Site iconSite icon Janayugom Online

അണക്കെട്ടുകൾ കേന്ദ്രീകരിച്ച് വിവിധ ടൂറിസം പദ്ധതികൾ

സംസ്ഥാനത്ത് ജലവിഭവ വകുപ്പിന്റെ മേൽനോട്ടത്തിലുള്ള അണക്കെട്ടുകൾ കേന്ദ്രീകരിച്ച് വിവിധ ടൂറിസം പദ്ധതികൾ ആരംഭിക്കാൻ പദ്ധതി. ഇതുസംബന്ധിച്ച് മന്ത്രി റോഷി അഗസ്റ്റിൻ ചീഫ് എഞ്ചിനീയർക്ക് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് പദ്ധതികൾ നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ ആരംഭിച്ചു.
മലങ്കര ഉൾപ്പടെയുള്ള ജലവിഭവ വകുപ്പിന്റെ വിവിധ അണക്കെട്ടുകളിൽ വിവിധതരത്തിലുള്ള ടൂറിസം പദ്ധതികൾ സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതിനായി ഇറിഗേഷൻ ടൂറിസം പദ്ധതികൾക്കുള്ള ഭാവനാ പൂർണമായ പ്രൊപ്പോസലുകൾ സമർപ്പിക്കും. ഓരോ അണക്കെട്ടുകൾ കേന്ദ്രീകരിച്ച് അനുയോജ്യമായ രീതിയിൽ എന്തൊക്കെ ടൂറിസം പദ്ധതികൾ നടപ്പിലാക്കാൻ കഴിയും എന്നത് സംബന്ധിച്ച് 20 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ചീഫ് എഞ്ചിനീയർ നിർദ്ദേശം നൽകി.
ഇടുക്കിയിൽ മലങ്കരയിൽ വാട്ടർ തീം പാർക്ക്, ജില്ലാ പഞ്ചായത്ത് വിട്ടു നൽകുന്ന ഭൂമിയിൽ ഇറിഗേഷൻ മ്യൂസിയം, എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ടിൽ ബോട്ടാണിക്കൽ പദ്ധതികളുടെ സാധ്യതകളും പരിഗണിക്കും. മലങ്കരയിൽ വാട്ടർ തീം പാർക്കിന് ആവശ്യമായ ഭൂമിയുടെ ലഭ്യത കണക്കിലെടുത്ത് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു. കുടയത്തൂർ വയനക്കാവ് കേന്ദ്രീകരിച്ചാകും വാട്ടർ തീം പാർക്ക് വിഭാവനം ചെയ്യുകയെന്ന് ജലവിഭവ വകുപ്പ് അധികൃതർ പറഞ്ഞു. അനുയോജ്യമെങ്കിൽ സർക്കാർ — സ്വകാര്യ പങ്കാളിത്ത മാതൃകകളും( പിപിപി) പരിഗണിക്കും.
അണക്കെട്ടുകൾ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികൾ യാഥാർഥ്യമായാൽ സംസ്ഥാനത്ത് പ്രാദേശികമായിട്ടുള്ള ടൂറിസം വികസനത്തിന് കളമൊരുങ്ങുമെന്നാണ് പ്രതീക്ഷ. കൂടാതെ അനേകം ആളുകൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും കഴിയും.

Eng­lish sum­ma­ry; Var­i­ous tourism projects cen­tered around dams

you may also like this video;

Exit mobile version