ഇന്ന് ഓൺലൈൻ മാധ്യമങ്ങളിൽ വായനക്കാരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒന്നാണ് പോഡ്കാസ്റ്റ്. ഓഡിയോ സ്ട്രീമിംഗിനും, മീഡിയ പ്ലെയർ സേവനത്തിനുമുള്ള ആപ്ലിക്കേഷൻ. ഐപോഡ് എന്ന പേരിനോടൊപ്പം ബ്രോഡ്കാസ്റ്റ് ചേർന്നപ്പൊഴുണ്ടായ മിശ്രപദമാണ് പോഡ്കാസ്റ്റ്. ഇന്റർനാഷണലും നെറ്റുവർക്കും ഒരുമിച്ചപ്പോൾ ഇന്റർനെറ്റും, ബ്രേക്ഫാസ്റ്റിനും ലഞ്ചിനുമിടയ്ക്കുള്ള ഭക്ഷണം ബ്രഞ്ചും, ബോംബെയും ഹോളിവുഡും വിളക്കിച്ചേർത്തപ്പോൾ ബോളിവുഡുമായി. അർത്ഥം ഒന്നിച്ചു ലഭിയ്ക്കത്തക്ക വിധത്തിൽ രണ്ടു പദങ്ങളെ കൂട്ടിയിണക്കി പുതിയൊരു വാക്കിന് രൂപം നൽകുന്ന പോർട്ടുമെന്റോ എന്ന സമ്പ്രദായമാണിപ്പോള്‍ പുത്തൻ പ്രവണത! കവിതയും പെയിന്റിങ്ങും കൂട്ടിക്കലര്‍ത്തി ‘പോയംന്റിങ്’ ചെയ്യുന്ന വിനോദ് ആലത്തിയൂരാണ് ഇപ്പോള്‍ താരം. കേരള ലളിത കലാ അക്കാദമിയുടെ ആർട്ട് ഗാലറിയിൽ ഈയിടെ കവി ആലങ്കോട് ലീലാകൃഷ്ണനും, ആർട്ടിസ്റ്റ് മദനനും, മലയാളം സർവകലാശാല വൈസ് ചാൻസലറും സാഹിത്യഗവേഷകനുമായ അനിൽ വള്ളത്തോളും ഒരുമിച്ചു സാരഥ്യം വഹിച്ച കവിതാചിത്ര പ്രദർശനം ഒട്ടനവധി സന്ദർശകരെ ആകർഷിച്ചതിനു കാരണം പോയംന്റിങ് നൽകിയ കൗതുകം മാത്രമല്ല രചനകളില്‍ വിനോദ് പുലര്‍ത്തുന്ന പുതുമയുമാണ്. വിനോദ് തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു…
വരയുടെ തുടക്കം
കയ്യിൽക്കിട്ടുന്ന പത്രക്കടലാസുകളിലെ ചിത്രങ്ങൾ നോക്കി വരയ്ക്കുന്ന മകന്, സ്ലേറ്റിലും നോട്ടുബുക്കിലും പശുവിനേയും ആനയേയും പൊലീസുകാരനേയും അച്ഛൻ വരച്ചു കൊടുത്തു; വരപ്പിച്ചു. പിന്നീട്, നിരവധി മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. വള്ളത്തോൾ എ യു പി സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ആദ്യമായി പങ്കെടുത്ത സബ് ജില്ലാതല ചിത്രരചനാ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു. പെൻസിൽ ഉപയോഗിച്ചു ആഴ്ച്ചപ്പതിപ്പുകളിലെ വരകളൊക്കെ പകർത്തി. മനുഷ്യ ശരീര അനാട്ടമി കൂടി മനസ്സിലാക്കിയപ്പോൾ കൂട്ടുകാരും നാട്ടുകാരും എന്നെ കുട്ടിച്ചിത്രകാരനെന്നു വിളിച്ചു.
പോയംന്റിങ് എന്ന ആശയം
താനൂർ ദേവധാറിലെ പ്ലസ് ടു പഠനത്തിനു ശേഷം എന്ക്ക് ഇഷ്ടമില്ലാത്ത ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിന് പഠിക്കേണ്ടി വന്നു. ജന്മനാ അഭിരുചിയില്ലാത്ത വിഷയങ്ങൾ കാർന്നു തിന്നേണ്ടിവന്നപ്പോൾ ഉണ്ടായ തിക്താനുഭവങ്ങളെല്ലാം കവിതയാക്കി ചിത്രമായ് വരച്ചു. ചിത്രങ്ങൾ എല്ലാവരെയും കാണിച്ചു. കവിതകൾ ആരെയും കാണിച്ചില്ല. പഠനത്തിനുശേഷം, രണ്ടുദിവസം പോലും വീട്ടിൽ നിന്ന് അകന്നു നിൽക്കാത്ത ഞാൻ, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റില്‍ ജോലിക്കായി ഹൈദരാബാദിലേയ്ക്കു പോയി. ഗൃഹാതുര സ്മരണകൾ തികട്ടി വന്നപ്പോള്‍ മുടങ്ങിപ്പോയ ചിത്രങ്ങളെയും കവിതകളെയും തട്ടിയുണർത്തി. ഒരു നാൾ ഹൈദരാബാദിൽ, മുസി നദിയുടെ തെക്കേ കരയിലുള്ള സലാർ ജംഗ് മ്യൂസിയത്തിലുള്ള ആർട്ട് ഗാലറിയിലെ ചിത്രങ്ങൾ എന്നെ വല്ലാതെ സ്വാധീനിച്ചു. തിരികെപ്പോരുമ്പോൾ ഒരു തീരുമാനമെടുത്തു. ഒരിക്കൽ ഞാനും കവിതകളിലൂടെ കോറിയിട്ട ഒരു പ്രദര്‍ശനം നടത്തും. പോയംന്റിങ് എന്ന ചിന്ത മനസില്‍ മുള പൊട്ടുകയായിരുന്നു! ഇതിന് ആദ്യം വേണ്ടത് നാട്ടിൽ ഒരു ജോലിയാണ്. കേരളാ സിവിൽ സപ്ലൈസ് വകുപ്പിൽ റേഷനിങ് ഇൻസ്പെക്ടറായി പുതിയ ജോലി ലഭിച്ചു. അർദ്ധരാത്രിയിൽ എല്ലാവരും ഉറങ്ങുമ്പോള്‍ ചിത്രങ്ങങ്ങളുടെയും കവിതകളുടെയും ലോകത്തേക്കു പ്രവേശിക്കും. ഒരു ദിവസം വീട്ടിലെത്തിയ സുഹൃത്തുകളായ ലെനിൻ ബാലകൃഷ്ണനും, രാമകൃഷ്ണനും ചുമരു നിറയെ തൂങ്ങുന്ന വരകൾ നോക്കി പറഞ്ഞു; ”ചിത്രങ്ങൾ നാട്ടുകാരെ കാണിക്കാൻ സമയമായി.” ഇതോടെ തുഞ്ചൻ പറമ്പിൽ പ്രദർശനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
കവിതയും വരയും ഇരട്ടക്കുട്ടികൾ
കവിതയും വരയും വേറിട്ട സൃഷ്ടികളായി കാണാൻ എനിയ്ക്കു കഴിയില്ല. ആദ്യം ആരംഭിച്ചത് ചിത്രരചനയാണെങ്കിലും, എന്റെയുള്ളിൽ ആദ്യം പിറക്കുന്നത് കാവ്യാക്ഷരങ്ങളാണ്. എന്നാൽ, മനസ്സിൽ ഒരു പ്രമേയം പാറിവീണാൽ, ചായക്കൂട്ടുകളാണ് അതിന് ആദ്യം ആകൃതി നൽകുന്നത്. വരയുടെ ഓരോ ഘട്ടത്തിലും, ചിലപ്പോൾ ഓരോ തവണ ബ്രഷ് എടുത്ത് പെയിന്റിങ് ബോർഡിലെ വിഷയത്തിന് രൂപം നൽകുമ്പോഴും, അതിനു സദൃശമായ വരികൾ ഉള്ളിൽ പിറവികൊള്ളുന്നു. പല തവണ മിനുക്കി ചിത്രത്തിന് ചേതനയേകുമ്പോൾ, അതിനൊരു സമാന്തര പ്രക്രിയയെന്നോണം കാവ്യ നിർമ്മിതിയും പുനർനിർമ്മിതിയും ഭേദപ്പെടുത്തലുകളും വരുത്തും. ചാലിച്ച നിറക്കൂട്ടുകൾ മുന്നിലെത്തുന്ന കാവ്യ ഭാവനകൾക്ക് ഉടനെ ആകാരം നൽകുകയും ചെയ്യുന്നു. പടം വരച്ചു തീർന്നയുടനെ വരികൾ കടലാസ്സിൽ രേഖപ്പെടുത്തും. ആദ്യം വീണുകിട്ടുന്നത് കവിതയാണോ, അതോ ചിത്രമാണോയെന്ന ചോദ്യത്തിന് ഉത്തരം നൽകുക പ്രയാസമാണ്. രണ്ടും ഇഴപിരിഞ്ഞു കിടക്കുന്നു!
പ്രഥമ പ്രദർശനം
‘കവിത പൂക്കുന്ന ക്യാൻവാസ് പാടങ്ങൾ’ എന്ന പേരിൽ, ആദ്യ കവിതാചിത്ര പ്രദർശനം തിരൂരിലെ തുഞ്ചൻ പറമ്പിൽ നടന്നു. വിരാമം, കുടജാദ്രി, മിന്നൽ, കറുത്ത പുഴ, വെള്ളം, ഉപ്പ്, വറ്റ്, എട്ട്-ബി, ജാലകം, വിശപ്പ്, മഴ, സ്വപ്നം എന്നിവ ശ്രദ്ധയാകർഷിച്ചു. ‘വിരാമ’ത്തിലെ, ‘മരിച്ചവന്റെ കണ്ണുകൾ നിങ്ങളെന്തിനാണിങ്ങനെ ബലമായി അടച്ചു വെയ്ക്കുന്നത്, ഇനിയുള്ള കാഴ്ച്ചകൾക്ക് കാശീടാക്കാൻ കഴിയാത്തതിനാലോ? ’ എന്ന വരികളും, ‘കുടജാദ്രി‘യിലെ ‘വഴി കാണാത്ത ഇരുട്ട് മുന്നിലുണ്ടല്ലോ, നമുക്കിറങ്ങാം, കൂടെയുള്ളിൽ ശങ്കരവെളിച്ചമുണ്ടല്ലോ!’ എന്ന വരികളും തുഞ്ചൻ പറമ്പിലെ സന്ദർശകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു. ആദ്യ കവിതാസമാഹാരം ‘മനസ് മറന്നു വയ്ക്കുന്ന ഇടങ്ങൾ’, 2014‑ൽ നോവലിസ്റ്റ് സി രാധാകൃഷ്ണൻ, ഡോ. അനിൽ വള്ളത്തോളിനു നൽകി പ്രകാശനം ചെയ്തിരുന്നു. മറ്റു കവിതകൾ ഉൾക്കൊള്ളിച്ചുള്ള രണ്ടാമത്തെ സമാഹാരം, ‘ഒറ്റവരച്ചിത്രങ്ങൾ’ എന്ന പേരിൽ, 2016‑ൽ പട്ടാമ്പി സംസ്കൃത കോളേജിൽ നടന്ന കവിതയുടെ കാർണിവലിൽ സുനിൽ പി ഇളയിടം, കവി വീരാൻകുട്ടി മാഷിന് നൽകിപ്രകാശനം ചെയ്തു.
മനംതൊട്ട കവിതാചിത്രങ്ങള്‍
മഹാമാരി നമ്മെ തളർത്തുമ്പോൾ, ഒന്നും ചെയ്യാതെ സങ്കടപ്പെട്ടിരിക്കുന്നതിനു പകരം, ശ്വാസമുള്ള ദിനങ്ങളത്രയും വാക്കുകളുടെയും വരകളുടെയും ലോകത്ത് വർണ്ണാഭമായിത്തന്നെ ജീവിക്കാനാകുമെന്ന് തെളിയിക്കുന്നതായിരുന്നു ‘ഒറ്റനിറത്തിൽ ഒരു മാസ്ക് ’ എന്ന കവിത. മീനുകളെക്കുറിച്ചുള്ള മറ്റൊരു കവിത പറയുന്നത്, ഉറങ്ങുമ്പോൾ പോലും കണ്ണടയ്ക്കരുതെന്നു പഠിച്ചിട്ടും മനുഷ്യന്റെ വലയിൽ കുടുങ്ങിപ്പോകുന്നവരത്രെ ആ പാവങ്ങളെന്നാണ്. അതോടൊപ്പം 4X3 അടി വലുപ്പമുള്ള അക്രിലിക് പെയിന്റിങ് കൂടിയാകുമ്പോൾ കവിതയും ചിത്രവും ഒന്നിച്ചതിന്റെ അനിര്‍വചനീയ സൗന്ദര്യം. ‘കുഞ്ഞുങ്ങളില്ലാത്ത തെരുവ്’ (Street without children) എന്ന കവിതയിൽ സങ്കടങ്ങളെല്ലാം കടലാസിൽ കുറിച്ചു വിമാനങ്ങളാക്കി പുറത്തെറിഞ്ഞെങ്കിലും, കുട്ടികളില്ലാത്ത പാതയിൽ അവ ചിറകുമുളയ്ക്കാത്ത കടലാസുകൾ മാത്രമായി നനഞ്ഞു കിടന്നുവെന്നാണ്. എന്നിലെ മുറുക്കത്തിൻ വേദനയാകുന്നു നിന്നിലെ ഈണങ്ങളെല്ലാമെന്നാണ് ‘വയലിൻ’ എന്ന ചിത്രകവിതയുടെ പ്രമേയം. കേരളീയ പ്രാതലായ പുട്ടും പഴവും പപ്പടവും തെളിഞ്ഞു കാണുന്ന ചിത്രത്തോടൊപ്പമുള്ള വരികൾ, ‘അടുപ്പ് മാറി, ആഹാരവും. പക്ഷേ വിശപ്പ് മാത്രം ഇപ്പോഴും പഴയതു തന്നെ‘യെന്നാണ്. ‘ഉൾക്കടൽ’ എന്ന ഓയിൽ കളറിൽ തീർത്ത 5x4 പെയിന്റിങ്ങിനോടൊപ്പമുള്ള കവിത ചോദിക്കുന്നത്, ‘എന്റെയും നിന്റെയും ഉള്ളിൽ ഒരു കടൽ ഒളിച്ചിരിപ്പുണ്ട്, അല്ലെങ്കിൽ എങ്ങനെയാണ് ഓരോ അണുവിലും ഉപ്പു ചുവയ്ക്കുന്നത്’ എന്നാണ്. ‘കടൽ കണ്ട പെൺകുട്ടി’ (Girl who saw the sea-waves) എന്ന ചിത്രകവിത തുടങ്ങുന്നത്, ‘കടലപ്പോൾ അവളുടെ കാലിൽ ഒരു കൊലുസ് തീർക്കുകയായിരുന്നു. അവളപ്പോൾ കണ്ണീരിൽ ഒരു കടൽ ചാലിയ്ക്കുകയായിരുന്നു‘വെന്നാണ്. കോവിഡ് ബാധിതനായി ക്വാറന്റീനിൽ കഴിഞ്ഞ കാലത്തു വരച്ച ‘The masked homes’, ‘Isms at the time of Corona’, ‘The Corona kiss’, ‘Lent emotions’, ‘At the ICU’, ‘Waiting for prey’, ‘Unknown Depths’ മുതലായ ചിത്രങ്ങളും അവയ്ക്കൊത്ത കവിതകളും പ്രദർശനത്തിനുണ്ടായിരുന്നു. അക്രിലികും ഓയിലും ഉപയോഗിച്ചു ക്യാൻവാസിലാണ് മുഴുവൻ ചിത്രങ്ങളും വരച്ചിരിക്കുന്നത്.
കുടുംബം
മലപ്പുറം ജില്ലയിൽ തിരൂരിനടുത്തുള്ള ആലത്തിയൂർ ഗ്രാമത്തിലാണ് ജനിച്ചുവളർന്നത്. ദാമോദരനും ശാന്തയുമാണ് അച്ഛനമ്മമാർ. ഞാൻ അവരുടെ രണ്ടാമത്തെ മകൻ. സിവിൽ സപ്ലൈസിൽ ജോലി ചെയ്തുകൊണ്ടിരിയ്ക്കുമ്പോൽ തന്നെ പ്രൈവറ്റായി പഠിച്ച് ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. എൻജിനീയറിങും സാഹിത്യവുമൊക്കെ പഠിച്ചെങ്കിലും, ചിത്രരചന ഔപചാരികമായി അഭ്യസിക്കാൻ കഴിഞ്ഞില്ല. പൊന്നാനി സപ്ലൈകോ ഡിപ്പോയിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. പുറത്തൂർ ജിയുപി സ്കൂളിൽ അദ്ധ്യാപികയാണ് ഭാര്യ രമ്യ. മക്കൾ വരദും, വൻഷിക വേദയും മംഗലം ഗ്രാമത്തിലുള്ള വള്ളത്തോൾ എയുപി സ്കൂളിലെ വിദ്യാർത്ഥികളാണ്.