Site icon Janayugom Online

വരവര റാവുവിന്റെ ജാമ്യവ്യവസ്ഥകള്‍ കഠിന തടവിന് തുല്യം

ഭീമ കൊറേഗാവ് കേസില്‍ വരവര റാവുവിന്റെ ജാമ്യവ്യവസ്ഥകള്‍ കഠിന തടവിന് തുല്യം. അനുമതിയില്ലാതെ മുംബൈ വിടരുത്, മാധ്യമങ്ങളെ കാണരുത് തുടങ്ങി 14 കര്‍ശന നിബന്ധനകളോടെയാണ് മുംബൈ പ്രത്യേക കോടതി 84 കാരനായ വരവര റാവുവിന് സ്ഥിരം ജാമ്യം അനുവദിച്ചിരിക്കുന്നത്. ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന 16 പേരില്‍ ഒരാളാണ് വരവരറാവു. 2018 ഓഗസ്റ്റ് 28നാണ് ഹൈദരാബാദിലെ വീട്ടില്‍ നിന്ന് റാവുവിനെ അറസ്റ്റ് ചെയ്തത്. ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് പത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രായാധിക്യവും പാര്‍ക്കിന്‍സണ്‍, ഹെര്‍ണിയ രോഗങ്ങളും ചൂണ്ടിക്കാണിച്ച് അദ്ദേഹം സ്ഥിരജാമ്യത്തിന് അപേക്ഷിക്കുകയായിരുന്നു. 

ജാമ്യം അനുവദിച്ചെങ്കിലും ജാമ്യവ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ സുപ്രീം കോടതി മുംബൈ പ്രത്യേക കോടതിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ജസ്റ്റിസ് രാജേഷ് കത്താരിയയാണ് ജാമ്യ നിബന്ധനകള്‍ പ്രഖ്യാപിച്ചത്. ഓരോ രണ്ടാഴ്ചയിലും വാട്സ്ആപ്പ് വീഡിയോ കോളിലൂടെ ഹാജര്‍ രേഖപ്പെടുത്തണം. മൂന്നുമാസം കൂടുമ്പോള്‍ പൊലീസ് സ്റ്റേഷനിലും ഹാജരാകണമെന്ന് നിബന്ധനയില്‍ പറയുന്നു. താമസിക്കുന്ന വീടിന്റെ വിലാസത്തിനൊപ്പം മൂന്ന് ബന്ധുക്കളുടെ ഫോണ്‍ നമ്പരും കോടതിയില്‍ നല്‍കണം. കേസിലെ മറ്റ് പ്രതികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനും വിലക്കുണ്ട്. 

Eng­lish Summary:Varavara Rao’s bail con­di­tions amount to rig­or­ous imprisonment
You may also like this video

Exit mobile version