Site iconSite icon Janayugom Online

വരിനെൽ ഭീഷണിയിൽ കോൾ മേഖലയ്ക്ക് നിലതെറ്റുന്നു

മുപ്പതിനായിരം ഏക്കറോളം വരുന്ന തൃശൂർ കോൾ മേഖലയിലെ നെൽകൃഷിക്ക് വൻ ഭീഷണിയായി വരിനെല്ല്. ഇതു നിയന്ത്രിക്കാൻ കളനാശിനികൾ കൊണ്ട് സാധ്യമല്ല. പണ്ടും വരിനെല്ല് ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ പോലെ വ്യാപകമല്ലായിരുന്നു.
കൃഷിക്കാരന്റെ നിലനിൽപ്പിനെ അപകടപ്പെടുത്തുന്ന സ്ഥിതിയിലേക്കാണ് വരിനെല്ലിന്റെ ഇന്നത്തെ വളർച്ചയെന്ന് പാടശേഖര സമിതികൾ വ്യക്തമാക്കുന്നു. ഇക്കാണുന്ന തരത്തിൽ കോൾ മേഖലയെ വരിനെൽ ബാധിക്കാൻ തുടങ്ങിയിട്ട് 15 വർഷത്തോളമേ ആകുന്നുള്ളൂ. കർഷകന്റെ നെല്ലിന് കൃത്യമായ വില ലഭിക്കാത്തതും സിവിൽ സപ്ലൈസ് കോർപറേഷൻ കരാറുകാർ വഴി എടുത്ത നെല്ലിന്റെ വില വൈകുന്നതുമെല്ലാം പ്രതിസന്ധികൾ വർധിപ്പിക്കുമ്പോഴും വരിനെല്ലിനെ പാടങ്ങളിൽ നിന്നും അകറ്റി കർഷകനെ രക്ഷിക്കാനുള്ള പദ്ധതികൾ ഫലവത്തല്ലെന്നാണ് പാടശേഖരസമിതികൾ പറയുന്നത്. വരിനെല്ലിന്റെ ആക്രമണം മൂലം പലയിടത്തും കൊയ്യാൻപോലും കഴിയാത്ത സാഹചര്യമുണ്ട്.
കാഴ്ചയിൽ നെല്ല് തന്നെയാണെങ്കിലും യഥാർത്ഥ നെല്ലിനെ നശിപ്പിക്കുകയും കൃഷിക്കാരനെ നഷ്ടത്തിലാക്കുകയും ചെയ്യുന്ന വരിനെല്ല്, നെല്ല് വിളയുന്നതിനു മുമ്പ് നെൽക്കതിരിൽ ചാഞ്ഞു വീഴുന്നതോടെ കർഷകന്റെ നിലനിൽപ്പു തന്നെ അപകടത്തിലാകുകയാണ്. വിത്ത് ലഭിക്കുമ്പോൾ ഇവയെ തിരിച്ചറിയാൻ കഴിയില്ല. വളർന്നുവരുമ്പോൾ മാത്രമാണ് വരിനെല്ല് തിരിച്ചറിയപ്പെടുന്നത്. അതു കൊണ്ടുതന്നെ ഒഴിവാക്കാൻ വിത്തു നൽകുന്ന ഏജൻസികൾക്കോ സ്വീകരിക്കുന്ന പാടശേഖര സമിതികൾക്കോ കഴിയാറില്ല. ജില്ലയിലെ കോൾമേഖലയിൽ 5 ഏക്കർ മുതൽ 2,000 ഏക്കർവരെയുള്ള 127 പാടശേഖരങ്ങളുണ്ട്. ഇതിൽ ഏറ്റവും വലുത് രണ്ടായിരം ഏക്കറോളം വരുന്ന അന്തിക്കാട് പാടശേഖര സമിതിയാണ്.
വരിനെല്ലിന്റെ വ്യാപനം വലിയ പ്രതിസന്ധിയാണ് കോൾ മേഖലയിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കാർഷിക സർവകലാശാലയിലെ ഗവേഷണ വിദഗ്ധർ അടിയന്തരമായി ഇതിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കർഷകർ പലരും നെൽകൃഷിയിൽ നിന്നും പിന്തിരിയുമെന്ന് പാടശേഖരസമിതികൾ പറയുന്നു. ഇപ്പോൾ തന്നെ 60 ശതമാനം പേർ പാട്ടത്തിനെടുത്ത പാടങ്ങളിലാണ് കൃഷിയിറക്കുന്നത്. വെള്ളം കെട്ടിനിർത്തി വരിനെല്ലിനെ ‘മുക്കിക്കൊല്ലുന്ന’ ചില രീതികൾ ഇപ്പോഴും ചിലയിടങ്ങളിൽ അവലംബിക്കാറുണ്ട്.
വിത്തുകൾ കർഷകർക്ക് വിതരണം ചെയ്യുന്നത് നാഷണൽ സീഡ് കോർപറേഷൻ ആണ്. വിത്തിന്റെ വിതരണ സമയത്ത് വരിനെല്ലിനെ തിരിച്ചറിഞ്ഞ് ഒഴിവാക്കുന്ന സംവിധാനം നിലവിൽ വന്നാൽ മാത്രമെ കർഷകനെ ഈ ഭീഷണിയിൽ നിന്നും രക്ഷിക്കാനാകൂ. നിരവധി സവിശേഷതകളുള്ള തണ്ണീർതടങ്ങളാണ് കോൾ മേഖല. ഭൂഗർഭ ജലസംഭരണികളായ കോൾ പാടങ്ങൾ വർഷത്തിൽ പകുതി കാലം വെള്ളം നിറഞ്ഞുകിടക്കും. വിദേശങ്ങളിൽ നിന്നുമെത്തുന്ന അപൂർവയിനം ദേശാടന പക്ഷികളുടെ വിഹാര കേന്ദ്രം എന്ന നിലയിലും കോൾ മേഖല ശ്രദ്ധേയമാണ്.

eng­lish summary;Varinel threat­ens the Kohl region

you may also like this video;

Exit mobile version