിത്തെളിഞ്ഞു
പ്രണയക്ഷേത്രത്തിൻ നട തുറന്നു.
കൃഷ്ണവേണിച്ചുരുളിലെൻ കൈവിരൽ
കൃഷ്ണഗാഥകളെഴുതുമ്പോൾ
അശ്രുബിന്ദുക്കൾ കാണുമ്പോൾ
ശാകുന്തളം കഥ ഓർമ്മ വന്നു
നറുനിലാ കുളിർതൂകും യാമിനിയിൽ
ഓമൽക്കിനാവായ് നീ മറഞ്ഞാലും
ദിവ്യാനുരാഗത്തിൻ അനുഭൂതികൾ
അനവദ്യസുന്ദരം! അനിർവ്വചനീയം!