Site iconSite icon Janayugom Online

വർക്കല ട്രെയിൻ അതിക്രമം; അക്രമിയെ കീഴ്പ്പെടുത്തിയ ചുവന്ന ഷര്‍ട്ടുകാരനെ തേടി പൊലീസ്, സാക്ഷിയുടെ ചിത്രം പുറത്ത്

തിരുവനന്തപുരം വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട പ്രതി സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയയാളുടെ ചിത്രം പുറത്തുവിട്ട് റെയിൽവേ പൊലീസ്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങളിലാണ് റെയിൽവേ പൊലീസ്. ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയെ രക്ഷിച്ചതും ഇയാളാണ്.
അക്രമിയെ ട്രെയിനിൽ വെച്ച് കീഴടക്കിയ ഇയാള്‍ കേസിലെ സുപ്രധാന സാക്ഷി കൂടിയാണ്. സാക്ഷിയെ തേടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടെയാണ് ഇയാളുടെ ചിത്രം പുറത്തുവിട്ടത്. മാതൃകാപരമായ ഇടപെടൽ നടത്തിയ ഇയാളെ കണ്ടെത്തി ആദരിക്കാനും പാരിതോഷികം നൽകാനും ആലോചനയുണ്ട്.

ചുവന്ന ഷര്‍ട്ടു ധരിച്ചയാളാണ് ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ ട്രെയിനിൽ നിന്ന് വീഴാതെ രക്ഷിച്ചത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിൽ അറിയിക്കാനാണ് നിര്‍ദേശം. കഴിഞ്ഞദിവസം ട്രെയിനിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽ നിന്നാണ് അടിയന്തര ഇടപെടൽ നടത്തിയ വ്യക്തിയെ കണ്ടെത്തിയത്. പ്രതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുന്നതും സിസിടിവിയിൽ കാണാം. നിലവില്‍ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യസ്ഥിതിയും മാറ്റമില്ലാതെ തുടരുകയാണ്. 

Exit mobile version